?????? ?????

മുജീബ് റഹ്മാൻ വധം: ബംഗ്ലാദേശിൽ മുൻ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി

ധാക്ക: 1975ൽ ബംഗ്ലാദേശിൽ നടന്ന പട്ടാള അട്ടിമറിയിലും രാഷ്ട്ര സ്ഥാപകൻ ഷെയ്ഖ് മുജീബ് റഹ്മാൻ വധക്കേസിലും പ്രതിയായ മ ുൻ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി. 45 വർഷത്തിന് ശേഷമാണ് കാപ്റ്റൻ അബ്ദുൽ മജീദിന്‍റെ വധശിക്ഷ നടപ്പാക്കിയത്.

കെരാനിഗഞ്ചിലെ ധാക്ക സെൻട്രൽ ജയിലിൽ പ്രാദേശിക സമയം 12.01നാണ് മജീദിനെ തൂക്കിലേറ്റിയത്. 12.15ന് ജയിൽ ഡോക്ടർ മരണം സ്ഥിരീകരിച്ചു. വധശിക്ഷ നടപ്പാക്കിയ വിവരം നിയമ മന്ത്രി അനീസുൽ ഹഖ് ആണ് മാധ്യമങ്ങളെ അറിയിച്ചത്. മജീദിന്‍റെ ദയാഹരജി പ്രസിഡന്‍റ് അബ്ദുൽ ഹമീദ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

25 വർഷം പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൽ മജീദ് കഴിഞ്ഞ മാസമാണ് ധാക്കയിൽ മടങ്ങിയെത്തിയത്. ചൊവ്വാഴ്ച മിർപൂർ പ്രദേശത്തെ തീർഥാടക കേന്ദ്രത്തിന് സമീപത്ത് നിന്ന് സ്പെഷൽ പൊലീസ് സംഘമാണ് മജീദിനെ അറസ്റ്റ് ചെയ്തത്.

വധക്കേസിൽ വിചരണ കോടതി വധശിക്ഷക്ക് വിധിച്ചതിനെ പിന്നാലെ ഒളിവിൽ പോയ ആറു മുൻ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് അബ്ദുൽ മജീദ്. 1975ലെ കൂട്ടക്കൊലക്ക് ശേഷം സിവിൽ സർവീസിലേക്ക് മാറിയ മജീദിനെ മുൻ സൈനിക ഭരണാധികാരി സിയാവുർ റഹ്മാൻ നാഷണൽ സേവിങ്സ് ഡിപ്പാർട്ട്മെന്‍റ് മേധാവിയാക്കിയിരുന്നു.

1975 ആഗസ്റ്റ് 15നാണ് മുജീബ് റഹ്മാനെയും കുടുംബാംഗങ്ങളെയും സൈനിക അട്ടിമറിക്ക് പിന്നാലെ വധിച്ചത്. ജർമനിയിലായിരുന്ന മുജീബ് റഹ്മാന്‍റെ മൂത്ത മകൾ ഷെയ്ഖ് ഹസീനയും ഇളയ മകൾ ഷെയ്ഖ് രഹ്നയും മാത്രമാണ് രക്ഷപ്പെട്ടത്. കേസിൽ 12 മുൻ സൈനിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിൽ അഞ്ചു പേരെ തൂക്കിലേറ്റി. ഒരാൾ വിദേശത്ത് വെച്ച് മരണപ്പെട്ടു.

Tags:    
News Summary - Bangladesh executes ex-Army officer for Mujibur Rahman assassination -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.