പ്ലാവില കോട്ടിയ കുമ്പിൾ. അതിന്റെ ചുണ്ടിൽ അറ്റുവീഴാനിരുന്ന ജലത്തുള്ളി. തുള്ളി നിറയെ മേഘങ്ങളുടെ നീലപ്പകർപ്പ്... ഓരോന്നായി നാവുകൊണ്ട് അറുത്തെടുക്കുമ്പോഴാണ് ഇണ്ണ്യാച്ചിയമ്മ ഇറുകെ പുണർന്നത്. ട്രൗസറിന്റെ ജനാല തുറന്ന് ചുക്കുമണിയിൽ ഉമ്മവെച്ചാണ് ഇണ്ണ്യാച്ചിയമ്മ ആൺകുട്ടികളോട് ഇഷ്ടം കൂടുന്നത്. ഓലപ്പച്ച കടിച്ചുകീറി പമ്പരം പണിഞ്ഞ് കറങ്ങി കറങ്ങി വീഴുമ്പോൾ തൂങ്ങിയാടുന്ന ചുളിഞ്ഞ മുലകളിൽ പറ്റിച്ചേർന്ന് കാതോർത്ത് കിടക്കാം. കടലിരമ്പവും...
പ്ലാവില കോട്ടിയ കുമ്പിൾ.
അതിന്റെ ചുണ്ടിൽ
അറ്റുവീഴാനിരുന്ന ജലത്തുള്ളി.
തുള്ളി നിറയെ
മേഘങ്ങളുടെ നീലപ്പകർപ്പ്...
ഓരോന്നായി
നാവുകൊണ്ട്
അറുത്തെടുക്കുമ്പോഴാണ്
ഇണ്ണ്യാച്ചിയമ്മ
ഇറുകെ പുണർന്നത്.
ട്രൗസറിന്റെ ജനാല തുറന്ന്
ചുക്കുമണിയിൽ ഉമ്മവെച്ചാണ്
ഇണ്ണ്യാച്ചിയമ്മ
ആൺകുട്ടികളോട് ഇഷ്ടം കൂടുന്നത്.
ഓലപ്പച്ച കടിച്ചുകീറി
പമ്പരം പണിഞ്ഞ്
കറങ്ങി കറങ്ങി വീഴുമ്പോൾ
തൂങ്ങിയാടുന്ന
ചുളിഞ്ഞ മുലകളിൽ പറ്റിച്ചേർന്ന്
കാതോർത്ത് കിടക്കാം.
കടലിരമ്പവും കാറ്റിന്റെ ഗതിയും
പലതാളങ്ങളിൽ
ചിറകടിക്കുന്നത് കേൾക്കാം.
പലനിറങ്ങളിൽ വന്നുപോകും
മാലാഖമാർ,
കിരീടംവെച്ച രാജാവ്,
കുറുക്കനും സിംഹവും...
മണ്ണാങ്കട്ടയും കരിയിലയും....
കിണർ കോരിയെടുത്ത്
ഇണ്ണ്യാച്ചിയമ്മ
മൺകലങ്ങളിലൊഴിക്കുമ്പോൾ
വിശപ്പിന്റെ കപ്പലുകൾ
ഓടാൻ തുടങ്ങും.
പാത്രങ്ങളിൽ
പകർന്നതത്രയും
ഒരു വറ്റിനായി
കുടിച്ചുവറ്റിക്കും.
എങ്കിലും
കരഞ്ഞു കരഞ്ഞ്
ചിരിച്ചു ചിരിച്ച്
സ്നേഹിച്ചു സ്നേഹിച്ച്
കണ്ണുകളിൽ
ഇലകൾ പെരുകും
മഴയും വെയിലും
നെറുകയിൽ ചാലിച്ച്
തൊട്ടു നക്കിയ ചിരിയിൽ
എരു വലിച്ച്
പല്ലില്ലാ മോണയിൽ
വിരിഞ്ഞു നിൽക്കും
ഒരു മെമ്മറി കാർഡിലും
ഒതുങ്ങാതെ
ഇണ്ണ്യാച്ചിയമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.