വംശഹത്യയുടെ ആയിരം നാളുകൾ; ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് 73,074 ജീവനുകൾ...

ഗസ്സയിലെ ഇസ്രായേൽ കുരുതി ആയിരം ദിനങ്ങൾ പിന്നിട്ടിരിക്കുന്നു. കിഴക്കൻ ജറൂസലം ഉൾപ്പെടെ ഇസ്രായേലിന്റെ അധിനിവേശത്തിലുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച യു.എൻ കമീഷന്റെ കണ്ടെത്തൽ പ്രകാരം, 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ സേനയുടെ ക്രൂരമായ ശാരീരിക-മാനസിക അതിക്രമങ്ങൾ കാരണം ഗസ്സയിൽ ചുരുങ്ങിയത് 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരനായ ജസ്റ്റിസ് ശ്രീനിവാസൻ മുരളീധരന്റെ നേതൃത്വത്തിലുള്ള യു.എൻ കമീഷൻ തയാറാക്കിയ പഠന റിപ്പോർട്ടിന്റെ വിശകലനം.

കൊന്നൊടുക്കപ്പെടുന്ന ഫലസ്തീൻ ബാല്യം

അമ്മയുടെ മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന പത്തുദിവസം മാത്രം പ്രായമുള്ള കുഞ്ഞ്. ക്വാഡ്കോപ്ടർ ഡ്രോണിന്റെ തെർമൽ കാമറകൾ പ്രവർത്തിപ്പിച്ചിരുന്ന സൈനികന് കൂടാരത്തിനുള്ളിൽ ഇരിക്കുന്നത് ഒരു അമ്മയും കുഞ്ഞുമാണെന്ന് തത്സമയം വളരെ വ്യക്തമായി കാണാം. കൃത്യമായ കണക്കുകൂട്ടലുകളോടെ ആ കുഞ്ഞിനെ മാത്രം ലക്ഷ്യം വെച്ച് ഡ്രോൺ വെടിയുതിർത്തു. അമ്മക്ക് ഒരുവിധ പരിക്കുകളും ഏൽപിക്കാതെ വെടിയുണ്ട ആ കുഞ്ഞിന്റെ തല തുളച്ച് പുറത്തെത്തി. ഇത് ഹോളിവുഡ് സിനിമയിലെ യുദ്ധരംഗമല്ല. എഴുത്തുകാരന്റെ ഭാവനയുമല്ല. 2024 ഏപ്രിൽ 12ന് ഗസ്സയിൽ സംഭവിച്ചതാണ്. ഫലസ്തീനിലെ വരുംതലമുറയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേലി സൈന്യം മനഃപൂർവം നടപ്പിലാക്കിയ വംശഹത്യാതന്ത്രത്തിന്റെ തെളിവായാണ് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമീഷൻ ഇക്കഴിഞ്ഞ ജൂൺ 18ന് പുറത്തുവിട്ട റിപ്പോർട്ട് ഈ സംഭവത്തെ എടുത്തുപറയുന്നത്.

മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ഈ ക്രൂരതയുടെ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത് പ്രമുഖ ഇന്ത്യൻ നിയമവിദഗ്ധനും മുൻ ഹൈകോടതി ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ശ്രീനിവാസൻ മുരളീധരന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മനുഷ്യാവകാശ സംരക്ഷണത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് ശ്രീനിവാസൻ മുരളീധരൻ. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിൽ ഡൽഹി, പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ ജഡ്ജിയായും ഒറീസ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ സ്വവർഗരതി ക്രിമിനൽ കുറ്റമല്ലാതാക്കിയ വിധി പുറപ്പെടുവിച്ചതും, 1984ലെ സിഖ് വിരുദ്ധ കലാപം, 1987ലെ ഹാഷിംപുര കൂട്ടക്കൊല എന്നീ കേസുകളിൽ ശക്തരായ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കിയതും അദ്ദേഹമാണ്. 2020ൽ ഡൽഹി വംശീയ കലാപ കേസിൽ പൊലീസിന്റെയും ഭരണകൂടത്തിന്റെയും വീഴ്ചകളെ കടുത്ത ഭാഷയിൽ വിമർശിച്ചതിന് തൊട്ടുപിന്നാലെ, അർധരാത്രിയിൽ അദ്ദേഹത്തെ സ്ഥലംമാറ്റിയ കേന്ദ്ര സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

