ബംഗ്ലാദേശ് അടക്കി ഭരിച്ച രണ്ട് ഉരുക്കുവനിതകളിൽ ഒരാൾ വിട പറയുമ്പോൾ...

മൂന്നുപതിറ്റാണ്ടിനിടെ ബംഗ്ലാദേശ് രാഷ്ട്രീയം അടക്കി ഭരിച്ചത് രണ്ട് സ്ത്രീകളായിരുന്നു. അതിലൊന്നാണ് ഇന്ന് അന്തരിച്ച ഖാലിദ സിയ. മറ്റൊന്ന് അഞ്ചുതവണ പ്രധാനമന്ത്രിയായ അവാമി ലീഗ് നേതാവ് ശൈഖ് ഹസീനയും. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഹസീനയുടെ സർക്കാർ നിലംപതിച്ചു. അന്നുമുതൽ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ് ​ഹസീന.

ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച വനിതയാണ് ഖാലിദ സിയ. ഒരു ദശാബ്ദത്തിന്റെ ഇടവേളയിൽ രണ്ട് തവണ അവർ പ്രധാനമന്ത്രിക്കസേരയിലിരുന്ന് അധികാരക്കാലയളവ് പൂർത്തിയാക്കി. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയുമായിരുന്നു അത്. ബംഗ്ലാദേശ് നഷനലിസ്റ്റ് പാർട്ടിയുടെ ചെയർപേഴ്സണായിരുന്നു ഖാലിദ സിയ. ബംഗ്ലാദേശിൽ പ്രസിഡൻഷ്യൽ ഭരണസമ്പ്രദായത്തിന് അന്ത്യം കുറിച്ചത് ഖാലിദ സിയയാണ്. 1991ൽ കൊണ്ടുവന്ന ഒരു ഹിതപരിശോധനയിലൂടെയായിരുന്നു എല്ലാ അധികാരങ്ങളും അവർ പ്രധാനമന്ത്രിയുടെ കൈകളിലേക്ക് മാറ്റിയത്. അങ്ങനെ 1991ഓടെ ബംഗ്ലാദേശ് പ്രസിഡൻഷ്യൽ ഭരണസമ്പ്രദായത്തിൽ നിന്ന് പാർലമെന്ററി സമ്പ്രദായത്തിലേക്ക് മാറി.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഖാലിദ സിയയുടെ അന്ത്യം. ദീർഘനാളായി ശ്വാസകോശ അണുബാധക്കും ന്യൂമോണിയക്കും ചികിത്സയിലായിരുന്നു 80കാരിയായ ഖാലിദ.

ഇന്ത്യയുമായുള്ള ബന്ധം

1996 മുതൽ 2014 വരെ പ്രധാനമന്ത്രി എന്ന നിലയിലും പിന്നീട് പ്രതിപക്ഷ നേതാവെന്ന നിലയിലും ഇന്ത്യയുമായുള്ള കരമാർഗ ഗതാഗത, കണക്റ്റിവിറ്റി ബന്ധങ്ങളെ അവർ നിരന്തരം എതിർത്തിരുന്നു. പ്രധാനമന്ത്രിയായിരിക്കെ, ബംഗ്ലാദേശ് പ്രദേശം കടന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ ഗതാഗത അവകാശം ഖാലിദ സിയ നിരസിച്ചു. അത് ബംഗ്ലാദേശിന്റെ സുരക്ഷയെയും പരമാധികാരത്തെയും ലംഘിക്കുന്നുവെന്നായിരുന്നു ഖാലിദയുടെ വാദം. ബംഗ്ലാദേശ് റോഡുകളിലൂടെ ഇന്ത്യൻ ട്രക്കുകൾ ടോൾ ഫ്രീ ഉപയോഗിക്കുന്നത് അടിമത്തത്തിന് തുല്യമാണെന്നും അവർ വാദിച്ചു. വളരെ തന്ത്രപ്രധാനമെന്ന് പലരും വിലയിരുത്തിയ 1972 ലെ ഇന്തോ-ബംഗ്ലാദേശ് സൗഹൃദ ഉടമ്പടി പുതുക്കുന്നതിനെയും ഖാലിദ സിയ എതിർത്തു. അത് തന്റെ രാജ്യത്തെ ചങ്ങലക്കിടാനുള്ളതാണ് എന്നായിരുന്നു അവരുടെ അഭിപ്രായം. ഹസീന അധികാരത്തിലെത്തിയപ്പോൾ ഇന്ത്യയുമായി അടുത്തപ്പോൾ നിശിത വിമർശകയായി ഖാലിദ. 2007ൽ, തന്റെ രാജ്യത്ത് വെള്ളപ്പൊക്കം വഷളാക്കാൻ ഇന്ത്യ മനപൂർവം സ്ലൂയിസ് ഗേറ്റുകൾ തുറന്നതായും അവർ ആരോപിച്ചു. 2002ൽ ഇന്ത്യയെ അവഗണിച്ച് ഖാലിദ സിയ ചൈനയുമായി പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു.

2006ൽ പ്രധാനമന്ത്രിയായപ്പോൾ ഖാലിദ സിയ ഇന്ത്യ സന്ദർശിച്ചു. എന്നാൽ ഹസീനയുടെ കാലത്തെ അപേക്ഷിച്ച് ഖാലിദ പ്രധാനമന്ത്രിയായപ്പോൾ ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. അവരുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 2015ൽ ബംഗ്ലാദേശ് സന്ദർശന വേളയിൽ മോദി ഖാലിദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയെ അനുസ്മരിച്ചാണ് മോദി എക്സിൽ കുറിപ്പിട്ടത്. 



Tags:    
News Summary - Khaleda Zia's India Equation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.