ഹ്യൂസ്റ്റൻ: ഹാർവി ചുഴലിക്കാറ്റിൽ കിടപ്പാടങ്ങളും മറ്റും നഷ്ടപ്പെട്ട ദുരിതബാധിതർക്ക് സഹായ വാഗ്ദാനവുമായി അമേരിക്കയിലെ ഇന്ത്യൻ പ്രവാസികൾ. ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം ഡോളർ (ഏകദേശം ആറു കോടി) സഹായം നൽകാനാണ് ഇന്ത്യക്കാർ തീരുമാനിച്ചത്. സഹായങ്ങൾക്കായുള്ള ഏകീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ടെക്സസിലെ ഇന്ത്യൻ കോൺസൽ ജനറൽ അനുപം റായ് അറിയിച്ചു. ‘‘ടെക്സസിനെ പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സഹായങ്ങൾ ആവശ്യമാണ്. നിരവധിപേർ ദുരിതബാധിതരായിരിക്കെ, ഇവരോട് പ്രതിബദ്ധത പുലർത്താൻ ഒാരോ ഇന്ത്യക്കാരനും ബാധ്യസ്ഥരാണ്. 10 ലക്ഷം ഡോളർ സ്വരൂപിക്കാനാണ് അമേരിക്കയിലെ ഇന്ത്യക്കാരുടെ തീരുമാനം’’ -റായ് അറിയിച്ചു.
ഫ്ലോറിഡയിലേക്കു കടക്കുന്ന ഇർമ ചുഴലിക്കാറ്റിനു മുമ്പാണ് ടെക്സസിനെ പിടിച്ചുകുലുക്കിയ ഹാർവി കൊടുങ്കാറ്റ് നാശംവിതച്ചത്. ഇന്ത്യൻ ഒായിൽ കമ്പനികളായ ഗെയിൽ, ഒായിൽ ഇന്ത്യ, ഒ.എൻ.ജി.സി എന്നിവരും ഫണ്ടിൽ സംഭാവനകൾ നൽകി. 10,000 യു.എസ് ഡോളർ വീതമാണ് ഇൗ കമ്പനികൾ നൽകിയത്. ഇവർക്കു പുറമെ മറ്റ് ഇന്ത്യൻ കമ്പനികളും പദ്ധതിയിൽ പങ്കാളികളായി.നേരത്തേ, ഗൾഫ് രാജ്യങ്ങൾ മൂന്നു കോടി ഡോളർ സഹായനിധിയിലേക്ക് നൽകുമെന്ന് ഖത്തർ അംബാസഡർ മിശ്അൽ ബിൻ ഹമദ് ആൽ ഥാനി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.