ന്യൂഡൽഹി: വാർത്തകളിൽ ഇടം പിടിച്ച ലൈംഗിക കുറ്റവാളിയും യു.എസ് വ്യവസായ ഭീമനുമായ ജെഫ്രി എപ്സ്റ്റീന്‍റെ മരണത്തിൽ പോസ്റ്റ്മോർട്ടം നിരീക്ഷിച്ച ഡോക്ടർ നടത്തിയ പ്രസ്താവന വീണ്ടും സംശയത്തിന്‍റെ കരി നിഴൽ നീക്കുകയാണ്. 2019ലാണ് എപ്സ്റ്റീൻ ജയിലിനുള്ളിൽ തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്ത് വരുന്നത്. അന്ന് എപ്സ്റ്റീന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മൈക്കേൽ ബേഡൻ ആണ് പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ എപ്സ്റ്റീന്‍റേത് തൂങ്ങി മരണമല്ലെന്നും ശ്വാസം മുട്ടി മരിച്ചു എന്നാണ് താൻ വിശ്വസിക്കുന്നതെന്നുമാണ് ബേഡൻ പറഞ്ഞത്. ലഭ്യമായ വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ മരണത്തിൽ കൂടുതൽ അന്വേഷണം വേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ലൈംഗിക കുറ്റ കൃത്യങ്ങളിൽ വിചാരമണ കാത്ത് ജയിലിൽ കഴിയുമ്പോഴാണ് 2019ൽ എപ്സ്റ്റീൻ മരിക്കുന്നത്. ന്യൂയോർക്കിലെ ഡോക്ടർമാർ ഇത് തൂങ്ങി മരണമെന്നാണ് റിപ്പോർട്ട് ചെയ്തത്. ബേഡൻ മൃതദേഹം പോസറ്റ്മോർട്ടം ചെയ്തിട്ടില്ല, എന്നാൽ നിരീക്ഷിക്കുന്നതിന് അവിടെ ഉണ്ടായിരുന്നു. മരണത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് അന്ന് തന്നെ തങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ബേഡന്‍റെ വെളിപ്പെടുത്തൽ.
പോസ്റ്റ്മോർട്ടം കഴിഞ്ഞ് അനിശ്ചിതാവസ്ഥയിലാണ് തങ്ങൾ പോസ്റ്റമോർട്ടം പുറത്തിറക്കിയതെന്നും എന്നാൽ ചീഫ് മെഡിക്കൽ എക്സാമിനർ ഡോക്ടർ ബാർബറ സാംസൺ മരണം ആത്മഹത്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ബേഡൻ വെളിപ്പെടുത്തി. എന്നാൽ ബാർബറ എപ്സ്റ്റീന്‍റെ പോസ്റ്റ്മോർട്ടം കണ്ടിട്ടുണ്ടായിരുന്നില്ലെന്ന് ബേഡൻ പറഞ്ഞു.
ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എപ്സ്റ്റീന്‍റെ കഴുത്തിൽ മൂന്ന് പൊട്ടലുകൾ കണ്ടെത്തി. തന്‍റെ 50 വർഷത്തെ കരിയറിൽ ഒരിക്കൽ പോലും തൂങ്ങി മരിച്ച ആളുടെ കഴുത്തിലോ ന്യൂയോർക്ക് ജയിലിലെ തടവിൽ മരിച്ചവരിലോ മൂന്ന് പൊട്ടലുകൾ കണ്ടിട്ടില്ലെന്നാണ് ബേഡൻ പറയുന്നത്. ഇത് മരണം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടി.
എപ്സ്റ്റീന്‍റെ അഭിഭാഷകരും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പറഞ്ഞിരുന്നു. മെട്രോ പൊളിറ്റൻ കറക്ഷനൽ സെന്‍ററിലെ സുരക്ഷാ വീഴ്ചകളെക്കുറുച്ചുള്ള വെളിപ്പെടുത്തലുകൾ ഈ സംശയത്തിന് ആക്കം കൂട്ടുന്നു. 2023ൽ യു.എസിലെ ജസ്റ്റിസ് ഡിപ്പാർട്മെന്‍റ് ന്യൂയോർക്ക് ജയിലിന്‍റെ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്തു. എപ്സ്റ്റീന്‍റെ സെല്ലിൽ നിന്ന് ബ്ലാങ്കറ്റുകളും ലിനനും മറ്റും കണ്ടെത്തുകയും അവയിൽ കുരുക്കുകളും കീറിയ അടയാളങ്ങളും കണ്ടെത്തുകയും ചെയ്തു. സെല്ലിൽ പതിവ് പരിശേധനകൾ നടന്നിരുന്നില്ലെന്നും കണ്ടെത്തി.
2019 ആഗസ്റ്റ് 9ന് എപ്സ്റ്റീൻ മരിക്കുന്നതിന് തലേ ദിവസം സഹതടവു കാരനെ സെല്ലിൽ നിന്ന് മാറ്റിയിരുന്നു. അന്ന് രാവിലെയാണ് എപ്സ്റ്റീനെ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഓറഞ്ച് നിറത്തിലുളള ഒരു തുണി മുറുക്കിയിട്ടുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ആ കെട്ടഴിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുമ്പ് സി.പി.ആർ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.