സുശീല കർക്കി

സുശീല കർക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രി, സത്യപ്രതിജ്ഞ ഉടൻ; പാർലമെന്‍റ് പിരിച്ചുവിട്ടു

കാഠ്മണ്ഡു: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിന്‍റെ ഇടക്കാല പ്രധാനമന്ത്രി. ഇന്ന് രാത്രി ഒമ്പതിന് സുശീലയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

നേപ്പാൾ രാഷ്ട്രപതിയുമായി നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്. അതിനു മുന്നോടിയായി നേപ്പാൾ പാർലമെന്‍റ് പിരിച്ചുവിട്ടു. സുശീല കർക്കിയെ നേപ്പാളിന്റെ ഇടക്കാല മേധാവിയായി നിയമിക്കണമെന്നാണ് ജെൻ സി പ്രക്ഷോഭകാരികൾ ആവശ്യപ്പെട്ടത്. നേപ്പാളിന്റെ ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ആദ്യ വനിതയാണ് സുശീല കർക്കി. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാജ്യത്തെ സുശീല കർക്കി നയിക്കും.

ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് കർക്കി നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതിനാണ് തന്റെ അടിയന്തര മുൻഗണനയെന്ന് കർക്കി വ്യക്തമാക്കി. പ്രസ്ഥാനത്തിലെ യുവ അംഗങ്ങൾ തന്റെ പേരിന് അനുകൂലമായി വോട്ട് ചെയ്തതായി അവർ സ്ഥിരീകരിച്ചു.

ജെൻ സി പ്രക്ഷോഭത്തിനു പിന്നാലെയാണ് പ്രധാനമന്ത്രി കെ.പി ശർമ ഒലി രാജിവെച്ചത്. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം ശമിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് നൂറോളം പ്രക്ഷേഭാകാരികൾ ഇരച്ചു കയറുകയും, വസതിക്ക് തീവെക്കുകയും ചെയ്തിരുന്നു. 19 പേരുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് പുറത്ത് ഒത്തുകൂടി പ്രതിഷേധക്കാർ പ്രക്ഷോഭം സജീവമാക്കിത്.

മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വസതികളും ഓഫിസുകളും അഗ്നിക്കിരയാക്കി. പ്രധാനമന്ത്രിക്ക് പുറമെ, കൃഷി മന്ത്രി രാംനാഥ് അധികാരി, ജലവിതരണ മന്ത്രി പ്രദീപ് യാദവ്, സർക്കാറിന്റെ ഭാഗമായ നേപ്പാൾ കോൺഗ്രസ് ശേഖർ കൊയ്രാള വിഭാഗം മന്ത്രിമാർ എന്നിവരും രാജിവെച്ചു. പ്രക്ഷോഭം സംഘർഷമായി മാറിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പ് ആഭ്യന്തര മന്ത്രി രമേശ് ലേഖകും രാജിവെച്ചിരുന്നു.

Tags:    
News Summary - Ex Chief Justice Sushila Karki To Take Oath As Interim Nepal PM Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.