ഗസ്സ സിറ്റി: ആയുധധാരികളുടെ സാന്നിധ്യമുള്ളതിനാൽ അടിയന്തര സേവനമൊഴികയുള്ള മെഡിക്കൽ പ്രവർത്തനങ്ങൾ നിർത്തിവെക്കാനുള്ള ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (എം.എസ്.എഫ്) തീരുമാനത്തെ വിമർശിച്ച് ഗസ്സയിലെ വലിയ ആതുരാലയങ്ങളിലൊന്നായ നാസർ ഹോസ്പിറ്റൽ.
സുരക്ഷാ ഭീഷണിയുള്ളതിനാൽ വിന്യസിക്കപ്പെട്ട സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളതെന്നും സേവനം നിർത്തിവെക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടതിന്റെകൂടി പശ്ചാത്തലത്തിലാണ് എം.എസ്.എഫ് സേവനം നിർത്തിവെക്കാൻ തീരുമാനിച്ചത്. ഇസ്രായേൽ ആയുധം നൽകുന്നതടക്കം വിവിധ സായുധ സംഘങ്ങൾ ഗസ്സയിലെ പലയിടങ്ങളിലും കാണപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് സിവിൽ പൊലീസുകാരെ സുരക്ഷക്ക് നിയമിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
എന്നാൽ, തങ്ങളുടെ സന്നദ്ധ പ്രവർത്തകരുടെയും രോഗികളുടെയും ജീവന് ഭീഷണിയുള്ളതിനാൽ നാസർ ആശുപത്രിയിലെ സേവനങ്ങൾ നിർത്തിവെക്കുന്നതായി ശനിയാഴ്ചയാണ് എം.എസ്.എഫ് അറിയിച്ചത്. .
എം.എസ്.എഫിന്റെ ആരോപണങ്ങൾ വസ്തുതാപരമായി തെറ്റും നിരുത്തരവാദപരവും സംരക്ഷിത സിവിലിയൻ മെഡിക്കൽ സൗകര്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുന്നതുമാണെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.
എന്നാൽ, സായുധധാരികളുടെ സാന്നിധ്യം ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്നാണ് എം.എസ്.എഫിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.