പോപ്പ് ഗായികയെക്കുറിച്ച് അശ്ലീല പരാമർശം; മാപ്പ് പറഞ്ഞ് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാൻബറ: പ്രശസ്ത പോപ്പ് ഗായിക കയ്‌ലി മിനോഗിനെക്കുറിച്ച് നടത്തിയ അനുചിതമായ പരാമർശത്തിൽ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പരസ്യമായി മാപ്പ് പറഞ്ഞു. കോമഡി പോഡ്‌കാസ്റ്റായ ‘ബുഷ് ഡീപ്പി’ൽ പങ്കെടുക്കവേയായിരുന്നു പ്രധാനമന്ത്രി വിവാദത്തിൽ പെട്ടത്.

ഹാസ്യനടി നിക്കി ഓസ്‌ബോൺ അവതരിപ്പിച്ച പോഡ്‌കാസ്റ്റ് അഭിമുഖത്തിനിടെയായിരുന്നു സംഭവം. കയ്‌ലി മിനോഗ്, നടി നിക്കോൾ കിഡ്മാൻ, വിനോദതാരം റോണ്ട ബർച്ച്‌മോർ എന്നിവരുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. തുടക്കത്തിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ച അൽബനീസ്, താൻ വിവാഹിതനാണെന്നും ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ഓർമിപ്പിച്ചു. എന്നാൽ, അവതാരക വീണ്ടും നിർബന്ധിച്ചതോടെയുള്ള മറുപടിയിലാണ് പ്രധാനമന്ത്രി വെട്ടിലായത്.

പ്രധാനമന്ത്രിയുടെ അശ്ലീല പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ സ്ത്രീകളെ അപമാനിക്കുന്നതും പ്രധാനമന്ത്രി പദവിക്ക് ചേരാത്തതുമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. സാലി സ്റ്റെഗാൽ എം.പി ഈ പ്രസ്താവനയെ ‘തികച്ചും അനുചിതം’ എന്ന് വിശേഷിപ്പിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാനും സ്ത്രീവിരുദ്ധതയെ തുറന്നുകാട്ടാനും പ്രധാനമന്ത്രി തയ്യാറാകണമായിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാവായ സാറാ ഹെൻഡേഴ്‌സനും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രതിഷേധങ്ങൾ ശക്തമായതോടെ തിങ്കളാഴ്ച പുലർച്ചെ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഒരു വരിയിലുള്ള ഔദ്യോഗിക ഖേദപ്രകടനം പുറത്തുവന്നു. ‘ഈ പരാമർശങ്ങളിൽ ഞാൻ നിരുപാധികം മാപ്പ് ചോദിക്കുന്നു’ - ഇതായിരുന്നു അൽബനീസിന്റെ പ്രതികരണം.

അതേസമയം, പസഫിക് മേഖലയിലുള്ള ഔദ്യോഗിക സന്ദർശനത്തിൽ ആയതിനാൽ അൽബനീസ് ഇപ്പോൾ രാജ്യത്തില്ല. അദ്ദേഹത്തിന് പകരമായി ചുമതലയുള്ള ആക്ടിങ് പ്രധാനമന്ത്രി റിച്ചാർഡ് മാർലെസ് സംഭവത്തിൽ പ്രതികരിച്ചു. തുല്യ ലിംഗനീതിയിൽ അധിഷ്ഠിതമായ മന്ത്രിസഭയാണ് അൽബനീസിന്റേതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Tags:    
News Summary - Australian PM Anthony Albanese apologizes for obscene remark about pop singer Kylie Minogue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.