കാല വിസ്താരം

നിന്റെ പാവവീടിനും

ആകാശത്തിനും മീതെ

കടിച്ചുപിടിച്ച ഇരുട്ടിന്റെ നിഴലായി

വിറകൊണ്ട് എന്റെ മൗനം–

എന്റെ ബുദ്ധത്വം.

ആകാശത്തിനുമപ്പുറം

രാത്രി ഒരു ചെടിയായി വളർന്ന് പൂവിടുമ്പോൾ

ഞാൻ ഈ ദേശവും

നിന്നെയും

പിരിഞ്ഞുപോവുകയായിരുന്നു.

അന്ന്

നമ്മൾ കുട്ടികൾ,

ഒരു പ്രതിമക്കു ചുറ്റിലും

ഓടിക്കളിക്കും.

പ്രതിമയുടെ കൈകൾ പൊട്ടിവീണപ്പോൾ

ഉറക്കത്തിലും

നീ എന്നെ കാണിച്ചുകൊടുത്തു–

ഞാൻ പ്രതി.

രാത്രിയിൽനിന്ന് പകലിലേക്ക്

മാത്രമായി എന്റെ ഓർമകൾ.

എനിക്ക് ബോധോദയമുണ്ടായില്ല.

ഞാൻ ബുദ്ധനുമായില്ല.

രാത്രികൾ പകലുകൾ

കുട്ടിക്കാലത്തേക്ക് യാത്രപോയപ്പോൾ

വീണ്ടും

അവളുടെ പാവവീട് കണ്ടു.

അന്നേരം

രാത്രിയായിരുന്നു.

ബൽസാക്കിന്റെ ശിൽപംപോലെ

കൈകളില്ലാത്ത പ്രതിമ.*

ഒരുപാട് എഴുതിയ ബൽസാക്കിന്റെ

കൈകൾ

റൊദാൻ എന്തുചെയ്തുവെന്ന്

ഉറക്കത്തിലും ഓർക്കുകയായിരുന്നു.

ഞാനാണോ

അവളാണോ

ആ കൈകൾ പൊട്ടിച്ചതെന്നും.

--------------------

കുറിപ്പ്: ഫ്രഞ്ച് ശിൽപി റൊദാന്റെ ബൽസാക് സ്മാരകം. ബൽസാക്കിന്റെ കൈകൾ ശിൽപത്തിൽ കാണാനാവില്ല.* 

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.