ഹമാസ്

ഗസ്സ ഭരണമൊഴിഞ്ഞ് ഹമാസ്; ഗവൺമെന്റൽ കമ്മിറ്റി പിരിച്ചുവിട്ടു

ഗസ്സ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഗസ്സയിൽ ഭരണ നേതൃത്വം വഹിച്ചിരുന്ന ഹമാസിന്റെ ഗവൺമെന്റൽ എമർജൻസി കമ്മിറ്റി പിരിച്ചുവിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളും 'വംശഹത്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുദ്ധവും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിർണ്ണായക രാഷ്ട്രീയ തീരുമാനത്തിലേക്ക് ഹമാസ് എത്തിയിരിക്കുന്നത്. ഇനി മുതൽ ഗസ്സയുടെ ഭരണം സാങ്കേതിക വിദഗ്ധർ അടങ്ങുന്ന 'നാഷണൽ കമ്മിറ്റി ഫോർ ദ അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സ' ഏറ്റെടുക്കും.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം 2007 മുതൽ ഗസ്സയിൽ ഭരണം നിയന്ത്രിച്ചിരുന്നത് ഹമാസായിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിന് ശേഷം, ഭരണപരമായ ചുമതലകളിൽ നിന്ന് പിന്മാറാൻ തങ്ങൾ തയാറാണെന്ന് ഹമാസ് പലതവണ വ്യക്തമാക്കിയിരുന്നു.

ഗവൺമെന്റൽ എമർജൻസി കമ്മിറ്റിയുടെ തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതായി ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാർ ഓഫിസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത സ്ഥിരീകരിച്ചു. 2025 ഒക്ടോബറിൽ ട്രംപ് മുൻകൈയെടുത്ത് രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' ആണ് ഈ ഭരണമാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.

ഇസ്രായേലിന്റെ അധിനിവേശത്തിന് നൽകുന്ന എല്ലാ ഒഴികഴിവുകളും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹമാസ് വക്താവ് ഹാസം ഖാസിം പറഞ്ഞു. ‘ഇതൊരു വംശഹത്യയുദ്ധമാണ്. നമ്മുടെ ജനങ്ങൾക്കെതിരായ ഈ ആക്രമണങ്ങൾക്ക് തടയിടാൻ ഗസ്സയുടെ ഭരണച്ചുമതലയിൽ നിന്ന് ഞങ്ങൾ പിന്മാറുന്നു. പുതിയ കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കാൻ ഹമാസ് പൂർണ പിന്തുണ നൽകും,’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഭരണമാറ്റമുണ്ടായാലും ഗസ്സയിലെ സുരക്ഷാ സംവിധാനത്തിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സുരക്ഷാ ശൂന്യത ഒഴിവാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ജീവനക്കാരും നിലവിലെ ജോലികളിൽ തുടരുമെന്ന് ഇസ്മായിൽ അൽ-തവാബ്ത അൽ-ജസീറയോട് പറഞ്ഞു.

തകർന്നടിഞ്ഞ ഗസ്സയിലെ ജനങ്ങൾക്ക് സമാധാനപരമായ ഭാവിയിലേക്കുള്ള വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭരണമാറ്റം നടക്കുന്നത്. വംശഹത്യയുടെയും പട്ടിണിയുടെയും കെടുതികൾക്കിടയിൽ ഉഴലുന്ന ഗസ്സയിലെ സാധാരണക്കാർക്ക്, പുതിയ സാങ്കേതിക ഭരണകൂടം നൽകുന്ന ആശ്വാസമെന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇനിയെങ്കിലും തങ്ങളുടെ മുറിവുകൾ ഉണങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ ജനത

Tags:    
News Summary - Hamas dissolves Gaza governing body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.