ഇസ്രായേൽ സർവിസ് റദ്ദാക്കി എയർ ഇന്ത്യ; ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കി വിമാനക്കമ്പനികൾ

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ തെൽഅവീവിലേക്കുള്ള വിമാന സർസുകൾ റദ്ദാക്കി. ഡൽഹിക്കും തെൽഅവീവിനും ഇടയില്‍ നേരിട്ടുള്ള സർവിസുകൾ തൽക്കാലം നിർത്തിവെക്കുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽനിന്ന് ഇസ്രായേൽ നഗരത്തിലേക്ക് ആഴ്ചയിൽ നാല് സർവിസുകളാണ് എയർ ഇന്ത്യ നടത്തുന്നത്.

വിസ്താര, ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ ഇറാനിയൻ വ്യോമപാത ഒഴിവാക്കിയാണ് സർവിസ് നടത്തുന്നത്. പശ്ചിമേഷ്യയിലേക്കുള്ള സർവിസുകൾക്കായി ബദൽ പാതകൾ ചാർട്ട് ചെയ്തു. ബദൽ പാതകൾ ദൈർഘ്യമേറിയതിനാൽ ടിക്കറ്റ് നിരക്ക് വർധിച്ചേക്കുമെന്ന് മുതിർന്ന വൈഡ് ബോഡി എയർക്രാഫ്റ്റ് പൈലറ്റ് പി.ടി.ഐയോട് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ബദൽ പാതകൾ തെരഞ്ഞെടുത്തതോടെ യാത്രാദൈർഘ്യം അരമണിക്കൂറോളം കൂടിയിട്ടുണ്ട്.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം മാർച്ച് മൂന്നിനാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ഇസ്രായേലിലേക്ക് സർവിസ് പുനരാരംഭിച്ചത്. സംഘർഷാവസ്ഥയെ തുടർന്ന് ശനിയാഴ്ചയാണ് വിസ്താരയും എയർ ഇന്ത്യയും സർവിസിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സിംഗപൂർ എയർലൈൻസ് പോലുള്ള ആഗോള വിമാനക്കമ്പനികളും ഇതുവഴിയുള്ള സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - Air India suspends Tel Aviv flights; airlines avoid Iranian airspace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.