ചോര മഴ പെയ്യുമ്പോൾ

നീ മഴയുടെ കീഴിൽ നടക്കുമ്പോൾ,

നിന്റെ ഷൂസഴിച്ചു

നഗ്നപാദങ്ങളാൽ നടക്കുക.

നിന്റെ പാദങ്ങൾ നിലത്തെ

വെള്ളത്തെ അനുഭവിക്കട്ടെ.

അവ അൽപം നനയട്ടെ.

നിന്റെ കാലുകൾ ചളിയിൽ മുങ്ങട്ടെ.

കാൽവിരലുകൾകൊണ്ട്

അതിന്റെ മൃദുലത അനുഭവിക്കട്ടെ.

എന്നാൽ നീയെന്ത്‌ ചെയ്താലും

മുകളിൽ ആകാശത്തേക്ക് നോക്കരുത്.

കറുത്ത നിറങ്ങളുള്ള,

ആ ചാരനിറത്തിലുള്ള

ആകാശത്തേക്ക് നോക്കരുത്.

മരണം നിന്റെ മുന്നിൽ തങ്ങിനിൽക്കുന്നത് നീ കാണും.

പുഞ്ചിരിക്കുന്ന ഭയാനകമായ ഒരു ചിരി.

നീ വായുവിൽ മാരകമായ പുക കാണും.

സഹതാപത്തോടെ നീ നോക്കിനിൽക്കുന്ന

കുട്ടികളുടെ ആത്മാക്കളെ നീ കാണും.

മഴ ചോര കലർന്ന് ചുവന്ന നിറമാകുന്നത് നീ കാണും.

ആകാശക്കാഴ്ച നീ ഇഷ്ടപ്പെടുകയില്ല,

അതുകൊണ്ട് അങ്ങോട്ട്‌ നോക്കരുത്.

നിലത്തേക്ക് നോക്കൂ വെള്ളക്കുഴിയിലേക്ക്,

നിന്റെ പ്രതിബിംബം അതിൽ കാണാം.

സൂക്ഷിച്ചുനോക്കൂ, നീയാരാണെന്ന് ഓർക്കൂ.

ഇത് നീയാണ്,

നീ വളർന്ന നാടാണ്.

ഏത് നിമിഷവും ഈ ചളിക്കുണ്ടിന്റെ അവശിഷ്ടങ്ങൾ അതിൽ വീഴും, അത്‌ നിന്നെ കൊല്ലും.

ഓടിപ്പോവുക,

മറ്റൊരു ചളിക്കുണ്ടിനരികെ നിൽക്കുക.

നിങ്ങളുടെ പ്രതിബിംബം വീണ്ടും കാണുക.

ഓർക്കുക നീയാരെന്ന്,

എന്നിട്ട് വീണ്ടുമോടുക.

മഴ നിൽക്കുകയും ചളി ഉണങ്ങുകയും ചെയ്യുമ്പോൾ

ആകാശത്തെ നോക്കുക.

നിനക്കെന്ത് സംഭവിച്ചെന്ന് നീ അറിയുന്നുണ്ടോ?

നിനക്ക് ചുറ്റും നടക്കുന്നതെന്തെന്ന്

നീ അറിയുന്നുണ്ടോ?

നിന്റെ ഐഡന്റിറ്റി ഇല്ലാതാക്കിയവരെ

നിന്റെ സുരക്ഷിതമായ അഭയം എടുത്ത് കളഞ്ഞവരെ

നീ മറന്നുപോയോ

അതോ നീ മരിച്ചുപോയോ?

നിന്റെ കുടുംബത്തെ കൊന്നവരെ,

നിന്റെ ആത്മാവിനെ തകർത്തവരെ

നീ മറന്നുപോയോ?

സമയം ആഗതമായിരിക്കുന്നു.

ആകാശം വീണ്ടും നീല നിറമാവാൻ,

മേഘങ്ങൾ വെള്ളനിറമാവാൻ,

മഴ തെളിഞ്ഞതായിരിക്കാൻ

നീ പോയി

പ്രതിരോധിക്കേണ്ടിയിരിക്കുന്നു.

നീ പ്രതിരോധിക്കൂ,

അപ്പോൾ സൂര്യനുദിക്കും

സസ്യങ്ങൾ വളരും

വെടിമരുന്നിന് പകരം

നീ ഓക്സിജൻ ശ്വസിക്കും.

ഒന്നുകിൽ നീ വിജയിയായി മടങ്ങും.

അല്ലെങ്കിൽ തിരിച്ചുവരില്ല.

മൊഴിമാറ്റം: പി.കെ. പാറക്കടവ് 

---------------

റീം സലീം (Reem Sleem)

ഗസ്സയിൽനിന്നുള്ള പുതിയ തലമുറയിലെ എഴുത്തുകാരി. ഈജിപ്തിലെ അൽഅഹ്സർ യൂനിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനി.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.