വടക്കന്‍ മരിയാന ദ്വീപിൽ ചുഴലിക്കാറ്റിൽ തകർന്ന മരം
വാഷിങ്ടൺ: ഗുവാമിന് സമീപമുള്ള പസഫിക് സമുദ്രത്തിലെ യു.എസ് അധീന പ്രദേശങ്ങളിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചതായി റിപ്പോർട്ട്. കാറ്റിലും കനത്ത മഴയിലും വടക്കൻ മരിയാന ദ്വീപുകളിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ബാവി ചുഴലിക്കാറ്റ് റോറ്റ ദ്വീപിന് മുകളിലൂടെ കടന്നുപോയത്. മണിക്കൂറിൽ 241 കി.മീ വേഗതയിലുള്ള കാറ്റാണ് ഇവിടെ വീശിയതെന്നാണ് വിവരം. അതേ സമയം മണിക്കൂറിൽ14 കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ ഫിലിപ്പീൻസിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് എൻ.ഡബ്ല്യു.എസ് അറിയിച്ചു.
കാറ്റ് വീശിയടിക്കാന്‍ ആരംഭിച്ചപ്പോൾതന്നെ റോറ്റയിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ എൻ.ഡബ്ല്യു.എസ് സമൂഹമാധ‍്യമങ്ങളിലൂടെ നിർദേശിച്ചിരുന്നു. അതിശക്തമായ കാറ്റിൽ നിന്ന് രക്ഷപ്പെടാൻ ഉടൻ തന്നെ വീടിനുള്ളിലെ സുരക്ഷിതമായ മുറിയിലേക്കോ ഷെൽട്ടറുകളിലേക്കോ മാറണമെന്നായിരുന്നു നിർദേശം. യു.എസിന്‍റെ ഭാഗങ്ങളായ വടക്കൻ മരിയാന ദ്വീപുകളിലെ മറ്റ് മേഖലകളെയും ഗുവാമിനെയും ചുഴലിക്കാറ്റ് ബാധിച്ചു. കഴിഞ്ഞ ഏപ്രിലിൽ വീശിയടിച്ച 'സിൻലാക്കു' എന്ന ശക്തമായ ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് മേഖല കരകയറിക്കൊണ്ടിരിക്കുകയാണ്. വടക്കൻ മരിയാനയിലും ഗുവാമിലുമായി ഏകദേശം 2,10,000 ആളുകളാണ് താമസിക്കുന്നത്.
ചുഴലിക്കാറ്റിൽ വടക്കൻ മരിയാനയിലെ തെക്കേ അറ്റത്തുള്ള റോറ്റയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. എന്നാൽ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് വ്യക്തമല്ല. റോറ്റയ്ക്ക് പുറമെ ഗുവാം, ടിനിയൻ, സായ്പാൻ എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിനും മിന്നൽപ്രളയത്തിനും സാധ‍്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് ദ്വീപുകളിൽ ഉഷ്ണക്കാറ്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുറഞ്ഞത് 51 സെ.മി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സിൻലാക്കുവിനേക്കാൾ വേഗത്തിലാണ് ബാവി കടന്നുപോകുന്നതെങ്കിലും തിങ്കളാഴ്ച രാത്രി വരെ ഈ ദ്വീപുകളിൽ കൊടുങ്കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് എൻ.ഡബ്ല്യു.എസ് വ്യക്തമാക്കി. ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അല്ലെങ്കിൽ സുരക്ഷിത താവളങ്ങളിലേക്ക് മാറണമെന്നും ഗുവാം ഗവർണർ ലൂ ലിയോൺ ഗെറെറോ ഞായറാഴ്ച സമൂഹമാധ‍്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.