ഉച്ചയൂണ് കഴിഞ്ഞ്
ചോറ്റുപാത്രം കഴുകി
എരിവുമാറ്റാൻ
ഞങ്ങള്‍ ഒമ്പതാം ക്ലാസുകാര്‍
മുസിരിസിലെ
മതിലുകള്‍ ചാടുന്നു.
പച്ചരിച്ചാക്കുകള്‍
മുതലാളിമാരുടെ
ഗോഡൗണുകളിലേക്ക്
കടത്തിവിടുന്നതിനിടയില്‍
നിത്യാനന്ദന്റെ റേഷൻ പഞ്ചാരയുടെ
ചാക്കുകളില്‍ തുളവീഴ്ത്തുന്നു
പോടാ പിള്ളാരേ എന്ന്
ഉച്ചവെയില്‍
പിന്നാമ്പുറത്ത്
നുള്ളിനോവിക്കുന്നു
ജനലരികിലെ ചാക്കില്‍നിന്ന്
പഞ്ചാരത്തരികള്‍
അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ
ഞങ്ങടെ വായകളിലേക്ക്
ശ്ര്‍ര്‍ര്‍ന്ന് മധുരം പകരുന്നു
അബ്ദുക്കയുടെ കടയിലെ
അമ്മായി മിഠായിക്ക്
ചെലവാകുമായിരുന്ന
പത്തുപൈസ ലാഭിച്ച്
ഞങ്ങള്‍
പഞ്ചാരനുണയലിന്റെ
വിപ്ലവപ്രവര്‍ത്തനം നടത്തുന്നു
മുതലാളിയുടെ
ലാഭക്കണക്കില്‍
ഒരു മധുരച്ചാക്ക്
ശുദ്ധശൂന്യതയാകുന്നു
തിരിച്ച് മതില്‍ ചാടാനൊരുങ്ങേ
അബ്ദുക്കയുടെ മകന്‍
നാസര്‍ പറയുന്നു,
അറിഞ്ഞാ
കോട്ടപ്പുറത്ത്
സിനിമാ ഷൂട്ടിങ്
തുരുമ്പൻ ത്രീസ്പീഡ് സൈക്കിളില്‍
ഞങ്ങള്‍ മൂന്നുപേര്‍
കോട്ടപ്പുറം ചന്തയില്‍…
താടിമുടികള്‍ നീട്ടിയ
ഒരു മുഷിയൻ യേശുവും
അതേ മട്ട് ശിഷ്യരും
കാമറയുമായി
റേഷൻകടകളിലെ
അനീതികളിലേക്ക്
ആര്‍ത്തുചെല്ലുന്നു
വാപൊളിച്ച്
നിശ്ശബ്ദരാവുന്നു
ഞങ്ങള്‍ കുട്ടികള്‍
ബീഡിക്ക് തീ കൊളുത്തി
യേശു ഞങ്ങളോട്
പതുക്കെ പറയുന്നു:
അമ്മ അറിയാൻ.
ഞങ്ങളുടെ
തുറന്ന വായകളില്‍
തെളിയുന്നുവോ
മുപ്പത്തിമുക്കോടി
അനീതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.