ശ്രീലങ്കയിലെ ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 23 പേർ കൊല്ലപ്പെട്ടു, 100ലേറെ പേർക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയിലെ ഒരു ജയിലിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് ഗാർഡുകൾ ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. അഞ്ച് വർഷത്തിനിടെ ശ്രീലങ്കയിൽ നടക്കുന്ന ഏറ്റവും മാരകമായ ജയിൽ കലാപമാണിത്. രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ജയിലിനുള്ളിൽ വെച്ച് ഏറ്റുമുട്ടലുണ്ടായി. രാത്രി മുഴുവൻ നീണ്ടുനിന്ന കലാപത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ചിലർക്ക് വെടിയേറ്റ പരിക്കുകളും ചിലർക്ക് അടിപിടിയിൽ പറ്റിയ മുറിവുകളുമാണ് ഉള്ളത്. ഗുരുതരമായി പരിക്കേറ്റവരിൽ 18 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ അഞ്ചിന് രാത്രിയോടെയാണ് ജയിലിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ജയിലിലെ സംഘർഷത്തിന്‍റെ വാർത്ത അറിഞ്ഞതോടെ തൊട്ടടുത്തുള്ള വനിതാ തടവുകാർ മേൽക്കൂരയിൽ കയറി തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണ് ചില വനിതാ തടവുകാർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.

വെടിയൊച്ച കേട്ട് നിരവധി ആളുകളാണ് ജയിലിനു പുറത്ത് തടിച്ചു കൂടിയത്. ഇതിൽ തടവുകാരുടെ ബന്ധുക്കളുമുണ്ടായിരുന്നു. ഇവർ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കുകയും ചെയ്തു. സംഭവത്തിൽ ശ്രീലങ്കൻ നീതിന്യായ മന്ത്രി ഹർഷണ നാനായക്കര അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ശ്രീലങ്കയിൽ വിവിധ ജയിലുകളിലായി നിലവിൽ 41250 തടവുകാർ കഴിയുന്നുണ്ട്. ഇത് ജയിലുകളുടെ യഥാർഥ ശേഷിയേക്കാൾ കൂടുതലാണ്.

Tags:    
News Summary - Clash between gangs in Sri Lankan prison; 23 killed, over 100 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.