ഐ.പി.ഒയിൽനിന്ന് താൽക്കാലികമായി പിന്മാറി ഫോൺപേ; പശ്ചിമേഷ്യൻ യുദ്ധവും വിപണിയിലെ തകർച്ചയും പ്രതിസന്ധിയായെന്ന് കമ്പനി

ന്യൂഡൽഹി: ഡിജിറ്റൽ പേമെന്റ് രംഗത്തെ പ്രമുഖരായ ഫോൺപേ ഓഹരി വിപണി പ്രവേശനത്തിനുള്ള നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള ഓഹരി വിപണിയിലെ കനത്ത അസ്ഥിരതയുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. വിപണിയിൽ സ്ഥിരത കൈവന്ന ശേഷം മാത്രമേ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യുന്ന നടപടികളുമായി മുന്നോട്ട് പോകൂ എന്ന് ഫോൺപേ സി.ഇ.ഒ സമീർ നിഗം വ്യക്തമാക്കി.

യുദ്ധം ബാധിച്ച മേഖലകളിൽ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് തങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും, ഇന്ത്യയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 65 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളും 4.7 കോടിയിലധികം മർച്ചന്റ് നെറ്റ്‌വർക്കുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേമെന്റ് ആപ്പുകളിൽ ഒന്നാണ് ഫോൺപേ.

ഐ.പി.ഒ നടപടികൾ മാറ്റിവെച്ചെങ്കിലും സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങളുമായി ഫോൺപേ മുന്നോട്ട് പോകുകയാണ്. വിസ, മാസ്റ്റർകാർഡ് ഉപഭോക്താക്കൾക്കായി 'ഫോൺപേ പിജി ബോൾട്ട്' എന്ന പുതിയ സേവനം കമ്പനി അവതരിപ്പിച്ചു. ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ടോക്കണൈസേഷൻ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.

ഇതോടെ ഓരോ തവണ പണമടക്കുമ്പോഴും സി.വി.വി നമ്പർ നൽകേണ്ടി വരില്ല. കൂടാതെ, പേമെന്റ് നടത്തുമ്പോൾ മറ്റു പേജുകളിലേക്ക് റീഡയറക്ട് ചെയ്യാതെ തന്നെ ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാനും വൺ-ക്ലിക്ക് പേമെന്റ് അനുഭവം ഉപഭോക്താക്കൾക്ക് നൽകാനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം മർച്ചന്റ് പങ്കാളികൾക്ക് കൂടുതൽ വളർച്ചയുണ്ടാക്കാനും ഈ പുതിയ ഫീചർ സഹായിക്കുമെന്ന് ഫോൺപേ ചീഫ് ബിസിനസ് ഓഫിസർ യുവരാജ് സിങ് ഷെഖാവത്ത്ങ്‍ വ്യക്തമാക്കി.

Tags:    
News Summary - PhonePe temporarily withdraws from IPO; Company says Middle East war and market crash are a crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.