ന്യൂഡൽഹി: പരിഭ്രാന്തരായുള്ള എൽ.പി.ജി ബുക്കിങ് നിർത്താനും പൈപ്പ് ലൈൻ വഴി പാചക വാതകം നൽകുന്ന പ്രദേശങ്ങളിൽ പി.എൻ.ജിയിലേക്ക് മാറാനും കേന്ദ്ര സർക്കാർ ഗാർഹിക ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. സാധാരണഗതിയിൽ 50- 55 ലക്ഷം സിലിണ്ടറുകൾ ബുക്ക് ചെയ്തിരുന്ന സ്ഥാനത്ത് ബുക്കിങ് 75 ലക്ഷം വരെ ആയി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു അഭ്യർഥന നടത്തിയത്. എല്ലാ വാണിജ്യ ഉപഭോക്താക്കൾക്കും ഗ്യാസ് നൽകാവുന്ന സാഹചര്യമല്ലെന്ന് വ്യക്തമാക്കി, കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറി സുജാത ശർമ വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് മുൻഗണന നിശ്ചയിക്കാൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടാക്കിയ മന്ത്രാലയ തല സമിതിയുടെ പ്രതിദിന സംയുക്ത വാർത്തസമ്മേളനത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ എൽ.പി.ജി വരുന്നതിൽ ഭൂരിഭാഗവും ഹുർമുസ് കടലിടുക്ക് വഴിയായതിനാൽ എൽ.പി.ജിയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് അവർ തുടർന്നു. എൽ.പി.ജിക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് പൈപ്പ് ലൈൻ വഴിയുള്ള കണക്ഷനിലേക്ക് മാറാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടത്. നിലവിൽ 1.5 കോടി ഗാർഹിക പി.എൻ.ജി ഉപഭോക്താക്കളാണുള്ളതെന്നും 40 ലക്ഷം എൽ.പി.ജി ഉപഭോക്താക്കൾക്കുകൂടി പി.എൻ.ജിയിലേക്ക് മാറാനാകുമെന്നും അവർ തുടർന്നു.
ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും അടക്കമുള്ള വാണിജ്യ സിലിണ്ടറുകൾ പൂർണമായും നിർത്തിവെക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് കേന്ദ്രം പന്ത് സംസ്ഥാനങ്ങളുടെ കോർട്ടിലേക്ക് തട്ടി വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന്റെ മുൻഗണന നിശ്ചയിക്കാൻ സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടത്. കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ വിവിധ സംസ്ഥാനങ്ങൾ നടപടിയെടുത്തു തുടങ്ങിയെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.