ഖാംനഈയുടെ മയ്യിത്തിനരികെ 'കുഞ്ഞു താബൂത്തും' ഫോട്ടോയും; ഉള്ളംപിടഞ്ഞ് ഇറാൻ ജനത, ആ കുഞ്ഞ് ആരാണ്?

തെഹ്റാൻ: തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല ആലി ഖാംനഈയെ അവസാനമായി ഒരുനോക്ക് കാണാൻ തെഹ്‌റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ലയിലെത്തുന്ന ആയിരക്കണക്കിനു ഇറാനികളുടെ മനസ്സിൽ തീരാനോവ് പടർത്തുകയാണ് ആ കുഞ്ഞു താബൂത്തും(മയ്യത്ത്പെട്ടി) പാൽമണംവിട്ടുമാറാത്ത ആ ഫോട്ടോയും. തങ്ങളുടെ ആത്മീയ-രാഷ്ട്രീയ നായകന്റെ ഭൗതിക ശരീരം അടങ്ങിയ പേടകത്തിന് തൊട്ടുതാഴെയായി ഇറാന്റെ ത്രിവർണ പതാകയിൽ പൊതിഞ്ഞ് കുഞ്ഞു മയ്യിത്ത് കാണേ പലരും വാവിട്ടുകരയുകയാണ്. ജീവിതം എന്താണെന്ന് അറിയുന്നതിനു മുന്നേ ശത്രുക്കളുടെ മിസൈലിൽ കവർന്നെടുത്ത കുഞ്ഞു ജീവന്റെ ദൃശ്യങ്ങളും ഫോട്ടോയും കാണുന്ന ഏവരിലും നൊമ്പരം പടർത്തും. ആരാണ് ഈ കുഞ്ഞ് എന്നല്ലേ?. ഫെബ്രുവരി 28ന് ഇസ്രായേൽ-യു.എസ്. വ്യോമാക്രമണത്തിൽ ഖാംനഈക്കൊപ്പം കൊല്ലപ്പെട്ട 14 മാസം പ്രായമുള്ള ചെറുമകളുടെ മയ്യത്താണ് അത്. സഹ്‌റ മുഹമ്മദി ഗോൾപായേഗാനി. ഈ കുഞ്ഞിനെ കൂടാതെ അന്ന് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് മൂന്ന് അംഗങ്ങളുടെയും മയ്യിത്ത് ഗ്രാൻഡ് മുസല്ലയിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനായി ഗ്രാൻഡ് മുസല്ലയിൽ എത്തിച്ചത്. ഖാംനഈയുടെ മരുമകൻ, മൂത്ത മകൾ, ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഈയുടെ ഭാര്യ എന്നിവർ ഉൾപ്പെടുന്നു. ഖാംനഈക്കൊപ്പം ഇവരുടെ മയ്യിത്തും ഗ്രാൻഡ് മുസല്ലയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ് ഇറാൻ ഭരണകൂടം. ചടങ്ങുകളിലും പ്രാർഥനകളിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് തെഹ്റാനിൽ ഒത്തുകൂടി.

ഇറാന്റെ പതാകയിൽ പൊതിഞ്ഞും മുകളിൽ അദ്ദേഹത്തിന്റെ കറുത്ത തലപ്പാവ് വെച്ചുമാണ് ഖാംനഈയുടെ മയ്യത്ത് കോംപ്ലക്സിലേക്ക് കൊണ്ടുവന്നത്.ആറു ദിവസം നീളുന്ന ചടങ്ങാണ് ഇറാൻ ഒരുക്കിയിരിക്കുന്നത്. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും നഗരങ്ങളിലൂടെ കൊണ്ടുപോകും.ഇറാൻ പതാകയുമായാണ് സ്ത്രീകൾ അടക്കമുള്ളവർ സംസ്കാര ചടങ്ങിലും വിലാപയാത്രയിലും പങ്കെടുക്കുന്നത്.

"അമേരിക്കയ്ക്ക് നാശം", "പ്രതികാരം, പ്രതികാരം" എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി എ.എഫ്.പി. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. "എന്റെ പ്രിയപ്പെട്ട നേതാവ് അലി ഖമനേനിയോട് വിടപറയാൻ ഞാൻ ഇവിടെ എത്തിയിരിക്കുന്നു. ഇങ്ങനെയൊരു ദിവസം കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഈ ദുരന്തത്തിന് മുമ്പ് ഞാൻ മരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു," 27 വയസ്സുള്ള ഒരു ഇറാനി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

Tags:    
News Summary - Khamenei's 14-Month-Old Granddaughter's Coffin Displayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.