സ്പെയിനിലെ വല്ലാഡോളിഡിൽ നടന്ന വുൽറ്റ എ എസ്പാന മൽസരത്തിനിടെ ഇസ്രായേൽ-പ്രീമിയർ ടെക് സൈക്ലിസ്റ്റ് മാർക്കോ ഫ്രിഗോ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാരെ മറികടന്ന് ഓടുന്നു.
റോം: ഇറ്റലിയിൽ നടക്കാനിരിക്കുന്ന ‘ജിറോ ഡെൽ എമിലിയ’ മത്സരത്തിൽ നിന്നും ഇസ്രായേലി ടീമിനെ ഒഴിവാക്കി സംഘാടകർ. സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് ഇസ്രായേൽ-പ്രീമിയർ ടെക് സൈക്ലിങ് ടീമിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കിയത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക്.
സമീപകാല സംഭവങ്ങളും ഫൈനൽ സർക്യൂട്ടിന്റെ മാനദണ്ഡങ്ങളും പരിഗണിച്ച് മത്സരത്തിൽ പങ്കെടുക്കുന്ന അത്ലറ്റുകളുടെയും ജീവനക്കാരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ടീമിന്റെ ഈ വർഷത്തെ പങ്കാളിത്തം ഒഴിവാക്കാൻ നിർബന്ധിതമാവുകയാണെന്ന് ജിറോ ഡെൽ എമിലിയയുടെ സംഘാടകൻ അഡ്രിയാനോ അമിസി പറഞ്ഞു.
പൊതുസുരക്ഷാ കാരണങ്ങളാലാണ് ഞങ്ങൾക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്നും അമിസി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഇസ്രായേൽ ടെക് റൈഡർമാർക്കും മറ്റുള്ളവർക്കും അപകടസാധ്യതയുണ്ടെന്നും അതിനാൽ മത്സരം തടസ്സപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈയടുത്ത് നടന്ന ‘വുവെൽറ്റ എ എസ്പാന’ മത്സരത്തെ ഫലസ്തീൻ അനുകൂലികൾ തടസ്സപ്പെടുത്തിയിരുന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ വെച്ച് നടന്ന പ്രതിഷേധത്തെ തുടർന്ന് മത്സരത്തിലെ ഫൈനൽ സ്റ്റേജ് റദ്ദാക്കേണ്ടി വന്നിരുന്നു.
ഇസ്രായേലിനെ ആഗോളാടിസ്ഥാനത്തിൽ തന്നെ വിലക്കണമെന്നാണ് ഫലസ്തീൻ അനുകൂലികൾ ആവശ്യപ്പെടുന്നത്. ഗസ്സയിൽ തുടർന്ന് കൊണ്ടിരിക്കുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ സിനിമ മേഖലയിൽ നിന്നും വിനോദ മത്സരങ്ങളിൽ നിന്നും ഇസ്രായേലിനെ വിലക്കിയിരുന്നു.
ഇസ്രായേലിന്റെ ഗസ്സ വംശഹത്യയിൽ പ്രതിഷേധിച്ച് ഇറ്റലിയിലെ ട്രേഡ് യൂനിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മിലാൻ നഗരത്തിൽ ഫലസ്തീൻ അനുകൂലികളും പോലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഗസ്സയിലെ ജനങ്ങൾക്ക് മേൽ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ-പ്രീമിയർ ടെക്കിനെ മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബൊളോണിയയിലെ പ്രാദേശിക ഭരണകൂടവും ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലി -കനേഡിയന് കീഴിലുള്ള ടീമിനെ ഒഴിവാക്കാനുള്ള തീരുമാനത്തെ കായിക കൗൺസിലർ റോബർട്ട ലി കാൽസി സ്വാഗതം ചെയ്തു. ഗസ്സയിൽ നടക്കുന്ന കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇസ്രായേലി സർക്കാരുമായി ബന്ധമുള്ള ടീമിന്റെ സാന്നിധ്യം നിസ്സാരമായി കണക്കാക്കുന്നത് കാപട്യമാണെന്നും കാൽസി പ്രസ്താവിച്ചു.
ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര അഭ്യർഥനകൾ അവഗണിക്കുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഗസ്സയിലെ വംശഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബാൾ വേദിയിൽ നിന്നു വിലക്കണമെന്ന അംഗ രാജ്യങ്ങളുടെ ആവശ്യത്തിൽ ചൊവ്വാഴ്ച ചേരുന്ന യുവേഫ എക്സിക്യൂട്ടീവ് യോഗം തീരുമാനമെടുക്കും. 20 അംഗ എക്സിക്യൂട്ടീവിൽ കൂടുതൽ രാജ്യങ്ങളും നിർദേശത്തെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷ. യൂറോവിഷൻ സംഗീത മത്സരത്തിലെ അംഗങ്ങളും 2026-ലെ മത്സരത്തിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് വോട്ട് ചെയ്യാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.