ന്യൂയോർക്ക്: സർക്കാരിനും കമ്പനികൾക്കും എഐ സൃഷ്ടാക്കൾക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധം വേഗത്തിലാണ് എഐ വളരുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാണ്. കുട്ടികൾ പോലും ഇത്തരം എഐ ചാറ്റ്ബോട്ടുകളുമായി വ്യക്തിബന്ധം സ്ഥാപിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക വ്യവസ്ഥകളെ മാറ്റിമറിക്കാനും തൊഴിൽ മേഖല പുനക്രമീകരിക്കാനും തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും സുരക്ഷാ സന്തുലിതാവസ്ഥ തെറ്റിക്കാനും ശേഷിയുള്ള ഒരു സാങ്കേതികവിദ്യയാണ് ഇവിടെ വിന്യസിക്കപ്പെടുന്നത്. ഇത് നിർമ്മിക്കുന്നവർക്ക് പോലും ഇതിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നില്ലെന്ന് ഗുട്ടെറസ് ചൂണ്ടിക്കാട്ടി.
ഇന്നൊവേഷനുകൾക്ക് കൃത്യമായ അതിർവരമ്പുകൾ ആവശ്യമാണെന്നും എങ്കിൽ മാത്രമേ എഐ സുരക്ഷിതമായി ഭരിക്കപ്പെടൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചായിരുന്നു യുഎൻ മേധാവിയുടെ ഏറ്റവും ശക്തമായ മുന്നറിയിപ്പ്. എഐ സംവിധാനങ്ങൾ സുരക്ഷിതമാണോ എന്ന് കൃത്യമായി വിലയിരുത്തുന്നതിന് മുമ്പ് തന്നെ അവ കുട്ടികളിലേക്ക് എത്തിച്ചേർന്നതായി അദ്ദേഹം പറഞ്ഞു.
ഒരു മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടാതെ നമ്മൾ കുട്ടികൾക്ക് നൽകാറില്ല. എല്ലാ കളിപ്പാട്ടങ്ങളും നമ്മൾ പരിശോധിക്കാറുണ്ട്. എന്നാൽ എഐ കുട്ടികളിലേക്ക് എത്തുന്നതിന് മുമ്പ് അത് അവർക്ക് എന്ത് വരുത്തിവെക്കുമെന്ന് ആരും ചിന്തിക്കുന്നില്ല. അവരുടെ പഠനത്തെയും സൗഹൃദങ്ങളെയും ഏറ്റവും സ്വകാര്യമായ ചോദ്യങ്ങളെയും ഇന്ന് എഐ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചില എഐ സംവിധാനങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിച്ചതായും വ്യാജ സൗഹൃദം നടിച്ച് അവരെ വഴിതെറ്റിച്ചതായും റിപ്പോർട്ടുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി മറികടക്കാൻ കമ്പനികൾക്കായി ഒരു എഐ ചൈൽഡ് സേഫ്റ്റി പ്ലെഡ്ജ് അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് തങ്ങളുടെ എഐ സംവിധാനങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് കമ്പനികൾ തെളിയിക്കാൻ നിർബന്ധമാക്കുന്നതാണ് ഇത്.
കുട്ടികൾ ഉൾപ്പെടുന്ന ലൈംഗിക ദൃശ്യങ്ങൾ നിർമ്മിക്കാൻ എഐ ടൂളുകളെ അനുവദിക്കരുത്, എ.ഐ ഉപയോഗിക്കുമ്പോൾ ഒരു കുട്ടി മാനസിക വിഷമം അനുഭവിക്കുന്നതായി സൂചന ലഭിച്ചാൽ, ആ ചാറ്റ് ഉടൻ അവസാനിപ്പിക്കണം, തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.
ആരോഗ്യ സംരക്ഷണം പോലുള്ള മേഖലകളിൽ എഐക്ക് വലിയ സാധ്യതകളുണ്ടെങ്കിലും മനുഷ്യന്റെ മേൽനോട്ടമില്ലാതെ യന്ത്രങ്ങൾ സ്വയം തീരുമാനങ്ങളെടുക്കുന്ന ഒരു ലോകത്തെ നേരിടാൻ നമ്മൾ ഇനിയും സജ്ജരായിട്ടില്ലെന്ന് യുഎൻ ചീഫ് ഓർമ്മിപ്പിച്ചു.
ഇന്റർനെറ്റിന് നൂറു കോടി ജനങ്ങളിലേക്ക് എത്താൻ 15 വർഷം വേണ്ടി വന്നു. എന്നാൽ എഐ വെറും രണ്ട് വർഷം കൊണ്ടാണ് ആ നേട്ടം കൈവരിച്ചതെന്ന് ഗുട്ടെറസ് വ്യക്തമാക്കി. യുഎൻ സമിതി തയ്യാറാക്കിയ എഐയെക്കുറിച്ചുള്ള ആദ്യ ആഗോള സ്വതന്ത്ര ശാസ്ത്രീയ വിലയിരുത്തൽ റിപ്പോർട്ട് യോഗത്തിലായിരുന്നു യുഎൻ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.