പണ്ട്... ഗ്രാമക്കാഴ്ചകളിലൊന്ന്.
സമോവറിൻ തിളയ്ക്കലിൽ
വരമ്പിടിഞ്ഞ ചുണ്ടുകൾ
കവിളാഴ്ന്ന കുഴിമുഖങ്ങൾ
ചരിത്രം പറഞ്ഞിരുന്ന രാപ്പകലുകൾ.
പുകയിരുൾ ചുമരുകളിൽ
ഗാന്ധിയും സുഭാഷ് ചന്ദ്രബോസും
കൃഷ്ണപിള്ളയും
വൈക്കം മൗലവിയും
അടുത്തടുത്ത െഫ്രയ്മുകളിൽ
പരസ്പരം നോക്കിയിരുന്ന കാലം.
പെട്രോമാക്സുകൾ
ചിണുങ്ങിപ്പിണങ്ങി തെളിഞ്ഞ
എത്രയെത്ര ചൂടോർമകൾ.
ഊതിക്കുടിച്ച ചായകൾ.
ഊറിച്ചിരിച്ച സായംസന്ധ്യകൾ.
ഉറക്കെയുറക്കേ ചുമച്ചു തുപ്പി
യകന്നുപോകും
ഇടവഴികൾ ഇടനാഴികൾ.
പിഞ്ഞാണിയിൽ വിളമ്പി
വെച്ചൊരു മുളകുവടകളും
സ്നേഹരാഷ്ട്രീയവും
മൂർച്ചയേറ്റിടും വാഗ്വാദങ്ങളും
ഇടനില പരിഹാരങ്ങളിൽ
അനുരഞ്ജനത്തിൻ
അമർത്തിമൂളലുകൾ
പൊട്ടിച്ചിരികൾ.
തിന്നുതീർത്ത ഞാലിപ്പഴങ്ങൾ.
നെയ്യപ്പങ്ങൾ,
പഴംപൊരികൾ.
പരിപ്പുവടകൾ
ഇടയിലേക്കൂഴ്ന്നിറങ്ങും,
കുത്തിത്തുളക്കും
മകരമഞ്ഞിൽ കോച്ചിപ്പിടിച്ച
കൈകൾ കൂട്ടിപ്പിടിച്ചും
മേശമേൽ താളംപിടിച്ചും
വിറച്ചു വിപ്ലവച്ചുവയൂറും
നെഞ്ചകങ്ങൾ ശ്വാസം തള്ളി
പാടിയ നാടകഗീതങ്ങൾ
തുപ്പിത്തെറിപ്പിച്ച മുറുക്കാൻ
ചോരയിൽ മങ്ങിപ്പടർന്ന
കൗമാരചിത്രങ്ങളിൽ
നോക്കിച്ചിരിപ്പതോർമകൾ
പിന്നെയും ചേക്കേറുന്നു
കുടുകുടേ ചിരിച്ചാർക്കുന്നു.
വിറയും വർത്തമാനങ്ങളെ
കൂട്ടായ്മയോടെ കെട്ടിപ്പിടിച്ചും
വെട്ടുവഴി തോറും തെളിച്ചിടും
ചൂട്ടുമായിരുട്ടിനെയാട്ടി
വളഞ്ഞൂന്നിപ്പോയ കോലങ്ങൾ
മുറിയിലെ കനച്ചെണ്ണ -കഷായ
ഗന്ധങ്ങളിൽ വീർപ്പുമുട്ടുന്നു.
നിലാവൊഴുകും പെരുവഴി
കുന്നറ്റം നടന്നു മടങ്ങുവാൻ
പേരറിയാമരം തണൽ വിരിച്ച
പെരുച്ചാഴികൾ വലിച്ചിട്ട
മണ്ണിലൂന്നി ചരിഞ്ഞൊരു
ചായപ്പീടിക െബഞ്ചിലമർന്നിരുന്നു
സമോവറിൻ ചുടുചായയൊന്നു
പിന്നെയും ചുണ്ടോടൊട്ടി
കുടിക്കാൻ കൊതി വെമ്പുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.