യഥാർഥ മുഖം വെളിപ്പെടുത്തി ജയിൽ മോചിതയായ ഇറാനിലെ 'വ്യാജ ആഞ്ജലീന ജോളി' സഹർ തബാർ

തെഹ്റാൻ: ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ മുഖം പോലെയാകാൻ നിരവധി തവണ പ്ലാസ്റ്റിക് സർജറി നടത്തി മുഖം വിരൂപമായ ഇറാൻ യുവതി സഹർ തബാർ ജയിൽ മോചിതയായി. ജയിൽ മോചിതയായതിനു പിന്നാലെ അവർ തന്റെ യഥാർഥ മുഖം വെളിപ്പെടുത്തുകയും ചെയ്തു. ഇറാനിലെ വ്യാജ ആഞ്ജലീന ജോളി എന്നാണ് സഹർ അറിയപ്പെടുന്നത്. നിരവധി തവണ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായ സഹാർ മുഖം വികൃതമായ രീതിയിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് വഴിയാണ് പ്രശസ്തയായത്.

അഴിമതിയും മതനിന്ദ കുറ്റവും ചുമത്തി 2019ലാണ് സഹറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ 14 മാസത്തെ തടവിനു ശേഷം മോചിതയായിരിക്കയാണ്. ഇറാനില്‍ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ നടന്ന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് സഹറിനെ മോചിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ജയിൽ മോചിതയായ ശേഷം സഹർ ഒരു ടെലിവിഷൻ ചാനലിന് അഭിമുഖം നൽകുകയും ചെയ്തു.

ആഞ്ജലീന ജോളിയാകാൻ പലവട്ടം പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്നും മുഖം വികൃതമായി എന്നുമാണ് സഹർ അവകാശപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള നിരവധി ഫോട്ടോകള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2017ലാണ് സഹര്‍ ഇങ്ങനെ പ്രശസ്തയായത്. എന്നാൽ ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി താൻ ചെയ്തതാണെന്നും മേക്കപ്പ് വച്ചാണ് മുഖം ഫോട്ടോകളില്‍ കാണിച്ചത് പോലെ മാറ്റിയതെന്നുമാണ് ഇവര്‍ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

വെറുമൊരു തമാശക്കായാണ് എല്ലാം ചെയ്തത്. എന്നാൽ അത് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. ജയിലിലും കഴിയേണ്ടി വന്നു. ഇനി സമൂഹ മാധ്യമത്തിലേക്ക് മടങ്ങിവരാൻ താൽപര്യമില്ലെന്നും സഹർ വ്യക്തമാക്കി. 19 വയസുള്ളപ്പോഴാണ് സഹർ ജയിലിലായത്. മകളെ​ മോചിപ്പിക്കാൻ ആഞ്ജലീന ജോളി ഇടപെടണഭ്യർഥിച്ച് സഹറിന്റെ മാതാവ് രംഗത്ത്‍ വന്നിരുന്നു.

ചെറിയ രീതിയിൽ പ്ലാസ്റ്റിക് സർജറി നടത്തിയ കാര്യം സഹർ അഭിമുഖത്തിൽ സമ്മതിച്ചു. ഫാതിമ ഖിഷ്വന്ദ് എന്നാണ് സഹറിന്റെ യഥാർഥ പേര്. എളുപ്പത്തിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാനാണ് സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷോപ്പ് നടത്തിയ ഫോട്ടോ പ്രചരിപ്പിച്ചതെന്നും സഹർ പറഞ്ഞു. തമാശക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ നിർത്താൻ മാതാവ് നിർബന്ധിച്ചിട്ടും ചെവിക്കൊണ്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോകൾ പ്രചരിപ്പിച്ച സഹറിനെ 10 വർഷം തടവിനാണ് ഇറാൻ ഭരണകൂടം ശിക്ഷിച്ചത്.

Tags:    
News Summary - Iran's zombie angelina jolie reveals real face after release from prison for blasphemy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.