കിഴക്കൻ ജറൂസലം ഉൾപ്പെടെ ഇസ്രായേലിന്റെ അധിനിവേശത്തിലുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച യു.എൻ കമീഷന്റെ കണ്ടെത്തൽ പ്രകാരം, 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ സേനയുടെ ക്രൂരമായ ശാരീരിക-മാനസിക അതിക്രമങ്ങൾ കാരണം ഗസ്സയിൽ ചുരുങ്ങിയത് 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ഭരണകൂടം ദൗത്യത്തോട് സഹകരിക്കാതിരുന്നിട്ടും, ജോർഡനിലും ജനീവയിലും ക്യാമ്പ് ചെയ്ത് ഇരകളുടെ മൊഴികൾ, ഡിജിറ്റൽ യുദ്ധോപകരണങ്ങളുടെ സാങ്കേതിക വിവരങ്ങൾ, സാറ്റലൈറ്റ് ദൃശ്യങ്ങൾ, അടിയന്തര ഫോറൻസിക് തെളിവുകൾ എന്നിവ അതിജാഗ്രതയോടെ വിശകലനം ചെയ്താണ് കമീഷൻ ഈ പഠനം തയാറാക്കിയത്. 2025 ഒക്ടോബറിലെ കണക്കനുസരിച്ച്, ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം അവിടത്തെ ആകെയുള്ള 12 ലക്ഷം (1.2 മില്യൺ) കുട്ടികളുടെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനത്തോളം വരും. ഈ കാലയളവിൽ അഞ്ച് വയസ്സിൽ താഴെയുള്ള 5,031 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്; ഇതിൽ 1,029 കുട്ടികൾ ഒരു വയസ്സിൽ താഴെ പ്രായമുള്ളവരും, ഏതാണ്ട് 420 പേർ നവജാതശിശുക്കളുമായിരുന്നു. ഗസ്സയിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത കുട്ടികളുടെ ശരിയായ എണ്ണം നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ കൂടുതലാണെന്ന് അന്വേഷണ കമീഷൻ നിരീക്ഷിക്കുന്നു. ഏതാണ്ട് 5,160 കുട്ടികളെങ്കിലും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ പെട്ടുപോയിട്ടുണ്ടാകാം എന്നാണ് ‘സേവ് ദ ചിൽഡ്രൻ’ (Save the Children) സംഘടന കണക്കാക്കുന്നത്. 2023 അവസാനത്തോടെ ആയിരത്തിലധികം കുട്ടികൾക്ക് അനസ്തേഷ്യ പോലുമില്ലാതെ കൈകാലുകൾ മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയകൾക്ക് (amputations) വിധേയരാകേണ്ടിവന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വംശഹത്യയുടെ നിർവചനം

അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ ഉടമ്പടികളുടെയും പശ്ചാത്തലത്തിൽ വംശഹത്യ (Genocide) യുടെ നിർവചനം ഒരു ജനസമൂഹത്തെ ഒന്നിച്ച് കൂട്ടക്കൊല ചെയ്യുന്നതിൽ മാത്രം പരിമിതപ്പെടുന്നില്ല. ഒരു ജനതയുടെ ജൈവികമായ തുടർച്ചയെയും (Biological continuity) ഭാവി തലമുറകളുടെ നിലനിൽപിനെയും ആസൂത്രിതമായി തടസ്സപ്പെടുത്തുന്നതും വംശഹത്യയുടെ പരിധിയിൽ വരുന്നതാണെന്ന് അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമാക്കുന്നുണ്ട്. 88 പേജുകളുള്ള യു.എൻ റിപ്പോർട്ട് ഫലസ്തീനിലെ നവജാതശിശുക്കൾക്കും കുട്ടികൾക്കുംനേരെ നടക്കുന്ന ഇത്തരം ആസൂത്രിത വംശഹത്യാ തന്ത്രങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനരേഖയാണ്. ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ജനന നിരക്ക് തടസ്സപ്പെടുത്തുകയോ കുറക്കുകയോ ചെയ്യുക എന്നത് അന്താരാഷ്ട്ര നിയമപ്രകാരം വംശഹത്യയുടെ നിർവചനത്തിൽ പെടുന്ന പ്രധാന കാര്യമാണ്. ഗസ്സയിൽ ഇസ്രായേൽ ഭരണകൂടം ഇതിനായി മൂന്ന് പ്രധാന തന്ത്രങ്ങളാണ് സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് മുരളീധരന്റെ റിപ്പോർട്ട് വിശകലനം ചെയ്യുന്നു:

ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ തകർക്കലാണ് ഒന്നാമത്തേത്. പ്രസവാശുപത്രികൾ, നവജാതശിശു പരിചരണ കേന്ദ്രങ്ങൾ, കുട്ടികളുടെ പ്രത്യേക ക്ലിനിക്കുകൾ എന്നിവക്കുനേരെ ആസൂത്രിതമായ ബോംബാക്രമണങ്ങൾ നടത്തിക്കൊണ്ട് ശിശുമരണ നിരക്ക് കുത്തനെ ഉയർത്താൻ സൈന്യം ശ്രമിക്കുന്നു. രണ്ടാമതായി ജീവൻരക്ഷാ ഉപാധികൾ നിഷേധിക്കുന്നു. നവജാത ശിശുക്കൾ കിടക്കുന്ന ഇൻക്യുബേറ്ററുകൾക്കുള്ള വൈദ്യുതി, മെഡിക്കൽ ഓക്സിജൻ, ഇന്ധനം എന്നിവ പലതവണ ഇസ്രായേൽ സൈന്യം തടസ്സപ്പെടുത്തുകയും ഇത് കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണമാകുകയും ചെയ്തു. മൂന്നാമത്തേത്, കരുതിക്കൂട്ടിയുള്ള പട്ടിണിക്കിടലാണ്. കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടി, ശുദ്ധജലം, അവശ്യ സാധനങ്ങൾ എന്നിവ ഗസ്സയിലേക്ക് പ്രവേശിക്കുന്നത് കർശനമായ ഉപരോധങ്ങളിലൂടെ തടഞ്ഞുവെച്ച് അഞ്ചുവയസ്സിൽ താഴെയുള്ള പതിനായിരക്കണക്കിന് കുട്ടികളെ കടുത്ത പോഷകാഹാരക്കുറവിലേക്കും പട്ടിണി മരണങ്ങളിലേക്കും തള്ളിവിടുന്നു.

ജൂലൈയിൽ ഗസ്സയിലെ വംശഹത്യ ആയിരം നാളുകൾ പിന്നിടുകയാണ്. ഇക്കാലമത്രയും ലോകത്തിന് കാണാനായി തങ്ങളനുഭവിച്ച ക്രൂരതകൾ ഫലസ്തീനികൾ ലൈവ്സ്ട്രീം ചെയ്തു. എന്നാൽ, പലപ്പോഴും യുദ്ധക്കുറ്റങ്ങൾ ചെയ്യുന്ന ഇസ്രായേലി സൈനികർ തന്നെ അത് ആഘോഷപൂർവം ലോകത്തിനുമുന്നിൽ പങ്കുവെക്കുന്നത് പതിവാണ്. തങ്ങൾക്കെതിരെ ഒരുവിധ നിയമനടപടികളുമുണ്ടാകില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കണം. അക്കൂട്ടത്തിൽ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ നശിപ്പിക്കുന്നതിന്റെയും അവയെ പരിഹസിക്കുന്നതിന്റെയും വിഡിയോകളുണ്ടെന്ന് കമീഷൻ എടുത്തുപറയുന്നുണ്ട്. ഗസ്സയിലെ വിവിധ ആശുപത്രികളിൽ പ്രവർത്തിച്ച 17 ഡോക്ടർമാരുടെ മൊഴികളാണ് കമീഷൻ രേഖപ്പെടുത്തിയത്.

