‘കൊല്ലാം, ആദർശങ്ങളെ ഇല്ലാതാക്കാനാവില്ല, നിങ്ങളുടച്ച കുപ്പിയിലെ സുഗന്ധം ഇവിടെയാകെ പരന്നിരിക്കുന്നു’ -ട്രംപിന് ചുട്ട മറുപടി നൽകി ഇറാൻ

തെഹ്റാൻ:  ഇറാൻ നേതൃത്വത്തെ മുഴുവൻ 'ഒറ്റയടിക്ക്' വധിക്കാമായിരുന്നുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇറാൻ. തനതായ സംസ്കാരമോ ചരിത്രമോ അന്തസ്സുപോലും ഇല്ലാത്ത രാജ്യമാണ് അമേരിക്കയെന്ന് ഇറാൻ തുറന്നടിച്ചു. അർമേനിയയിലെ ഇറാൻ എംബസിയുടെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇറാൻ ചുട്ട മറുപടി നൽകിയത്.

‘‘മനുഷ്യരെ കൊല്ലാം, പക്ഷേ ഞങ്ങളുടെ ആദർശങ്ങളെ കൊല്ലാനാകില്ല. നിങ്ങൾ ഞങ്ങളുടെ നേതാവിനെ കൊലപ്പെടുത്തി. എന്നാൽ യഥാർഥത്തിൽ നിങ്ങൾ ചെയ്തത് ഒരു അത്തർ കുപ്പി ഉടയ്ക്കുകയാണ് ചെയ്തത്, അതിന്റെ സുഗന്ധം ഇപ്പോൾ എല്ലായിടത്തും പടർന്നിരിക്കുന്നു. സംസ്കാരമോ ചരിത്രമോ അന്തസ്സോ ഇല്ലാത്ത നിങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല’’ -എന്നാണ് ഇറാൻ എംബസി പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

ഖാംനഈയുടെ സംസ്കാരച്ചടങ്ങിൽ ഇറാൻ നേതൃത്വം ഒത്തുകൂടിയിരുന്നുവെന്നും ഒറ്റയടിക്ക് അവരെയെല്ലാം ഇല്ലാതാക്കാമായിരുന്നുവെന്നും, ഇത്രയധികം ആളുകൾ 'വ്യാജക്കണ്ണീർ' ഒഴുക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും എന്നായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. അതിന് മറുപടിയായാണ് ഇറാന്റെ ഈ പ്രതികരണം.

ഖാംനഈയുടെ വിലാപയാത്രയും അനുസ്മരണ ചടങ്ങുകളും തലസ്ഥാനമായ തെഹ്റാനിൽ തുടരുന്നതിനിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്. ശനിയാഴ്ച ആരംഭിച്ച വിലാപ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രമുഖ ഇറാൻ നേതാക്കളും ആഗോള രാഷ്ട്രീയ പ്രതിനിധികളും ഞായറാഴ്ച പൊതുവേദിയിൽ ഒത്തുകൂടിയിരുന്നു. ഫെബ്രുവരി 28ന് ഇറാനുമേൽ നടത്തിയ യു.എസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടത്. 

Tags:    
News Summary - 'You can kill people, but you can't kill ideals'; Iran gives a fiery response to Trump's one-shot remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.