ഇസ്രാ​േയലിൽ നെതന്യാഹു യുഗം അവസാനിക്കുന്നു​​? പ്രതിപക്ഷ സർക്കാർ നീക്കം വിജയത്തിലേക്ക്​

ടെൽ അവീവ്​: ഇസ്രായേലിൽ ഒരു പതിറ്റാണ്ടിലേറെ നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന്​ അന്ത്യമാകുന്നു. മുൻ പ്രതിരോധ വകുപ്പ്​ മേധാവി നാഫ്​റ്റലി ബെനറ്റ്​ നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന', പ്രതിപക്ഷ​ത്തിന്​ പിന്തുണ പ്രഖ്യാപിച്ചതോടെയാണ്​ നെതന്യാഹുവിന്​ പ്രതീക്ഷകൾക്ക്​ മങ്ങലേറ്റത്​​.

ജൂൺ രണ്ടിനകം സർക്കാർ രൂപവത്​കരിക്കാൻ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡിനെ നേരത്തെ പ്രസിഡന്‍റ്​ ക്ഷണിച്ചിരുന്നു. സഖ്യ സർക്കാർ രൂപവത്​കരിക്കാൻ ആവശ്യമായ വോട്ടു സമാഹരിക്കുന്നതിൽ നേരത്തെ വിജയിക്കു​െമന്ന്​ തോന്നിച്ചിരുന്നുവെങ്കിലും ഗസ്സ ആക്രമണത്തോടെ അറബ്​ കക്ഷി പിൻവാങ്ങിയത്​ തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ്​ ടെലിവിഷൻ പ്രഭാഷണത്തിൽ ലാപിഡിനൊപ്പം സർക്കാറുണ്ടാക്കുമെന്ന്​ ബെനറ്റ്​ പ്രഖ്യാപനം നടത്തിയത്​. ബെനറ്റിന്‍റെ യമീന പാർട്ടിക്ക്​ ആറു സീറ്റുണ്ട്​. അതുകൂടിയായാൽ 120 അംഗ സഭയിൽ ലാപിഡിന്‍റെ യെഷ്​ അതീദ്​ പാർട്ടിക്ക്​ ഭരണം പിടിക്കാം.

കരാർ പ്രകാരം ആദ്യം പ്രധാനമന്ത്രിയായി ബെനറ്റ്​ തന്നെയെത്തും. നിശ്​ചിത കാലയളവു കഴിഞ്ഞാൽ ലാപിഡിന്​ കൈമാറും. ബെനറ്റ്​ നടത്തിയത്​ നൂറ്റാണ്ടിന്‍റെ ചതിയാണെന്ന്​ പ്രധാനമന്ത്രി നെതന്യാഹു കുറ്റ​​െപ്പടുത്തി. ഇസ്രായേലിന്‍റെ സുരക്ഷക്കും ഭാവിക്കും ഈ സഖ്യം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

2019 ഏപ്രിൽ മുതൽ നാലു തെരഞ്ഞെടുപ്പ്​ കണ്ട ​ഇസ്രായേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ, ബെനറ്റ്​ കൂടി എത്തുന്നതോടെ ഐക്യ സർക്കാർ സാക്ഷാത്​കരിക്കപ്പെടും. ഇസ്രായേൽ ആക്രമണം ആരംഭിച്ച തുടക്കത്തിലേ ലാപിഡ്​- ബെനറ്റ്​ ചർച്ചകൾ സജീവമായിരുന്നു.

അതേ സമയം, പ്രതിപക്ഷം രൂപവത്​കരിക്കുന്ന സർക്കാർ മുന്നോട്ടുപോകാൻ അറബ്​ കക്ഷിയുടെ കൂടി പിന്തുണ വേണ്ടിവരും. ബെനറ്റിന്‍റെ പല നയങ്ങളോടും അവർ കടുത്ത പ്രതിഷേധം പുലർത്തുന്നത്​ തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്​. 

Tags:    
News Summary - Netanyahu's grip on power loosens as rival moves to unseat him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.