ബാഗ്ദാദ്: അമേരിക്കൻ യുദ്ധ വിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറച്ചുനൽകുന്ന വ്യോമസേന വിമാനം തകർത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘം. വ്യാഴാഴ്ച തങ്ങൾ നടത്തിയ വ്യോമപ്രതിരോധ നീക്കത്തിലാണ് യു.എസിന്റെ ബോയിങ് കെ.സി 135 സ്ട്രാറ്റോടാങ്കർ തകർത്തതെന്ന് ഇറാഖിലെ ഇസ്‍ലാമിക് റെസിസ്റ്റൻസ് അറിയിച്ചു. ‘നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെയും വ്യോമാതിർത്തിയെയും സംരക്ഷിക്കുന്നതിനായാണ് വിമാനം തകർത്തതെ’ന്ന് ഇസ്‍ലാമിക് റെസിസ്റ്റൻസ് പ്രസ്താവനയിൽ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ഇവർ അവകാശപ്പെട്ടു. എന്നാൽ, ശത്രുക്കളുടെ ആക്രമണത്തിലോ സൗഹൃദ വെടിവെപ്പിലോ അല്ല വിമാനം തകർന്നതെന്നാണ് അമേരിക്കൻ സൈനിക കേന്ദ്രമായ സെന്റ്കോമിന്റെ അവകാശവാദം. പിന്നെ എങ്ങനെയാണ് തകർന്നതെന്ന് ഇവർ വിശദീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണെന്ന് സെൻന്റ്കോം പറഞ്ഞു.
സംഭവ സമയത്ത് ബോയിംഗ് കെ.സി 135 സ്ട്രാറ്റോടാങ്കർ വിമാനവും ഇതിൽനിന്ന് ഇന്ധനം നിറക്കാനെത്തിയ മറ്റൊരു വിമാനവുമാണ് അവിടെ ഉണ്ടായിരുന്നത്. രണ്ടാമത്തെ വിമാനം ഇസ്രായേലിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുദ്ധവിമാനങ്ങൾക്കും മറ്റ് സൈനിക വിമാനങ്ങൾക്കും കരയിൽ ലാൻഡ് ചെയ്യാതെ തന്നെ വായുവിൽ വെച്ച് ഇന്ധനം നിറക്കാനാണ് സ്ട്രാറ്റോടാങ്കർ വിമാനം ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.