തെഹ്റാന്: ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി നടക്കുന്ന ഖാരിജ് ദ്വീപിൽ യുനൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഖാരിജ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കയറ്റുമതി ടെർമിനലായി പ്രവർത്തിക്കുന്ന ദ്വീപാണ് ഖാരിജ്.
ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലേറെ അകലെയുള്ള ഖാരിജ് ദ്വീപിലാണ് രാജ്യത്തെ എണ്ണപ്പാടങ്ങളിൽനിന്നുള്ള പൈപ്പുകളിൽ മഹാഭൂരിപക്ഷവും അവസാനിക്കുന്നത്. ഇവിടെവെച്ചാണ് കപ്പലുകളിൽ കയറ്റിപ്പോകുന്നതും. അമേരിക്കൻ കമ്പനിയായ ‘അമോകോ’ സ്ഥാപിച്ച പൈപ് ലൈനുകൾ 1979ലെ വിപ്ലവകാലത്ത് ഇറാൻ പിടിച്ചെടുക്കുകയായിരുന്നു.
ഇറാൻ തീരങ്ങളിലേറെയും കപ്പലുകളടുപ്പിക്കാനാവാത്തവിധം ആഴം കുറഞ്ഞതോ എക്കൽ നിറഞ്ഞതോ ആണെങ്കിൽ ഖാരിജിലേത് ആഴം കൂടിയവയാണ്. ശരാശരി 13 ലക്ഷം മുതൽ 16 ലക്ഷം വരെ എണ്ണ പ്രതിദിനം ഇവിടെനിന്ന് കയറ്റിപ്പോകുന്നുണ്ട്. ഖാരിജിൽ 1.80 കോടി ബാരൽ കരുതൽ ശേഖരമായും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
തെളിയിക്കപ്പെട്ട ആഗോള എണ്ണ ശേഖരത്തിന്റെ 11.8 ശതമാനവും സ്വന്തമായുള്ള ഇറാന്റെ എണ്ണ കയറ്റുമതിയുടെ ആസ്ഥാനമായ ഖാരിജ് ദ്വീപ് ലക്ഷ്യമിട്ടാൽ ആ രാജ്യത്തുനിന്നുള്ള എണ്ണ കയറ്റുമതി നിലക്കും. അതോടെ റോക്കറ്റ് കണക്കെ എണ്ണവില കുതിക്കുമെന്നുറപ്പ്. ബാരലിന് 100 ഡോളർ കടന്ന എണ്ണവില ഒറ്റയടിക്ക് 150 ഡോളറും പിന്നിട്ട് കുതിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.