വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ സമ്മതിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ഭാര്യ ഹിലരിയും. അമേരിക്കൻ നീതി ന്യായ വകുപ്പ് പുറത്തുവിട്ട രേഖകളെ സംബന്ധിച്ചുള്ള അന്വേഷണത്തോട് ഇരുവരും സഹകരിക്കുമെന്ന് ക്ലിന്റൺന്റെ വക്താവ് ഉറേന സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.
എപ്സ്റ്റീൻ ഫയലുകളിൽ ബിൽ ക്ലിന്റൺന്റെ ചിത്രങ്ങൾ ഉൾപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഇരുവർക്കും കോടതി സമൻസ് അയച്ചിരുന്നു. കൂടാതെ എപ്‌സ്റ്റീൻ കേസിലെ വിവരങ്ങൾ മറച്ചുവെച്ചു എന്നാരോപിച്ച് ക്ലിന്റണെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ യു.എസ്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി ഒരുങ്ങിയിരുന്നു. ഇതിനിടെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറേന അറിയിച്ചത്.
അതേസമയം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് ഊട്ടിയുറപ്പിക്കുന്നതിനാണ് ഇത്തരം നടപടികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഹൗസ് ഓവർസൈറ്റ് കമ്മറ്റി ചെയർമാൻ അറിയിച്ചു. കേസ് അന്വേഷിക്കുന്ന കോൺഗ്രസ് പാനലിന് മുന്നിലാണ് ഇരുവരും മൊഴി നൽകുക. 2000 ത്തിൽ ബിൽ ക്ലിന്റൺ എപ്സ്റ്റീന്റെ വിമാനത്തിൽ പല തവണ സഞ്ചരിക്കുകയും ഇരുവരുടെയും ഓഫിസുകൾ തമ്മിൽ നിരവധി തവണ ബന്ധപ്പെടുകയും ചെയ്തതായി ഫയലുകളിൽ പരാമർശിച്ചിരുന്നു. ഇവയെല്ലാം അംഗീകരിച്ച ക്ലിന്റൺ ഖേദം പ്രകടിപ്പിച്ചിരുന്നു.എന്നാൽ എപ്സ്റ്റീന്റെ ക്രിമിനൽ പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലായിരുന്നു എന്നും 2006ന് ശേഷം എപ്സ്റ്റീനുമായി തനിക്ക് ബന്ധമില്ലായിരുന്നു എന്നും ക്ലിന്റൺ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ നീതി ന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വിഡിയോകളുമടങ്ങിയ രേഖകളിൽ അമേരിക്കകത്തും പുറത്തുമുള്ള പ്രമുഖർക്ക് എപ്സ്റ്റീനുമായി പങ്കുള്ളതായി പറയുന്നുണ്ട്. അമേരിക്കയിലെ മുൻ പ്രസിഡന്റുമാരും നിലവിലെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മൈക്രോ സോഫ്റ്റ് ഉടമയും അടക്കം ലോകത്തെ നിരവധി പ്രമുഖരുമായി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.