ഇരിപ്പ്

വരാന്തയിലൊരു

പഴേ കസേരയിൽ

അകലെ നോക്കിക്കൊ-

ണ്ടിരിക്കയാണയാൾ.

ഇതിലേ രാവിലെ

പണിക്കു പോകുമ്പോൾ

ദിനവും കാണും ഞാൻ,

അതേ ഇരിപ്പാണ്;

തിരിച്ച് വൈകീട്ട്

വരുമ്പൊഴും കാണാം

അതേയിടത്തിലായ്!

അരികത്തില്ലാരും.

അകത്തുള്ളാളുകൾ

അയാൾക്കു വേണ്ടുന്ന-

തെടുത്തുവെച്ചിട്ടു-

ണ്ടടുത്ത്, ഭദ്രമായ്

പുറത്തുള്ളാളുകൾ

ദിനവുമെങ്ങോട്ടോ

കിതച്ചുപായുന്നൂ

ധൃതിയിലാവഴി.

ഒരു പുരാണത്തിൻ

നിഗൂഢമന്ത്രം പോൽ

പിറുപിറുക്കുന്നു-

ണ്ടരയാൽ മുന്നിലായ്.

വെളുത്ത ഡ്രോൺ വന്നു

വെടിയുതിർക്കുന്നൂ,

ക്ഷണത്തിൽ മാനത്തു

പുക പടരുന്നു

പിടപിടച്ചൊരു

ശകാരപ്പക്ഷി,യാ

മരത്തിൽനിന്നെങ്ങോ

ചിറകടിക്കുന്നു.

കരിഞ്ഞ മാംസത്തി-

ന്നുറവിടം ശ്വസി-

ച്ചൊരു നായ് ഭ്രാന്തമായ്

പകയ്ക്കുന്നങ്ങിങ്ങായ്!

അതൊന്നുപോലുമേ

യറിയാതങ്ങനെ

അരക്ഷണംപോലും

അനങ്ങാതങ്ങനെ

ഇരിക്കയാണയാൾ

അകലെ നോക്കിക്കൊ-

ണ്ടതേയിരിപ്പുകൾ;

അതേയിരിപ്പിടം.

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.