നോവ്

ആകാശത്തിന്റെ നെഞ്ചിൽ

കുത്തിയ ഒരു ഇരുമ്പ് ശബ്ദം.

കണ്ണീർ

ഭൂമിയുടെ കണ്ണിൽനിന്ന്

തുടർച്ചയായി ഒഴുകുന്ന ഉപ്പുനദി.

സ്വപ്നങ്ങൾ നിറഞ്ഞിരുന്ന

ആകാശമിപ്പോൾ

പുകമേഘങ്ങളുടെ തടവുകാരൻ.

രാത്രി വീഴുമ്പോൾ

നക്ഷത്രങ്ങൾ തെളിയുന്നില്ല;

ഇരുളിനെ കഷണങ്ങളാക്കുന്ന

ബോംബുകളുടെ മിന്നൽ...

മേശപ്പുറത്ത് മലര്‍ത്തിക്കിടത്തിയ ഭൂപടത്തിലെ

ചുവന്നപേനയുടെ കറുത്ത കുത്തുകൾ.

സൈറണ്‍ ശബ്ദം

കുഞ്ഞുങ്ങള്‍ക്കു

അമ്മയുടെ നെഞ്ചിലേക്ക്

ഒളിച്ചോടാനുള്ള

അടിയന്തര സന്ദേശം.

പുസ്തകം തുറക്കേണ്ട കൈകൾ

അടച്ചുപൂട്ടിയ വാതിലുകൾ തട്ടുന്നു.

ചെറിയ ചെരുപ്പുകൾ

സ്കൂളിലേക്കല്ല,

അഭയാർഥികേന്ദ്രത്തിലേക്ക് നടക്കുന്നു.

ആകാശത്ത് പറക്കേണ്ട പട്ടങ്ങള്‍

പുകമേഘങ്ങൾക്കു കീഴിൽ

കൈകൾ നീട്ടി കരയുന്നു.

പാൽ കുടിക്കേണ്ട പ്രായത്തിൽ

കറുത്ത പുക ശ്വസിക്കുന്നു.

അക്ഷരം എഴുതേണ്ട കൈകൾ

ചിതറിപ്പോയ കല്ലുകൾക്കിടയിൽ

അമ്മയുടെ ശരീരം തിരയുന്നു.

അമ്മയെ വിളിച്ചിട്ടും

മറുപടി കിട്ടാത്ത കുഞ്ഞുങ്ങള്‍

ആ രാത്രിയുടെ നീളമളക്കുന്നു.

മണലിൽ വീടുകൾ പണിയുന്നു

അമ്മ അച്ഛന്‍ എന്നെഴുതുന്നു.

ടാങ്കുകൾ മുന്നേറുമ്പോൾ

അവരുടെ കണ്ണുകൾ

ചെറുത്തുനിൽക്കാൻ പഠിക്കാത്ത

ഒരു ഭീതിയുടെ

ഭാഷ സംസാരിക്കുന്നു.

ബോംബ് വീഴുമ്പോൾ

കിളികൾ പറക്കുന്നു

പക്ഷേ,

കുട്ടിയുടെ സ്വപ്നങ്ങൾ

പറക്കാൻ അറിയാതെ

ചാരമാകുന്നു.

ഓരോ വീടിനും

“ഇനി യുദ്ധം വരരുതേ”

എന്ന പ്രാർഥനയുടെ രൂപം.

പറയണം മിസ്റ്റര്‍...

ഒരു രാജ്യത്തിന്റെ

അതിർത്തിക്കായി

എണ്ണക്കായി

എത്ര ചെറിയ കൈകൾ

ഇനിയും മണ്ണടിയിലാക്കണം?

ഇനിയും എത്ര കുഞ്ഞുങ്ങളുടെ

കരച്ചിൽ വേണം

നിനക്കൊരു

മനുഷ്യനാകാൻ?

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.