മന്ത്രി സമീർ അഹമ്മദ് ഖാൻ
ബംഗളൂരു: സംസ്ഥാനത്ത് 17,969 ഏക്കർ വഖഫ് സ്വത്തുക്കൾ കൈയേറിയിട്ടുണ്ടെന്നും ഭൂരിഭാഗം കയ്യേറ്റവും നടത്തിയത് മുസ്‌ലിംകൾ തന്നെയാണെന്നും കർണാടക വഖഫ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി. സെഡ് സമീർ അഹമ്മദ് ഖാൻ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. 'സംസ്ഥാനത്ത് ആകെ 1,12,860 ഏക്കര്‍ വഖഫ് സ്വത്തുക്കൾ ഉണ്ട്. അതിൽ 20,054 ഏക്കർ മാത്രമാണ് സർക്കാറിന്റെ കൈവശമുള്ളത്. 17,969 ഏക്കർ ഭൂമി കൈയേറിയിട്ടുണ്ട്. 47,263 ഏക്കർ ഇനാം അബോളിഷൻ ആക്ടിന് കീഴിലും 23,627 ഏക്കർ ഭൂപരിഷ്കരണ നിയമത്തിന് കീഴിലുമാണ്' ചോദ്യോത്തര വേളയിൽ അഫ്‌സൽപൂർ കോൺഗ്രസ് എം.എൽ.എ എം.വൈ. പാട്ടീലിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
വകുപ്പ് മന്ത്രിയായ് ശേഷം കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം വഖഫ് അദാലത്തുകൾ നടത്തിയിരുന്നു. 1,12,860 ഏക്കർ വഖഫ് ഭൂമി സർക്കാർ നൽകിയതല്ല മറിച്ച് സാമൂഹികക്ഷേമം മുന്നില്‍ കണ്ട് സ്വകാര്യ വ്യക്തികളും സംഘടനകളും നൽകിയതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ ഭൂരിഭാഗവും കൈയേറിയത് മുസ്‌ലിം സമൂഹം തന്നെയാണ്. കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി വഖഫ് അദാലത്തുകൾ നടത്തിയിരുന്നു. ബി.ജെ.പി അതൊരു പ്രശ്നമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭൂമിയിലെ മുസ്‌ലിംങ്ങളുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെയല്ല ബി.ജെ.പി എതിർപ്പുന്നയിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക വ്യക്തമാക്കി. മറിച്ച് കർഷകരുടെ ഭൂമി, ഭാരതരത്‌ന സർ എം. വിശ്വേശ്വരയ്യ പഠിച്ച വിദ്യാലയം ഉൾപ്പെടെയുള്ള സ്കൂളുകളുടെ ഭൂമി, ക്ഷേത്രങ്ങളുടെ ഭൂമി എന്നിവ വഖഫ് സ്വത്തായി അവകാശപ്പെടുന്നതിനെയാണ് ബി.ജെ.പി എതിർക്കുന്നതെന്നും വഖഫ് സ്വത്തുക്കൾ കയ്യേറുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നതിനെ ബി.ജെ.പി അനുകൂലിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ, ക്ഷേത്രങ്ങളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ വഖഫ് സ്വത്തായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾ നടത്തിയ കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനാണ് വഖഫ് അദാലത്തുകൾ സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.