തെഹ്റാൻ: കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ആലി ഖാംനഈയുടെ മരണാനന്തര ചടങ്ങുകളിൽ ഇന്ത്യ പങ്കെടുത്തതിൽ ഇറാൻ സർക്കാർ നന്ദി രേഖപ്പെടുത്തി. വെസ്റ്റ് ഏഷ്യയിൽ സംഘർഷങ്ങൾക്ക് വഴിതുറന്ന ആ സംഭവത്തിന് ശേഷം നടന്ന ചടങ്ങുകളിൽ ഇന്ത്യയുടെ സാന്നിധ്യം പരസ്പര ബഹുമാനത്തിന്റെയും ആത്മാർത്ഥമായ ഐക്യദാർഢ്യത്തിന്റെയും ശക്തമായ പ്രതീകമാണെന്ന് ഇറാൻ എംബസി അറിയിച്ചു.
കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സൽമാൻ ഖുർഷിദ്, പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി, വിദേശകാര്യ സഹമന്ത്രി പവിത്ര മാർഗരിത, ബീഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈൻ എന്നിവരടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘമാണ് കഴിഞ്ഞയാഴ്ച തെഹ്‌റാനിൽ നടന്ന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇന്ത്യയുടെ ഈ കരുതലിനെ അങ്ങേയറ്റം വിലമതിക്കുന്നതായി ഇറാൻ എംബസി എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെയും മതനേതാക്കളുടെയും സാന്നിധ്യം ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല മാനുഷിക ബന്ധങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. ഖാംനഈയുടെ മരണത്തെ തുടർന്ന് ഏകദേശം ആറ് ദിവസത്തോളം നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ് ഇറാനിൽ നടക്കുന്നത്. ജൂലൈ 9-ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലാണ് ഖബറടക്കം നടക്കുക. നജഫ്, കർബല തുടങ്ങിയ നഗരങ്ങളിലൂടെയും വിലാപയാത്ര കടന്നുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.