കറാച്ചി ഷോപ്പിങ് സമുച്ചയത്തിൽ തീപിടിത്തം: 72 പേർ മരിച്ച സംഭവത്തിൽ 11 വയസ്സുകാരനെ പ്രതിയാക്കി പാകിസ്താൻ പൊലിസ് കുറ്റപത്രം സമർപ്പിച്ചു

കറാച്ചി: പാകിസ്താനിലെ കറാച്ചിയിലെ ഗുൽ പ്ലാസ ഷോപ്പിംഗ് സമുച്ചയത്തിൽ ജനുവരിയിൽ ഉണ്ടായ വൻ അഗ്നിബാധയിൽ 72 പേർ മരിച്ച സംഭവത്തിൽ 11 വയസ്സുകാരനെ പ്രതിയാക്കി പാകിസ്താൻ പൊലിസ് കുറ്റപത്രം സമർപ്പിച്ചു. പാകിസ്താനിലെ ഏറ്റവും വലിയ വാണിജ്യ കെട്ടിട അഗ്നിബാധകളിലൊന്നായാണ് ഈ സംഭവം കണക്കാക്കപ്പെടുന്നത്.

ജനുവരി 17-നാണ് കറാച്ചിയിലെ എം.എ. ജിന്നാ റോഡിലുള്ള ഗുൽ പ്ലാസയിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ 72 പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും 1,153 കടകൾ കത്തിനശിക്കുകയും ചെയ്തു. തീ പൂർണമായും അണക്കാൻ അഗ്നിശമനസേനക്കും രക്ഷാപ്രവർത്തകർക്കും ഏകദേശം ഒരാഴ്ച വേണ്ടിവന്നു. 11 വയസ്സുകാരനായ ഹുസൈഫ, പിതാവ് നൈമത്തുള്ള, ഗുൽ പ്ലാസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ തൻവീർ പാസ്ത, അമർ ഇസ്മായിൽ, മുഹമ്മദ് റമദാൻ, മുഹമ്മദ് അമീൻ എന്നിവരും കേസിൽ പ്രതികളാണ്.

ശനിയാഴ്ച കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, പിതാവിന്റെ കൃത്രിമ പൂക്കളുടെ കട അദ്ദേഹം ഇല്ലാത്ത സമയത്ത് നോക്കിനടത്തുകയായിരുന്ന 11 വയസ്സുകാരൻ ഹുസൈഫ തീപ്പെട്ടിക്കൊളളികളുമായി കളിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. കുറ്റപത്രത്തിൽ പേരുള്ള മറ്റ് പ്രതികൾക്കൊപ്പം ആൺകുട്ടിയും വിചാരണ നേരിടുമെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു. സംഭവത്തിന് ശേഷം ആറു പ്രതികളും ഒളിവിലാണെന്നാണ് റിപ്പോർട്ട്.

കുറ്റപത്രമനുസരിച്ച്, തീപ്പെട്ടിക്കൊളളികളുമായി കളിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മൊഴി നൽകിയത്. കെട്ടിടത്തിൽ ആവശ്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും പുറത്തേക്കുള്ള വഴികൾ പൂട്ടിയ നിലയിലോ തടസ്സപ്പെട്ട നിലയിലോ ആയിരുന്നുവെന്നും മതിയായ അഗ്നിശമന ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നും ഫയർ ഹൈഡ്രന്റ് സംവിധാനമോ അടിയന്തര ലൈറ്റിംഗ് സംവിധാനമോ സ്ഥാപിച്ചിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് കെട്ടിടം മുഴുവൻ ഇരുട്ടിലായതും തീ അതിവേഗം പടർന്നുപിടിച്ചതും ഈ സുരക്ഷാവീഴ്ചകൾ ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തി. തീപിടിത്തമുണ്ടായ ഉടൻ അഗ്നിശമനസേനയെയോ രക്ഷാസേനയെയോ അറിയിക്കുന്നതിലും മാനേജ്മെന്റ് കമ്മിറ്റി വീഴ്ച വരുത്തിയതായി കുറ്റപത്രം ആരോപിക്കുന്നു.

ഹുസൈഫിനെതിരായ കേസ് പാകിസ്താനിലെ പ്രായപൂർത്തിയാകാത്തവർക്കുള്ള നിയമപ്രകാരമുളള ജുവനൈൽ കോടതിയിലാണ് പരിഗണിക്കുക. മറ്റ് പ്രതികൾക്കെതിരെ അശ്രദ്ധ മൂലമുള്ള തീപിടിത്തം, നരഹത്യ, അശ്രദ്ധ മൂലമുള്ള പരിക്കേൽപ്പിക്കൽ, സ്വത്ത് നശിപ്പിക്കൽ, പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Karachi shopping mall fire: Pakistan police file chargesheet naming 11-year-old boy as accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.