പാസ്റ്റർ ജിൻ മിൻഗ്രി
വാഷിങ്ടൺ: ചൈനയിലെ ഭൂഗർഭ ക്രൈസ്തവ സഭയുടെ നേതാവും സിയോൺ ചർച്ചിന്റെ സ്ഥാപകനുമായ പാസ്റ്റർ ജിൻ മിൻഗ്രി ജയിൽ മോചിതനായി. ചൈനീസ് അധികൃതർ ജയിലിലടച്ച ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ എത്തിച്ചേർന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ടാണ് ഇദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയതെന്നത് ശ്രദ്ധേയമാണ്.
ചൈനയിൽ ഒക്ടോബറിൽ നടന്ന വ്യാപകമായ റെയ്ഡുകളെ തുടർന്നാണ് സിയോൺ ചർച്ച് സ്ഥാപകനായ ജിൻ മിൻഗ്രിയെ അധികൃതർ ജയിലിലടച്ചത്. ആധുനിക ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത മതപരമായ അടിച്ചമർത്തലുകളിൽ ഒന്നായാണ് ക്രൈസ്തവ സംഘടനകൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ചൈനീസ് സർക്കാർ മതപരമായ കാര്യങ്ങളെ കർശനമായി നിയന്ത്രിക്കുന്ന രാജ്യമാണ്.
ജിൻ മിൻഗ്രിയുടെ തടവ് വിഷയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിനോട് ഉന്നയിച്ചിരുന്നു. മെയ് മാസത്തിൽ ബെയ്ജിങ്ങിൽ നടന്ന കൂടിക്കാഴ്ചക്കിടെ പാസ്റ്ററെ മോചിപ്പിക്കുന്നത് ശക്തമായി പരിഗണിക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഉറപ്പുനൽകിയതായി ട്രംപ് അന്ന് പറഞ്ഞിരുന്നു.
പാസ്റ്റർ ജിൻ മിൻഗ്രിയുടെ മോചനം ഒരു അത്ഭുതമാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചത്. പ്രസിഡന്റ് ട്രംപിനും ഭരണകൂടത്തിനും നന്ദി രേഖപ്പെടുത്തിയ കുടുംബം, ഷീ ജിൻപിങ്ങിന്റെ നേരിട്ടുള്ള ഇടപെടൽ കൂടാതെ ഇത് സാധ്യമാകില്ലെന്നും അഭിപ്രായപ്പെട്ടു. ചൈനയിലെ വിശ്വാസികൾക്ക് ഇതൊരു നല്ല സൂചനയായിരിക്കുമെന്ന് അവർ പ്രത്യാശിക്കുന്നു.
2007ൽ വെറും 20 പേരുമായി തുടങ്ങിയ സിയോൺ ചർച്ച് പിന്നീട് ചൈനയിലെ ഏറ്റവും വലിയ രജിസ്റ്റർ ചെയ്യപ്പെടാത്ത സഭകളിൽ ഒന്നായി വളർന്നു. 40 നഗരങ്ങളിലായി ഏകദേശം 10,000 ആളുകൾ ഇതിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ, ബീജിങ്ങിലെ തങ്ങളുടെ കെട്ടിടങ്ങളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കണമെന്ന സർക്കാർ നിർദേശം നിരസിച്ചതിനെത്തുടർന്ന് 2018ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സഭയെ ഔദ്യോഗികമായി നിരോധിച്ചു. ഇതിനുശേഷം പല ശാഖകളും അടച്ചുപൂട്ടുകയും അന്വേഷണങ്ങൾ നേരിടുകയും ചെയ്തു.
ചൈനഎയ്ഡ് എന്ന മനുഷ്യാവകാശ സംഘടന പാസ്റ്റർ ജിൻ മിൻഗ്രിയുടെ അമേരിക്കയിലെ വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും എണ്ണമറ്റ മതപ്രവർത്തകർ ചൈനയിൽ ജയിലുകളിൽ കഴിയുന്നുണ്ടെന്നും, സിയോൺ ചർച്ചിന്റെ ഭാഗമായ എട്ടുപേർ ഇപ്പോഴും തടവിലാണെന്നും സംഘടനയുടെ സ്ഥാപകൻ ബോബ് ഫു ഓർമിപ്പിച്ചു. ചൈനയിൽ സർക്കാർ അംഗീകൃത സഭകളിൽ മാത്രം ചേരാനാണ് ക്രൈസ്തവർക്ക് കാലങ്ങളായി ലഭിക്കുന്ന നിർദേശം.
സർക്കാർ അംഗീകൃത പാസ്റ്റർമാർ നയിക്കുന്ന ഈ സഭകൾ പാർട്ടി ലൈൻ പിന്തുടരുന്നവയാണ്. ഒക്ടോബറിലെ റെയ്ഡുകളിൽ മാത്രം 30 സഭാ നേതാക്കളെ തടവിലാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജനുവരിയിൽ മറ്റൊരു സഭക്കെതിരെ നടന്ന റെയ്ഡിൽ ഒൻപത് പേരും തടവിലായി. ജിൻ മിൻഗ്രിയുടെ മോചനം അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ ചർച്ചയായിട്ടുണ്ട്. ചൈനയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ സംഭവം പുതിയ വഴിത്തിരിവ് നൽകുമെന്ന് നിരീക്ഷകർ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.