വെടിനിർത്തിയാലും വംശഹത്യ തുടരും

2025 ഒക്ടോബറിൽ നിലവിൽ വന്ന ഔദ്യോഗിക വെടിനിർത്തലിനുശേഷം മാത്രം 265 കുട്ടികളെ ഇസ്രായേലി സൈന്യം കൊന്നതായി യുനിസെഫ് വക്താവ് ജെയിംസ് എൽഡർ പറയുന്നു. വെടിനിർത്തലിനുശേഷം ഇസ്രായേൽ സൈന്യം സ്ഥാപിച്ച പുതിയ സുരക്ഷാ അതിർത്തിയാണ് ‘മഞ്ഞരേഖ’ (Yellow Line). കൃത്യമായ അടയാളങ്ങളില്ലാത്ത ഈ അതിർത്തി അബദ്ധത്തിൽ മറികടക്കുന്ന കുട്ടികളെപ്പോലും ദയയില്ലാതെ വെടിവെച്ചുകൊല്ലാൻ സ്നൈപ്പർ തോക്കുകൾ ഉപയോഗിക്കുന്ന ഒരു രീതി സൈന്യം തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തെ നടുക്കിയ ആറുവയസ്സുകാരിയായ ഹിന്ദ് റജബിന്റെ ദാരുണമായ കൊലപാതകമുൾപ്പെടെ കുഞ്ഞുങ്ങളെ വേട്ടയാടുന്നതിന് നിരവധി ഉദാഹരണങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഗസ്സയിലെ കൂട്ടക്കുരുതികൾക്ക് സമാന്തരമായിത്തന്നെ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലമിലും ഫലസ്തീൻ കുട്ടികൾ നേരിടുന്ന അതിരൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങളെയും യു.എൻ കമീഷൻ റിപ്പോർട്ട് ഗൗരവത്തോടെ രേഖപ്പെടുത്തുന്നുണ്ട്.

വെസ്റ്റ് ബാങ്കിൽ മാത്രം ഈ കാലയളവിൽ 213 കുട്ടികൾ കൊല്ലപ്പെട്ടു. ഇതിനുപുറമെ കൗമാരക്കാരായ കുട്ടികളെ ഒരുവിധ കുറ്റപത്രവുമില്ലാതെ അനിശ്ചിതകാലത്തേക്ക് തടങ്കലിൽ വെക്കുന്ന രീതിയും വ്യാപകമാണ്. നിലവിൽ ഇസ്രായേലിന്റെ തടവിലുള്ള ഫലസ്തീൻ കുട്ടികളിൽ 51ശതമാനം പേരും ഇത്തരത്തിലുള്ള ‘അഡ്മിനിസ്ട്രേറ്റിവ് തടങ്കലിലാണ്’. ഒക്ടോബർ ഏഴിനുശേഷം വെസ്റ്റ് ബാങ്കിൽ കുട്ടികൾ കൊല്ലപ്പെടുന്നത് 1967ലെ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് ഈ യു.എൻ കണ്ടെത്തലുകളെ സാധൂകരിച്ചുകൊണ്ട് പ്രശസ്ത ഇസ്രായേലി മനുഷ്യാവകാശ സംഘടനയായ ‘ബെത്സലെം’ (B’Tselem) പുറത്തുവിട്ട സ്വതന്ത്ര അന്വേഷണ റിപ്പോർട്ടും വ്യക്തമാക്കുന്നു. ഒരുവിധ ആയുധങ്ങളോ പ്രകോപനങ്ങളോ ഇല്ലാതിരുന്നിട്ടും കുട്ടികളെ സൈന്യം സ്നൈപ്പർ തോക്കുകളും ഡ്രോണുകളും ഉപയോഗിച്ച് വധിച്ചതായും, പരിക്കേറ്റ കുട്ടികൾക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നത് ബോധപൂർവം തടഞ്ഞതായും ‘ബെത്സലെം’ ചൂണ്ടിക്കാണിക്കുന്നു

