ഗസ്സ: ഇസ്രായേൽ ജയിലിൽ 555 ദിവസത്തിലേറെയായി തടങ്കലിൽ കഴിയുന്ന ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബു സഫിയയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി മകൻ ഡോ. ഇല്യാസ് അബു സഫിയ രംഗത്തെത്തി.
ഏകാന്ത തടവ് മാറ്റത്തിന് പിന്നാലെ, പിതാവ് ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന് ഇല്യാസ് വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി. ജൂലൈ രണ്ടിന് അഭിഭാഷകൻ നാസർ ഒദേ സന്ദർശിച്ചപ്പോൾ പിതാവിന്റെ അവസ്ഥ അതീവ ദയനീയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.‘പിതാവിന് ശ്വസിക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ല. മുഖം പരിക്കുകൾ കൊണ്ട് വികൃതമായിരിക്കുന്നു. ജയിലിൽ അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളുടെയും രക്തസാക്ഷ്യങ്ങളുടെയും ദൃഷ്ടാന്തമാണിത്’ -ഇല്യാസ് പറഞ്ഞു.
ഡോ. അബു സഫിയയുടെ ആരോഗ്യനിലയെക്കുറിച്ച് ‘ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേൽ’ അതീവ ആശങ്കയാണ് പങ്കുവെക്കുന്നത്. ഇസ്രായേലിലെ നിത്സാൻ ജയിലിലെ റാകെഫെറ്റ് വിഭാഗത്തിലേക്ക് മാറ്റിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായത്.
അഭിഭാഷകൻ സന്ദർശിച്ചപ്പോൾ കൈകാലുകൾ ബന്ധിതനായും മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥരുടെ വലയത്തിലുമാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. തലയിലും കഴുത്തിലും കണ്ണുകൾക്ക് ചുറ്റും പുതിയ മുറിവുകളും ചതവുകളും ഉള്ളതിനാൽ അദ്ദേഹത്തെ തിരിച്ചറിയാൻ പോലും അഭിഭാഷകൻ പ്രയാസപ്പെട്ടു. ബോധം മറഞ്ഞുപോകുന്ന അവസ്ഥയിലും ശ്വാസതടസ്സം നേരിടുന്ന രീതിയിലുമാണ് അദ്ദേഹം കാണപ്പെട്ടതെന്ന് സംഘടന വ്യക്തമാക്കി.
താൻ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായി അഭിഭാഷകനോട് പറഞ്ഞത് ഈ യുദ്ധകാലത്തെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സാക്ഷ്യങ്ങളിലൊന്നാണെന്ന് ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ തടവുകാരുടെ വിഭാഗം ഡയറക്ടർ നാജി അബ്ബാസ് പറഞ്ഞു.
2024 ഡിസംബർ 27നാണ് ഇസ്രായേൽ സൈന്യം ഡോ. ഹുസ്സാം അബു സഫിയയെ കമാൽ അദ്വാൻ ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഗസ്സയിലെ ആരോഗ്യമേഖലക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായായിരുന്നു ഈ നടപടി. നേരത്തെ, ഇതേ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകൻ ഇബ്രാഹിം കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേൽ അധികൃതർ അദ്ദേഹത്തിനെതിരെ ഇതുവരെ ഔദ്യോഗിക കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വിചാരണ കൂടാതെ തടങ്കലിൽ വെക്കാൻ ഇസ്രായേൽ ഉപയോഗിക്കുന്ന ‘നിയമവിരുദ്ധ പോരാളി’ എന്ന മുദ്ര കുത്തിയാണ് അദ്ദേഹത്തെ അടച്ചിട്ടിരിക്കുന്നത്. നിലവിൽ ഇസ്രായേൽ തടവിലാക്കിയ 14 ഫലസ്തീൻ ഡോക്ടർമാരിൽ ഒരാളാണ് ഇദ്ദേഹം. തന്റെ പിതാവിനെ മോചിപ്പിക്കുന്നതിൽ അറബ്-മുസ്‍ലിം നേതാക്കൾ കാണിക്കുന്ന മൗനം ഒരർഥത്തിൽ ഈ പീഡനങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന് മകൻ ഇല്യാസ് ആരോപിച്ചു. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും മാർച്ച് മാസത്തിൽ ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.