ഇന്തോനേഷ്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ അകമ്പടി നൽകിയപ്പോൾ

ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ മോദിയുടെ വിമാനത്തിന് എഫ്-16, സുഖോയ്-30 യുദ്ധവിമാനങ്ങളുടെ അകമ്പടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക വിമാനം തിങ്കളാഴ്ച ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ ഇറങ്ങുന്നതിന് മുൻപ് ഇന്തോനേഷ്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങൾ അകമ്പടി നൽകിയത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടുന്നു . എഫ്-16, സുഖോയ്-30 എന്നീ യുദ്ധവിമാനങ്ങളാണ് പ്രധാനമന്ത്രിയുടെ വിമാനത്തിനൊപ്പമെത്തി സുരക്ഷാ എസ്കോർട്ട് ഒരുക്കുകയും ഔദ്യോഗിക സ്വീകരണത്തിന്റെ ഭാഗമായി അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തത്.

മോദിയുടെ വിമാനത്തിന് അകമ്പടി സേവിച്ച അമേരിക്കൻ നിർമിതമായ, ഒറ്റ എൻജിനുള്ള അതിവേഗ യുദ്ധവിമാനമാണ് എഫ്-16. റഷ്യ നിർമിച്ച, രണ്ട് സീറ്റും ഇരട്ട എൻജിനും ഉള്ള ബഹുമുഖ യുദ്ധവിമാനമാണ് സുഖോയ്-30. ശീതയുദ്ധകാലത്ത് അമേരിക്കയുടെ പ്രധാന എതിരാളിയായിരുന്ന സോവിയറ്റ് യൂണിയന്റെ സൈനിക സാങ്കേതികവിദ്യയുടെ പാരമ്പര്യമാണ് ഈ വിമാനത്തിന് ഉള്ളത്. ഇന്ത്യയും സ്വന്തം പ്രതിരോധ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളുടെ നിരവധി സ്ക്വാഡ്രണുകൾ ഇന്ത്യൻ വ്യോമസേനയിൽ ഉപയോഗിക്കുന്നുണ്ട്.

ജക്കാർത്തയിൽ എത്തിയ പ്രധാനമന്ത്രിയെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രസിഡന്റ് നൽകിയ ഈ സ്നേഹപൂർവമായ സ്വീകരണം തന്നെ സ്പർശിച്ചുവെന്ന് മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു. 2018-ൽ ഇന്ത്യയും ഇന്തോനേഷ്യൻ തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തിയതായും ഈ സന്ദർശനം വിവിധ മേഖലകളിലെ സഹകരണം  ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി താനും പ്രസിഡന്റ് പ്രബോവോയും യോഗ്യകാർത്തയിലെ ചരിത്രപ്രസിദ്ധമായ പ്രംബനൻ ക്ഷേത്രസമുച്ചയം സന്ദർശിക്കുമെന്നും, ഇന്തോനേഷ്യയിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്താൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം സമീപകാലത്ത് കൂടുതൽ ശക്തമായിട്ടുണ്ട്. മാർച്ചിൽ ഇന്തോനേഷ്യ ഇന്ത്യയുമായി ബ്രഹ്മോസ് ക്രൂയിസ് മിസൈൽ സംവിധാനം വാങ്ങുന്നതിനായി കരാറിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. 

Tags:    
News Summary - Modi's aircraft escorted by fighter jets in Indonesian airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.