വാഷിങ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് യു.എസ് നീതിന്യായ വകുപ്പ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന രേഖകളാണ് പുറത്തുവിടുകയെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
എപ്സ്റ്റീൻ കേസിലെ വിവരങ്ങൾ മറച്ചുവെക്കുന്നുവെന്ന ആക്ഷേപത്തിന്ന് പിന്നാലെയാണ് കൂടുതൽ രേഖകൾ പുറത്തുവിടാൻ ഒരുങ്ങുന്നത്. നേരത്തെ പുറത്തുവിട്ടവയില്‍ നിന്ന് 47,635 എപ്സ്റ്റീന്‍ ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് സമ്മതിച്ചിരുന്നു. ഇവ ഉള്‍പ്പെടെയാണ് വീണ്ടും പ്രസിദ്ധീകരിക്കുക. ട്രംപ് ഉള്‍പ്പെട്ട ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ആരോപണങ്ങളടക്കം പരമാര്‍ശിക്കുന്ന രേഖകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തനിക്ക് നേരെ ജെഫ്രി എപ്സ്റ്റീനും ട്രംപും ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീയുടെ ആരോപണങ്ങളാണ് പുറത്തുവരാനിരിക്കുന്നത്.
അതിനിടെ, എപ്സ്റ്റീന്‍ ഫയല്‍സ് കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യു.എസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചിരിക്കുകയാണ്. എപ്സ്റ്റീന്‍ കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം. പാം ബോണ്ടി ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവെടുപ്പിന് ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ലൈംഗിക കുറ്റവാളിയും ബാലപീഡകനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വിഡിയോകള്‍ എന്നിവ ഇതിലുള്‍പ്പെടും. ഡോണാള്‍ഡ് ട്രംപ്, ബില്‍ ക്ലിന്റണ്‍, ബില്‍ഗേറ്റ്‌സ് തുടങ്ങി നിരവധി പ്രമുഖര്‍ക്ക് എപ്സ്റ്റീനുമായുള്ള അടുത്ത ബന്ധം രേഖകളിലൂടെ പുറത്തുവന്നിരുന്നു. 2025ല്‍ യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമ പ്രകാരമാണ് രേഖകള്‍ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.