വിവാദ മതസ്വാതന്ത്ര്യ ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ

മുംബൈ: വിവാദ മതസ്വാതന്ത്ര്യ ബിൽ മഹാരാഷ്ട്ര നിയമസഭ പാസാക്കി. നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ കർശന വ്യവസ്ഥകളോടെയാണ് ബിൽ പാസാക്കിയത്. വിവാഹത്തിന്റെ പേരിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് ഏഴു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.

പ്രായപൂർത്തിയാകാത്തവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, സ്ത്രീകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനത്തിനായി നിർബന്ധിച്ചാൽ ഏഴു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൂട്ട മതപരിവർത്തനത്തിന് ഏഴു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും ബില്ല് നിർദേശിക്കുന്ന. അതേസമയം കുറ്റം ആവർത്തിക്കുന്നവർക്ക് 10 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. സ്വമേധയാ ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി മതം മാറാൻ ആഗ്രഹിക്കുന്ന വ്യക്തി 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണം. മതപരിവർത്തനത്തിന് ശേഷം 21 ദിവസത്തിനുള്ളിൽ അധികൃതരെ അറിയിക്കണം. ഇല്ലെങ്കിൽ ഇത് അസാധുവായി കണക്കാക്കും. നിയമവിരുദ്ധ മതപരിവർത്തനത്തിലൂടെ നടന്ന വിവാഹത്തിലുണ്ടാകുന്ന കുട്ടിക്ക് മാതാവിന്റെ യഥാർഥ മതമായിരിക്കുമെന്ന വിവാദ വ്യവസ്ഥയും ബില്ലിലുണ്ട്.

അതേസമയം ബിൽ ഏതെങ്കിലുമൊരു മതത്തിന് എതിരല്ലെന്നും നിർബന്ധിത മതപരിവർത്തനം തടയുക മാത്രമാണ് ലക്ഷ്യമെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ വാദം. ഒഡീഷ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഇത്തരത്തിലുള്ള നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു.

`ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെ ഈ ബിൽ തടയുന്നില്ല. എന്നാൽ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മറ്റൊരാളെ മതപരിവർത്തനം നടത്തുന്നത് മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല' ഫഡ്‌നാവിസ് പറഞ്ഞു.

സ്ത്രീകളെ പ്രണയത്തിൽ കുടുക്കി വിവാഹം കഴിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണെത്രെ ഇത്തരമൊരു നടപടി . ഇരക്കോ അടുത്ത ബന്ധുക്കൾക്കോ പരാതി നൽകാം. ചില സാഹചര്യങ്ങളിൽ പൊലീസിന് സ്വമേധയാ നടപടിയെടുക്കാനും അധികാരമുണ്ടെന്നും ബില്ലിൽ പറയുന്നു.

അതേസമയം പ്രതിപക്ഷപാർട്ടിയായ ശിവസേന (യു.ബി.ടി) ബില്ലിനെ പിന്തുണച്ച് രംഗത്തെത്തി. ദുരാചാരങ്ങൾ തടയാനുള്ള സമഗ്രമായ നീക്കമാണ് ബില്ലിലൂടെ ലക്ഷ‍്യം വെക്കുന്നതെന്ന് ശിവസേന എം.എൽ.എ ഭാസ്‌കർ ജാദവ് പറഞ്ഞു. എന്നാൽ ബിൽ കൂടുതൽ ചർച്ചകൾക്കായി സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഭൂരിഭാഗം പ്രതിപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് അംഗം അസ്‌ലം ഷെയ്ഖ്, സമാജ്‌വാദി പാർട്ടി അംഗങ്ങളായ അബു ആസിം ആസ്മി, റൈസ് ഷെയ്ഖ് എന്നിവർ ബില്ലിനെ എതിർത്ത് മുന്നോട്ടു വന്നു. ഈ നിയമം ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയുടെയും തുല്യതയുടെയും അവകാശ ലംഘനമാണെന്ന് അവർ ആരോപിച്ചു.

Tags:    
News Summary - Maharashtra Assembly passes controversial religious freedom bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.