ന്യൂഡൽഹി: യു.എസിനു പുറകെ ഇന്ത്യക്കുമേൽ 50 ശതമാനം താരിഫ് ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി മെക്സിക്കോ സെനറ്റ്. ഇന്ത്യക്കു പുറമെ ചൈനയുൾപ്പെടെ നിരവധി ഏഷ്യൻ രാജ്യങ്ങളും പട്ടികയിലുണ്ട്. ജനുവരി 1 മുതൽ ഉയർത്തിയ താരിഫ് നിലവിൽ വരും.
മെക്സിക്കോയുമായി വ്യാപാര ബന്ധത്തിലേർപ്പെടാത്ത വാഹനങ്ങൾ, വാഹനങ്ങളുടെ പാർട്സുകൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്സ്, സ്റ്റീൽ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർധിക്കും. ഉത്തര കൊറിയ, ചൈന, തായ്‍ലന്‍റ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ തീരുവ ബാധിക്കും.
അടുത്ത വർഷം 33,910 കോടി അധിക വരുമാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് തീരുവ വർധനക്ക് അംഗീകാരം നൽകിയത്. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മെക്സിക്കോ പ്രസിഡന്‍റ് 50 ശതമാനം താരിഫ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയത്. എന്നാൽ യു.എസ്-മെക്സിക്കോ-കാനഡ വ്യാപാര കരാർ അവലോകനം ചെയ്യുന്നതിനുമുമ്പ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മെക്സിക്കോയുടെ നടപടിയെന്ന് അരോപണങ്ങൾ ഉണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് 50 ശതമാനം താരിഫ് ഈടാക്കുമെന്ന് ട്രംപ് മെക്സിക്കോയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒപ്പം യു.എസിലേക്കുള്ള ഒപിയോയിഡ് ഫെന്‍റനിൽ കയറ്റുമതി മനപൂർവം തടസ്സപ്പെടുത്തിയെന്നാരോപിച്ച് 25 ശതമാനം ലെവി ചുമത്തുമെന്നും ട്രംപ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ട്രംപ് അമേരിക്കൻ കർഷകർക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള 1944ലെ കരാർ ലംഘിച്ചെന്നാരോപിച്ച് മെക്സിക്കോക്ക് മേൽ 5 ശതമാനം താരിഫ് ഭീഷണി ഉയർത്തിയത്.
തീരുമാനം ഇന്ത്യയെ എങ്ങനെ ബാധിക്കും?
മെക്സിക്കോയുടെ 50 ശതമാനം താരിഫ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ ബാധിക്കും. 2024ൽ ഇരു രാജ്യങ്ങളും തമ്മിൽ 11.7 ബില്യൻ ഡോളറിന്‍റെ വ്യാപാരമാണ് നടന്നത്. മെക്സിക്കൻ കയറ്റുമതിയിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ഇന്ത്യ.
നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഴി ഇന്ത്യക്ക് മികച്ച സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2024ൽ ഇന്ത്യയിൽ നിന്ന് മെക്സിക്കോയിലേക്കുള്ള ഇറക്കുമതി 8.9 ബില്യൻ ഡോളറായിരുന്നു. അതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതി 2.8 ബില്യൻ ഡോളറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.