പന്ത് തട്ടുമ്പോൾ ഞാൻ യേശുവിനെ ഓർക്കുന്നു. അത് വിശ്വാസത്തിന്റെ കാര്യമല്ല. ചില പേരുകൾ മനുഷ്യരുടെ ഉള്ളിൽ മഴപോലെ കയറി താമസിക്കും. ഞങ്ങളുടെ നാട്ടിലെ ഗ്രൗണ്ടിൽ പുല്ല് കുറവാണ് പൊടിയാണ് കൂടുതൽ. ഓരോ ടാക്കിളിനുശേഷവും ആരെങ്കിലും വീഴും ഒരു ചെറു കുരിശുമരണം പോലെ. പക്ഷേ ഗ്രൗണ്ടിന്റെ സുവിശേഷത്തിൽ മൂന്നാം ദിവസം കാത്തിരിക്കേണ്ടതില്ല, ഒരു കൈ മതി എഴുന്നേൽക്കാൻ. അപ്പോൾ എനിക്ക് സുവിശേഷത്തിലെ ഒരു വാക്യംപോലും ഓർമ വരില്ല. പക്ഷേ യേശു വരും അയാൾ ഒരു മതത്തിൽനിന്നല്ല വരുന്നത് ഒരു കൈയിൽനിന്ന്; മണ്ണുപറ്റിയ കൈകൊണ്ട് മറ്റൊരാളെ ഉയർത്തുന്ന ആ നിമിഷത്തിൽനിന്ന്. ഗോൾപോസ്റ്റുകൾക്കിടയിൽ ഞങ്ങൾ...
പന്ത് തട്ടുമ്പോൾ
ഞാൻ യേശുവിനെ ഓർക്കുന്നു.
അത് വിശ്വാസത്തിന്റെ കാര്യമല്ല.
ചില പേരുകൾ
മനുഷ്യരുടെ ഉള്ളിൽ
മഴപോലെ കയറി താമസിക്കും.
ഞങ്ങളുടെ നാട്ടിലെ ഗ്രൗണ്ടിൽ
പുല്ല് കുറവാണ്
പൊടിയാണ് കൂടുതൽ.
ഓരോ ടാക്കിളിനുശേഷവും
ആരെങ്കിലും വീഴും
ഒരു ചെറു കുരിശുമരണം പോലെ.
പക്ഷേ ഗ്രൗണ്ടിന്റെ സുവിശേഷത്തിൽ
മൂന്നാം ദിവസം കാത്തിരിക്കേണ്ടതില്ല,
ഒരു കൈ മതി
എഴുന്നേൽക്കാൻ.
അപ്പോൾ എനിക്ക്
സുവിശേഷത്തിലെ ഒരു വാക്യംപോലും ഓർമ വരില്ല.
പക്ഷേ യേശു വരും
അയാൾ
ഒരു മതത്തിൽനിന്നല്ല വരുന്നത്
ഒരു കൈയിൽനിന്ന്;
മണ്ണുപറ്റിയ കൈകൊണ്ട്
മറ്റൊരാളെ ഉയർത്തുന്ന
ആ നിമിഷത്തിൽനിന്ന്.
ഗോൾപോസ്റ്റുകൾക്കിടയിൽ
ഞങ്ങൾ എല്ലാവരും
രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്.
ഗോളിൽനിന്നോ,
ഏകാന്തതയിൽനിന്നോ,
സ്വന്തം ജീവിതത്തിൽനിന്നോ.
പന്ത് വീണ്ടും എന്റെ കാലിലെത്തുന്നു
ഞാൻ ഡ്രിബിൾ ചെയ്യുന്നു.
ഒരു നിമിഷം
ലോകം വളരെ ലളിതമാകുന്നു:
ഒരു പന്ത്,
ചില മനുഷ്യർ,
മങ്ങിത്തുടങ്ങുന്ന വെളിച്ചം.
ആ നിമിഷങ്ങളിൽ
ചരിത്രത്തിലെ എല്ലാ കുരിശുകളും
വെറും രണ്ട് മരക്കൊമ്പുകളായി മാറുന്നു.
എല്ലാ പുനരുത്ഥാനങ്ങളും,
വീണുപോയ ഒരാൾ
വീണ്ടും എഴുന്നേൽക്കുന്നതായി ചുരുങ്ങുന്നു.
കളി കഴിഞ്ഞ്
ഞങ്ങൾ വീട്ടിലേക്ക് നടക്കുന്നു
ഇരുട്ട്
അപ്പോൾ ഞാൻ വിചാരിക്കും,
ഒരുപക്ഷേ
ദൈവം സ്വർഗത്തിലല്ല
മനുഷ്യർ പരസ്പരം
പാസ് കൊടുക്കാൻ പഠിക്കുന്നിടത്താണ്.
വീണവനെ
ഒറ്റയ്ക്ക് വിട്ടുപോകാത്തിടത്താണ്.
പന്ത് തട്ടുമ്പോൾ
ഞാൻ യേശുവിനെ ഓർക്കുന്നത്
അതുകൊണ്ടാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.