ന്യൂഡൽഹി: സിന്ധുനദിയിൽ ഇന്ത്യ ഡാം നിർമിക്കാൻ കാത്തിരിക്കുകയാണെന്ന് പാകിസ്താൻ സൈനികമേധാവി അസിം മുനീർ. കഴിഞ്ഞ ദിവസം നടത്തിയ യു.എസ് സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിന്ധുനദി ഇന്ത്യയുടെ കുടുംബ സ്വത്തല്ല. ദൈവം സഹായിച്ച് ഞങ്ങൾക്ക് മിസൈൽ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഭീഷണി ഉയർന്നാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നും അസീം മുനീർ വ്യക്തമാക്കി. ദ പ്രിന്റ് ദിനപത്രമാണ് അസീം മുനീറിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് നിന്നാവും പാകിസ്താൻ ആക്രമണം തുടങ്ങുക. അവിടെയാണ് ഏറ്റവും വിലകൂടിയ സമ്പത്തുകൾ ഉള്ളത്. അവിടെ നിന്നും പടിഞ്ഞാറൻ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും അസീം മുനീർ പറഞ്ഞു.
രണ്ട് മാസത്തിനിടെ ഇത് രണ്ടാം യു.എസ് സന്ദർശനമാണ് പാകിസ്താൻ സൈനികമേധാവി നടത്തുന്നത്. ജൂണിൽ യു.എസിലെത്തിയ ആസിം മുനീർ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ പാക് സൈനിക മേധാവിയുമായി ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ -പാകിസ്താൻ സംഘർഷം ലഘൂകരിക്കുന്നതിൽ ആസിം മുനീറിന്‍റെ ഇടപെടൽ നിർണായകമായെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പ്രത്യുപകാരമെന്നോണം ട്രംപിനെ നൊബേലിന് ശുപാർശ ചെയ്യുന്നതായി പാകിസ്താൻ പ്രഖ്യാപിച്ചു. ഇന്ത്യ -പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവർത്തിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.