തടങ്കലിലെ കുരുന്നുകൾ

ഇതിനെല്ലാം പുറമെ, തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ നേരിടുന്ന ലൈംഗികവും ലിംഗാധിഷ്ഠിതവുമായ അതിക്രമങ്ങളെക്കുറിച്ചും യു.എൻ റിപ്പോർട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിടുന്നു. കസ്റ്റഡിയിലുള്ള കുട്ടികളെ ഭീഷണിപ്പെടുത്തുക, ബലപ്രയോഗത്തിലൂടെ പരസ്യമായി നഗ്നരാക്കുക, കടുത്ത ശാരീരിക പീഡനങ്ങൾക്കും അപമാനങ്ങൾക്കും ഇരയാക്കുക തുടങ്ങിയ അതിക്രൂരമായ ലൈംഗിക ചൂഷണ രീതികൾ ഇസ്രായേൽ സൈന്യം ആസൂത്രിതമായി നടപ്പിലാക്കുന്നുണ്ടെന്ന് കമീഷൻ വ്യക്തമാക്കുന്നു. ഈ അധിനിവേശ തന്ത്രങ്ങൾ ഫലസ്തീൻ കുട്ടികളുടെ ശരീരത്തെ മാത്രമല്ല, അവരുടെ മാനസികാവസ്ഥയെയും പൂർണമായി തകർത്തിരിക്കുന്നു. സ്കൂളുകളും അനാഥാലയങ്ങളും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടുത്തുകയും അനാഥരാക്കപ്പെട്ട കുരുന്നുകളുടെ സുരക്ഷ ഇല്ലാതാക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെ മരണം,അഭയകേന്ദ്രങ്ങളുടെ അഭാവം, നിരന്തരമായ ബോംബാക്രമണങ്ങൾ എന്നിവ ഫലസ്തീനിലെ മുഴുവൻ തലമുറയെയും അധിനിവേശം മൂലമുള്ള ഗുരുതരമായ മാനസികാവസ്ഥയിലേക്ക് (Occupied Psyche) തള്ളിവിട്ടതായി യു.എൻ റിപ്പോർട്ട് അടിവരയിടുന്നു. കുട്ടികളിലെ സർഗാത്മകതയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും ഇത് പൂർണമായി ഇല്ലാതാക്കുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഇസ്രായേലി സൈന്യം നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും (IHL) ജനീവ കൺവെൻഷന്റെയും നഗ്നമായ ലംഘനമാണെന്ന് കമീഷൻ വിലയിരുത്തുന്നു.

കുഞ്ഞുങ്ങൾക്കെതിരെ നടന്ന എല്ലാ കുറ്റകൃത്യങ്ങളും അക്കമിട്ട് നിരത്തിയിട്ടും, അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യത്വത്തെയും വെല്ലുവിളിച്ചുകൊണ്ട് ഇസ്രായേലി സൈന്യം അക്രമങ്ങൾ തുടരുകയാണ്. ഇതെല്ലാം നിസ്സംഗതയോടെ നോക്കിനിൽക്കുന്നു എന്നത് ലോകത്തിന്റെ മനഃസാക്ഷിയെത്തന്നെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ‘‘ഒരു സമൂഹം തങ്ങളുടെ കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതിനേക്കാൾ വ്യക്തമായി ആ സമൂഹത്തിന്റെ ആത്മാവിനെ വെളിപ്പെടുത്തുന്ന മറ്റൊന്നുമില്ല’’ എന്നാണല്ലോ നെൽസൺ മണ്ടേല പറഞ്ഞത്.

Tags:    
News Summary - A Thousand Days of Genocide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-28 02:02 GMT