ജെ.ഡി വാൻസ്

"യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് ചോദിക്കേണ്ടത് അമേരിക്കയോടല്ല, ഇറാനോടാണ്": ജെ.ഡി വാൻസ്

വാഷിങ്ടൺ: ഇസ്രായേലുമായി ചേർന്ന് ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നടപടികൾ എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തമായ സമയപരിധി നൽകാൻ കഴിയില്ലെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നതിനും രാജ്യത്തിനുള്ളിൽ ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമാകുന്നതിനും കാരണമായ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ നിസ്സാരവൽക്കരിക്കാൻ വാൻസ് ശ്രമിച്ചു.

ഇതൊരു സജീവമായ യുദ്ധമാണെന്ന് പറയാൻ പോലും കഴിയില്ലെന്ന വിചിത്രമായ നിലപാടാണ് വാൻസ് വാർത്താസമ്മേളനത്തിൽ സ്വീകരിച്ചത്. 'നിലവിൽ അവിടെ സജീവമായ വെടിവെപ്പുകളൊന്നും നടക്കുന്നില്ല, എന്നാൽ ചിലയിടങ്ങളിൽ സംഘർഷം രൂക്ഷമായിട്ടുണ്ട് എന്ന് ഞാൻ സമ്മതിക്കുന്നു,' വാൻസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമേരിക്കയും ഇറാനും തമ്മിൽ ശക്തമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെങ്കിലും, പ്രധാന സൈനിക നീക്കങ്ങൾ 'ആറ് ആഴ്ചയോളം' മാത്രമേ നീണ്ടുനിന്നുള്ളൂ എന്നും ഇറാന്റെ പ്രതിരോധ നിർമാണ ശേഷി തകർക്കുന്നതിൽ അമേരിക്ക വിജയിച്ചുവെന്നും വാൻസ് അവകാശപ്പെട്ടു.

ഹുർമുസ് കടലിടുക്കിലെ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയ വാൻസ്, 'എപ്പോഴാണ് ഈ യുദ്ധം അവസാനിക്കുക എന്ന് ചോദിച്ചാൽ, ഇറാനികൾ എപ്പോഴാണ് കപ്പലുകൾക്ക് നേരെ വെടിയുതിർക്കുന്നത് നിർത്തുക എന്നാണ് നിങ്ങൾ ചോദിക്കേണ്ടത്. അതിനുള്ള ഉത്തരം എനിക്കറിയില്ല, നിങ്ങൾ അത് ഇറാനികളോട് തന്നെ ചോദിക്കണം,' എന്നും വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഫെബ്രുവരി 28-ന് സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും നടന്നിരുന്ന ഈ ജലപാത അമേരിക്കൻ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ അടച്ചത്.

അതിനിടെ, ഇറാന്റെ തീരദേശ നഗരമായ സിറികിൽ വിവാഹച്ചടങ്ങിന് നേരെ അമേരിക്ക നടത്തിയ മാരകമായ വ്യോമാക്രമണത്തെക്കുറിച്ച് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്ന് വാൻസ് സ്ഥിരീകരിച്ചു. കുട്ടികളടക്കം അഞ്ചുപേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവത്തെക്കുറിച്ചുള്ള ഇറാന്റെ വെളിപ്പെടുത്തലുകളെ സംശയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധത്തിന്റെ ആദ്യദിനം മിനാബിലെ ഒരു പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ടോമഹോക്ക് മിസൈൽ ആക്രമണത്തിൽ കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലും അമേരിക്ക തങ്ങളുടെ ഉത്തരവാദിത്തം നിഷേധിച്ചിരുന്നു.

ഇതിനിടെ യുദ്ധത്തിൽ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ കുടുംബങ്ങൾക്ക് അർഹമായ പൂർണ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും വാൻസ് മറുപടി പറഞ്ഞു. ഇറാനെതിരെ അമേരിക്ക ഇതുവരെ 'ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ല' എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ട വ്യോമസേന മേജർ ജോൺ അലക്സ് ക്ലിന്നറുടെ വിധവ ലിബി ക്ലിന്നർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്ന് വാൻസ് ഉറപ്പുനൽകി. യുദ്ധം ആരംഭിച്ചതിനു ശേഷം ആയിരക്കണക്കിന് ഇറാനികളും 18 അമേരിക്കൻ സൈനികരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്. 

Tags:    
News Summary - US Vice President JD Vance declines to offer timeline for end of

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.