ദുബൈ: 416 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി നാല് യു.എ.ഇ സഹായ സംഘങ്ങൾ ഗസ്സയിലെത്തി. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനും അവരുടെ അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള യു.എ.ഇയുടെ നിരന്തരമായ മാനുഷിക ശ്രമങ്ങളുടെ ഭാഗമായി, 'ഓപറേഷൻ ഷിവൽറസ് നൈറ്റ് 3'ക്ക് കീഴിലാണ് ഈ ആഴ്ച നാല് യു.എ.ഇ മാനുഷിക സഹായ സംഘങ്ങൾ ഗസ്സ മുനമ്പിൽ പ്രവേശിച്ചത്. ഭക്ഷണപ്പൊതികളും അഭയകേന്ദ്രങ്ങൾക്കായുള്ള സാമഗ്രികളും ഉൾപ്പെടെ 416 ടൺ ദുരിതാശ്വാസ സാമഗ്രികൾ അടങ്ങിയ 47 ട്രക്കുകളാണ് ഈ സംഘങ്ങളിലുണ്ടായിരുന്നത്.
ഗസ്സ മുനമ്പിനുള്ളിൽ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗുണഭോക്താക്കൾക്ക് സഹായം തുടർച്ചയായി എത്തിക്കുന്നതിനും സംയോജിത പ്രവർത്തന സംവിധാനത്തിന് കീഴിലാണ് ഈ സഹായ സംഘങ്ങൾ രൂപീകരിച്ചത്.
ദുരിതാശ്വാസ സാമഗ്രികൾ വേഗത്തിൽ തയാറാക്കുന്നതിനും തരംതിരിക്കുന്നതിനും അയക്കുന്നതിനും ഇത് ഏറെ സഹായകമാവുന്നു. യു.എ.ഇ മാനുഷിക സഹായ സംഘത്തിന്റെ മേൽനോട്ടത്തിൽ അൽ അരിഷിലെ യു.എ.ഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്റർ വഴിയാണ് ഈ വാഹനവ്യൂഹങ്ങൾ തയാറാക്കി അയച്ചത്.
ഫലസ്തീൻ ജനതക്ക് ആവശ്യമായ സാധനങ്ങൾ നൽകുന്നതിനും അവരുടെ ദുരിതം ലഘൂകരിക്കുന്നതിനുമായി 'ഓപറേഷൻ ഷിവൽറസ് നൈറ്റ് 3' ന് കീഴിൽ യുഎഇ നടത്തിവരുന്ന നിരന്തരമായ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സഹായ സംഘങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.