തെഹ്‌റാനിൽ നടന്ന ഖുദ്‌സ് ദിന റാലി
തെഹ്‌റാൻ: ഇറാനിലെ വാർഷിക ഖുദ്‌സ് ദിന റാലിക്കിടെ തലസ്ഥാന നഗരമായ തെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം. റാലി നടന്നിരുന്ന സ്ഥലത്തിന് സമീപത്തായി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ നടപടി ക്രൂരവും പൈശാചികവുമാണെന്ന് ഇറാനിയൻ നാഷനൽ സെക്യൂരിറ്റി തലവൻ അലി ലറിജാനി പറഞ്ഞു. ഇത്തരം ആക്രമണങ്ങൾ കൊണ്ട് ഇറാനിയൻ ജനതയുടെ മനസ്സ് തകർക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റാലിക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജനക്കൂട്ടം റാലിയിൽ പങ്കെടുക്കുന്നതിനിടെ സ്ഫോടനമുണ്ടായെങ്കിലും, അവർ പിന്മാറാൻ തയാറായില്ല. ഇസ്രായേലും അമേരിക്കയും ചേർന്ന് മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി ആരോപിച്ചു.
ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ശ്രദ്ധേയമായ പൊതുപരിപാടിയായിരുന്നു വെള്ളിയാഴ്ച നടന്നത്. റാലിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുരക്ഷാ മേധാവി അലി ലറിജാനി, ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്‌സെനി എജെയി, നാഷനൽ പോലീസ് മേധാവി അഹ്മദ്-റെസ റാദാൻ, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി തുടങ്ങിയ ഉന്നതതല നേതാക്കൾ പങ്കെടുത്തു.
'ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾ ഭയം കൊണ്ടും നിസ്സഹായത കൊണ്ടും സംഭവിക്കുന്നതാണ്. ശക്തിയുള്ളവരാണെങ്കിൽ ഒരിക്കലും ഇത്തരത്തിൽ ജനക്കൂട്ടത്തിന് നേരെ ബോംബെറിയില്ല. അവർ പരാജയപ്പെട്ടു എന്നത് വ്യക്തമാണ്' അലി ലറിജാനി പറഞ്ഞു. ഇറാനിയൻ ജനതയുടെ നിശ്ചയദാർഢ്യത്തെ മനസ്സിലാക്കാൻ ട്രംപിന് കഴിഞ്ഞിട്ടില്ലെന്നും സമ്മർദങ്ങൾ കൂടുന്തോറും ഇറാനിയൻ ജനതയുടെ കരുത്ത് വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.