സീബ്രാ ലൈനിൽ അന്യോന്യപ്പെട്ട
ഒറ്റക്കാൽ മനുഷ്യരായിരുന്നു നമ്മൾ.
പരസ്പരം മിണ്ടാനായില്ല,
എങ്ങനെ കൈവിട്ടുപോയീ
കാലെന്ന്
തിരക്കാനായില്ല.
അതത്ര പ്രധാനമാണെന്നു പറയാം,
അല്ലെന്നും.
യുദ്ധമെന്നത്
മനുഷ്യരാശിക്കെതിരെമാത്രം നടത്തുന്ന
കുറ്റകൃത്യമല്ലെന്ന് മന്ത്രിക്കാൻ പറ്റിയില്ല.
പിൻവശത്തെ കാലുകളിലൊന്ന്
നഷ്ടമായ ഏകാകിയായ പെൺപട്ടിയെ
നാം ഒരേ സമയമാണ് ശ്രദ്ധിച്ചത്.
‘‘നമ്മൾ’’ എന്ന കലർന്ന
ഇമ്പമാർന്ന വികാരത്തോടെ
മന്ദഹസിക്കാൻ പോലുമായില്ല.
തിരക്കു പിടിച്ച്
വേഗം, വേഗം,
എന്നലറുന്ന മനുഷ്യരുടെ അധീനതയിലാണ്
ലോകം.
ഭൂമി,
ഏബിലിസ്റ്റ് ഗർവുള്ളവരുടെ തിയറ്റർ.
ഒറ്റക്കാൽ മനുഷ്യരുടെ നടപ്പ്,
നടപ്പിന്റെ കല
നടപ്പു പഠിപ്പ്
ചുമ്മാതുള്ള പാട്ടു മൂളി നടപ്പ്.
ലോകത്തിനറിയില്ലത്.
ലോകം,
ഒരു പഠിപ്പുമില്ലാത്ത
അഹങ്കാരിയായ കുട്ടിയാണ്.
ഒരു മായക്കാഴ്ചപോലെ,
യാദൃച്ഛികമായി കണ്ടു.
ഇനി എന്നെങ്കിലും കാണുമോ?
അംഗപരിമിതർക്കുള്ള മദ്യശാലയിൽ
നമ്മൾ കണ്ടിരുന്നെങ്കിൽ
ഇത്ര തിടുക്കമുണ്ടാവില്ല.
അംഗപരിമിതർക്കു മാത്രമായുള്ള
തീവണ്ടിയിലായാലും മതി.
അല്ലെങ്കിൽ,
അവസാന ബസ്
വർഷങ്ങൾക്കു മുമ്പേ കടന്നുപോയ
ഇരിപ്പു ബെഞ്ചിൽ
പുല്ലുകൾ വളർന്നുകിടക്കുന്ന
ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ.
മേഘങ്ങൾ മടിപിടിച്ച്
ഉറക്കംതൂങ്ങു-
മാകാശത്തിനു കീഴെയുള്ള
പൗരാണിക ഛായകളുള്ള
ബസു കാത്തിരിപ്പുകേന്ദ്രം!
അകലെക്കേൾക്കാവുന്ന തീവണ്ടിയൊച്ചകൾ
ഓരോന്നായെണ്ണി
അവക്ക്
ഓരോരോ പേരിടുന്ന വിചിത്രമായ
കളിയിൽ രസംപിടിച്ചിരിക്കും,
ഞാനും നീയും.
സൂര്യനസ്തമിച്ച ശേഷം
കൈകൾ കോർത്ത്
നിശ്ശബ്ദമായ ഇടവഴിയിലൂടെ
നാമിരുവരും നടക്കുന്നത് ഭാവനചെയ്തു.
രണ്ടു പേർക്കും ചേർന്ന്
രണ്ടു കാലുകളായി!
നാമിനിയുമംഗപരിമിതരല്ല.
ക്രച്ചുകളുടെ താളത്തിൽ പതിയെ നടക്കുന്ന
വിചിത്രജന്തു,
നമ്മൾ.
തൊട്ടുതൊട്ടൊരേ
ബെഞ്ചിലിരിക്കും കുഞ്ഞുങ്ങളെപ്പോലെ കാണാവുന്ന
നമ്മുടെ പാദമുദ്രകൾ
ആളുകളെ അമ്പരപ്പിക്കും.
സെൽഫിയെടുക്കാൻ ചേർന്നിരിക്കും
പാദങ്ങൾ!
കാലഭാവത്താൽ
കാറ്റിൽ പതുക്കെ പറക്കുന്ന കുപ്പായക്കാലിലെ
നിന്റെ ഇല്ലാത്ത കാൽപ്പാദങ്ങളിൽ ചുംബിക്കാനുള്ള തീവ്രാഭിലാഷം
എനിക്കുണ്ടായി.
നീയുമത് സങ്കൽപിച്ചുകാണുമോ?
യുദ്ധം പലപ്പോഴും
വിലക്ഷണ ലാവണ്യ ചിത്രമെഴുതുന്ന
ക്രൂരയായ കലാകാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.