അമേരിക്ക ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേന

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 84 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറും -ശ്രീലങ്കൻ കോടതി

കൊളംബോ: ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്തമായി നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ, അമേരിക്ക ആക്രമിച്ച ഇറാന്റെ യുദ്ധക്കപ്പലായ ഐറിസ് ദേനയിൽ ഉണ്ടായിരുന്ന 84 നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറാൻ ഉത്തരവിട്ട് ശ്രീലങ്കൻ കോടതി. ശ്രീലങ്കൻ തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അമേരിക്ക ഇറാൻ നാവികസേനയുടെ കപ്പൽ ആക്രമിച്ചത്.

ഫെബ്രുവരി 25ന് വിശാഖപട്ടണത്ത് സമാപിച്ച അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും (IFR) മിലാൻ-2026 നാവികാഭ്യാസത്തിലും പങ്കെടുത്ത ശേഷം മാർച്ച് നാല് ബുധനാഴ്ച മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പലായ 'ഐറിസ് ദേനക്ക്' (IRIS Dena) നേരെയാണ് അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ആക്രമണം നടത്തിയത്.

അതേസമയം, കൊല്ലപ്പെട്ട ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാന് കൈമാറരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശ്രീലങ്കക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ട്രംപിന്റെ ഇത്തരം ഭീഷണിക്ക് വഴങ്ങില്ലെന്നും മൃതദേഹങ്ങൾ ഇറാന് കൈമാറുമെന്നും ശ്രീലങ്കൻ കോടതി ഉത്തരവിട്ടു.

ഗാലെ നാഷണൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ ഇറാൻ എംബസിക്ക് കൈമാറാൻ ഗാലെയിലെ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ഇതോടെ, വെള്ളിയാഴ്ച ശ്രീലങ്കയിലെ മത്താല രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടു പോയി.

ആക്രമണത്തെ അതിജീവിച്ച 32 പേർ നിലവിൽ ശ്രീലങ്കയിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവർക്ക് പുറമെ, സാങ്കേതിക തകരാറിനെത്തുടർന്ന് ശ്രീലങ്കയിലെത്തിയ മറ്റൊരു ഇറാനിയൻ കപ്പലായ 'ഐറിസ് ബുഷേർ'ലെ (IRIS Booshehr) 208 ജീവനക്കാർക്കും 30 ദിവസത്തെ പ്രവേശന വിസ ശ്രീലങ്കൻ പ്രതിരോധ സഹമന്ത്രി അരുണ ജയശേഖര അനുവദിച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആക്രമണത്തെ അതിജീവിച്ചവരെ നാട്ടിലേക്ക് തിരിച്ചയക്കരുതെന്ന് അമേരിക്ക ശ്രീലങ്കയുടെ മേൽ സമ്മർദ്ദം ചെലുത്തിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, അമേരിക്കയും ഇറാനും ശ്രീലങ്കയുടെ പ്രധാന വ്യാപാര പങ്കാളികളാണ് എന്നതിനാൽ ഈ വിഷയം ശ്രീലങ്കക്ക് നയതന്ത്രപരമായ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

-----------------------------------------------------------------

Tags:    
News Summary - Sri Lankan court says it will not give in to Trump's threat; will hand over bodies of 84 Iranian sailors killed in US attack to Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.