ധാക്ക: ബംഗ്ലാദേശിൽ പുതുചരിത്രം കുറിച്ച് ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർമാൻ താരീഖ് റഹ്മാൻ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സുദീർഘമായ പാരമ്പര്യം തിരുത്തിക്കുറിച്ച്, ബംഗഭവനുപകരം പാർലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ കൂടിയാണ് അറുപതുകാരനായ താരീഖ്.
പുതിയ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, ഇടക്കാല സർക്കാറിനെ നയിച്ച നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് തിങ്കളാഴ്ചയോടെ രാജിവെച്ചു.
വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ശൈഖ് ഹസീന രാജ്യം വിട്ടതോടെ, ഫ്രാൻസിൽ നിന്നും മടങ്ങിയെത്തിയ മുഹമ്മദ് യൂനുസ് 2024 ആഗസ്റ്റിലാണ് ഇടക്കാല സർക്കാറിനെ നേതൃ സ്ഥാനം ഏറ്റെടുത്തത്. കലാപ നാളുകൾക്ക് ശേഷം, സമാധാനപരമായ പൊതുതെരഞ്ഞെടുപ്പ് നടത്തി പുതിയ സർക്കാറിലേക്ക് രാജ്യത്തിന്റെ നേതൃത്വം കൈമാറിയാണ് മുഹമ്മദ് യൂനുസ് ഇപ്പോൾ പടിയിറങ്ങുന്നത്.
ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ എന്നിവ തുടർന്നും ഉറപ്പാക്കണമെന്ന് വിടവാങ്ങൽ സന്ദേശത്തിൽ അദ്ദേഹം രാജ്യത്തോടായി പറഞ്ഞു.
വ്യാഴാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ, താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബി.എൻ.പി വൻ ഭൂരിപക്ഷത്തോടെ ജയിച്ചാണ് രണ്ട് പതിറ്റാണ്ടിന് ശേഷം അധികാരത്തിൽ തിരിച്ചെത്തുന്നത്.
ശയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) 209 സീറ്റുകൾ നേടി. 17 വർഷത്തെ പ്രവാസത്തിന് ശേഷമാണ് താരിഖ് റഹ്മാൻ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.
പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമുണ്ടെങ്കിലും, രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി ലോക്സഭ സ്പീക്കർ ഓം ബിർള പങ്കെടുക്കും. പ്രധാനമന്ത്രി താരീഖ് റഹ്മാനെ വിളിച്ച് ആശംസ നേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.