അവളെന്റെ കണ്ണുകളെ ഭയന്നിരുന്നു.
ആഴ്ന്നുള്ള നോട്ടങ്ങളിലെല്ലാം ഭയത്തിന്റെ അഗാധ സാഗരങ്ങളവൾ കണ്ടു.
ഇഷ്ടംകൊണ്ടുള്ള നോട്ടങ്ങൾക്കു മുന്നിൽ
എന്തിന് നീ മാൻപേടയാകുന്നു?
ശൗര്യമോ, വെറുപ്പോ, ശത്രുതയോ
എനിയ്ക്കന്യമാം ശീലങ്ങൾക്കു മേൽ നീ
ഭയപ്പാടിന്റെ ചിലന്തിവല നെയ്യരുത്.
അപ്പോളവൾ മിഴി പാതിയടച്ചുറങ്ങും
പൂച്ചക്കുഞ്ഞായി മാറും.
അവൾക്കെന്റെ വാക്കുകളെ ഭയമായിരുന്നു.
അസ്ത്രം തൊടുത്തപോലത്
പലയിടങ്ങളിൽ തറച്ച് കേറുന്നുവെന്ന്.
ഒന്ന് തല്ലിയാൽപോലും വേദനയില്ലെന്നും
വാക്കിൻ അഗ്നി ചുട്ടുപൊള്ളിക്കുന്നതാണെന്നും
വിറയാർന്ന് മൊഴിയുന്നു.
ഞാൻ വാക്കിനെ പ്രണയിക്കുന്നോൻ.
എന്നിലേക്ക് വരുന്നോരോ വാക്കും
‘ശലമോന്റെ പ്രേമഗീതമായി’ നുകരുന്നു.
ഏവർക്കും എന്റെ മൗനത്തെ ഭയമായിരുന്നു.
നിതാന്തമായ ശാന്തതയ്ക്കൊടുവിലത്
ലാവപോലെ പൊട്ടിയൊഴുകുമെന്ന്...
ഞാനതീവ ശാന്തനാകുന്നത്
മൗനത്തിലഭയം തേടുമ്പോഴാണ്.
മൗനം എന്നെ പഠിപ്പിക്കുന്ന ആദ്യപാഠം.
ശാന്തത എന്നെ നയിക്കുന്ന ആദ്യമാർഗം.
എന്നെ തിരിച്ചറിയുന്ന ഞാൻ ഇടയ്ക്കിടെ എന്നെതന്നെ
ആദ്യാക്ഷരം ചൊല്ലി പഠിപ്പിക്കാറുണ്ട്.
അവളും, അവരും, ഏവരും ചേർന്ന് ഞാനാകുന്നു.
പാപത്തിന്റെ ശമ്പളം ഞാൻ സ്വയം ഏറ്റുവാങ്ങുന്നു.
പരിഭവങ്ങൾക്കും പരാതികൾക്കും ഇടയിൽ
ഞാനൊരു അഭയകേന്ദ്രം പണിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.