തെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഈക്ക് വികാരനിർഭരമായ അന്ത്യാഞ്ജലി. തെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയിൽ ആരംഭിച്ച സംസ്കാരച്ചടങ്ങിൽ ലക്ഷക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ‘അമേരിക്ക തുലയട്ടെ, ഇസ്രായേൽ തുലയട്ടെ. പ്രതികാരം, പ്രതികാരം’ എന്നീ മുദ്രാവാക്യങ്ങൾ കൊണ്ട് ചടങ്ങ് നടക്കുന്ന പരിസരത്ത് പ്രതിഷേധമുയർന്നു. ഇസ്രായേലിനും അമേരിക്കക്കുമെതിരെ സ്ത്രീകളടക്കം വലിയൊരു ജനക്കൂട്ടം പ്രതിഷേധവുമായി ഒത്തുചേരുന്ന ദൃശ്യങ്ങൾ തസ്നീം വാർത്താ ഏജൻസി പുറത്തുവിട്ടു.
പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന പതാകകൾ കൈയിലേന്തിയാണ് വിലാപയാത്രയിൽ പങ്കെടുത്തവർ അണിനിരന്നത്. ആറുദിവസം നീണ്ടുനിൽക്കുന്ന പൊതു സംസ്കാരച്ചടങ്ങുകൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. മെട്രോ സ്റ്റേഷനുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ചടങ്ങിൽ പങ്കെടുക്കാനുള്ള ജനങ്ങളുടെ ഒഴുക്ക് നഗരത്തെ സ്തംഭിപ്പിച്ചു. ലക്ഷക്കണക്കിന് ആളുകൾ ഇതിനകം എത്തിച്ചേർന്നുകഴിഞ്ഞു. വരും ദിവസങ്ങളിലായി കോടിക്കണക്കിന് ആളുകൾ സംസ്കാരച്ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് ഇറാനിയൻ അധികൃതരുടെ കണക്കുകൂട്ടൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കാനെത്തും.
1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖാംനഈ, കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യു.എസ് ഇസ്രായേൽ സംയുക്ത ആക്രമണത്തിലാണ് അന്തരിച്ചത്. 86 വയസ്സായിരുന്നു അദ്ദേഹത്തിന്. തിങ്കളാഴ്ച വരെ തെഹ്‌റാനിൽ പൊതുദർശനത്തിന് വെക്കുന്ന ഭൗതികദേഹം, ചൊവ്വാഴ്ച ഖുമിലേക്കും, ബുധനാഴ്ച ഇറാഖിലെ ബാഗ്ദാദ്, കർബല, നജഫ് എന്നീ നഗരങ്ങളിലേക്കും കൊണ്ടുപോകും. വ്യാഴാഴ്ച മശാദിൽ വെച്ചായിരിക്കും അന്തിമ സംസ്കാരച്ചടങ്ങുകൾ നടക്കുക. രാജ്യത്തുടനീളം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർഥനാ ചടങ്ങുകൾ അത്യന്തം വികാരനിർഭരമായിരുന്നു. ഖാംനഈയുടെ ഭൗതികദേഹത്തിന് മുന്നിൽ പ്രാർഥനയിൽ പങ്കെടുത്ത ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫും വിതുമ്പിയത് വേദിയെയാകെ ഈറനണിയിച്ചു. പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള ഉന്നത ഭരണകൂട പ്രതിനിധികളും സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലികൾ അർപ്പിച്ചു. കറുത്ത വസ്ത്രമണിഞ്ഞ്, നെഞ്ചത്തടിച്ചും നിലവിളിച്ചും തങ്ങളുടെ നേതാവിന് വിട നൽകുന്ന ശിയാ ആചാരപ്രകാരമുള്ള ശവസംസ്കാര ചടങ്ങുകൾ ഇറാനിയൻ ജനതയുടെ തീരാദുഖത്തിന്റെ നേർക്കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.