അക്ഷരങ്ങൾക്ക് വംശഹത്യയുടെ മുഖംമൂടി അഴിക്കാനാകും

ജോർഡനിയൻ നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ മുഫ്‌ലിഹ് അൽ അദ്‌വാൻ സംസാരിക്കുന്നു. തന്റെ എഴുത്തുരീതികളെയും സർഗാത്മക അന്വേഷണങ്ങളെയും എഴുത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെയും കുറിച്ച് അദ്ദേഹം തുറന്നുപറയുന്നു. സാഹിത്യത്തിനപ്പുറം ഫോട്ടോഗ്രഫിയോടുള്ള തന്റെ ആഴമേറിയ താൽപര്യവും അതിന് പിന്നിലെ കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു. ജോർഡനിയൻ സാഹിത്യത്തിലും നാടകവേദിയിലും തന്റേതായ ശക്തമായ ശബ്ദം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ. 1966ൽ ജോർഡനിലെ സർഖയിൽ ജനിച്ച അദ്ദേഹം അമ്മാൻ സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. എൻജിനീയറിങ്ങിന്റെ സൂക്ഷ്മതയും...

ജോർഡനിയൻ നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ മുഫ്‌ലിഹ് അൽ അദ്‌വാൻ സംസാരിക്കുന്നു. തന്റെ എഴുത്തുരീതികളെയും സർഗാത്മക അന്വേഷണങ്ങളെയും എഴുത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളെയും കുറിച്ച് അദ്ദേഹം തുറന്നുപറയുന്നു. സാഹിത്യത്തിനപ്പുറം ഫോട്ടോഗ്രഫിയോടുള്ള തന്റെ ആഴമേറിയ താൽപര്യവും അതിന് പിന്നിലെ കാഴ്ചപ്പാടുകളും പങ്കുവെക്കുന്നു.

ജോർഡനിയൻ സാഹിത്യത്തിലും നാടകവേദിയിലും തന്റേതായ ശക്തമായ ശബ്ദം അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ. 1966ൽ ജോർഡനിലെ സർഖയിൽ ജനിച്ച അദ്ദേഹം അമ്മാൻ സർവകലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. എൻജിനീയറിങ്ങിന്റെ സൂക്ഷ്മതയും സാഹിത്യത്തിന്റെ ഭാവനാലോകവും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ സർഗാത്മക യാത്ര കഥ, നോവൽ, നാടകം, തിരക്കഥ, മാധ്യമപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചു.

ജോർഡനിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള റോയൽ കൾചറൽ സെന്ററിന്റെ ഡയറക്ടറായും റോയൽ ഹാഷെമൈറ്റ് കോർട്ടിലെ കൾചറൽ അഫയേഴ്സ് മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ജോർഡനിയൻ നറേറ്റീവ് ലാബ്’ സ്ഥാപിക്കുകയും അതിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്യുന്ന അദ്ദേഹം, 1990 മുതൽ പ്രമുഖ ദിനപത്രമായ അൽ റഅയ്യിലും നിരന്തരം എഴുതിവരുന്നു.

1994ൽ പുറത്തിറങ്ങിയ ‘അൽ റഹ’ എന്ന കഥാസമാഹാരത്തിലൂടെയാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ സാഹിത്യരംഗത്ത് ശ്രദ്ധേയനാകുന്നത്. ഈ കൃതിക്ക് ഈജിപ്ഷ്യൻ സുപ്രീം കൗൺസിൽ ഓഫ് കൾചറിന്റെ പ്രശസ്തമായ ‘മഹ്മൂദ് തൈമൂർ അവാർഡ്’ ലഭിച്ചു. തുടർന്ന് അദ്ദവാജ്, മൗത്ത് അസ്റാഹീൽ, അൽ ഉത്ബാത്ത്, അൽ നിബാഹുൽ അഖീർ തുടങ്ങിയ കഥകളും നോവലുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ജോർഡനിലെ ഗ്രാമീണ ജീവിതത്തിന്റെയും ചരിത്രത്തിന്റെയും ഓർമകളെ വീണ്ടെടുക്കുന്ന ‘ബൗഹുൽ ഖുറ’ എന്ന ഗ്രാമീണ വിജ്ഞാനകോശം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ്.

സാഹിത്യത്തോടൊപ്പം നാടകവേദിയിലും അദ്ദേഹം സജീവമായ സാന്നിധ്യമാണ്. ‘ആദം വഹീദൻ’, ‘ദിലാലുൽ ഖുറ’, ‘മർസിയ്യത്തുൽ വതരിൽ ഖാമിസ്’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടകങ്ങൾ അന്താരാഷ്ട്ര വേദികളിൽ അരങ്ങേറുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. 2001ൽ സർഗാത്മക എഴുത്തിനുള്ള യുനെസ്കോ അവാർഡും 2015ൽ അന്താരാഷ്ട്ര മോണോഡ്രാമ അവാർഡും 2018ൽ ബ്രിട്ടനിലെ ‘അൽ താഇർ’ സാംസ്കാരിക വിനിമയ അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഫലസ്തീനിലെ അധിനിവേശവും അവിടത്തെ ജനങ്ങളുടെ അതിജീവന പോരാട്ടവും അടയാളപ്പെടുത്തുന്ന ‘സമാഉൽ ഫീനിക്സ്’ എന്ന യാത്രാവിവരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളിലൊന്നാണ്. പോളിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങി വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹി സർവകലാശാലയുൾപ്പെടെയുള്ള അന്താരാഷ്ട്ര അക്കാദമിക വേദികളിൽ അദ്ദേഹത്തിന്റെ സാഹിത്യത്തെക്കുറിച്ച് ഗവേഷണങ്ങളും നടന്നുവരുന്നു.

മണ്ണിൽ പടർന്നുകിടക്കുന്ന ചരിത്രത്തെയും അതിനുള്ളിൽ ജീവിക്കുന്ന മനുഷ്യരെയും അവരുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളെയും തന്റെ കഥകളിലും നോവലുകളിലും നാടകങ്ങളിലും നിരന്തരം പുനരാവിഷ്കരിക്കുന്ന എഴുത്തുകാരനാണ് മുഫ്‌ലിഹ് അൽ അദ്‌വാൻ. ചരിത്രവും ഓർമയും മനുഷ്യജീവിതവും ഇഴചേരുന്ന ആ എഴുത്തുലോകത്തിലൂടെ സഞ്ചരിച്ച് തന്റെ സാഹിത്യജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

താങ്കളുടെ ആദ്യകാല കഥാസമാഹാരങ്ങളായ ‘അൽ റഹ’, ‘അദ്ദവാജ്’ എന്നീ രചനകളിൽ ജോർഡനിലെ ഗ്രാമീണജീവിതത്തിന്റെ യാഥാർഥ്യങ്ങളും നാടോടിക്കഥകളോടുള്ള ആഭിമുഖ്യവുമാണ് കണ്ടത്. എന്നാൽ, 2025ൽ പുറത്തിറങ്ങിയ ‘അൽ നിബാഹുൽ അഖീർ’ എന്ന പുസ്തകം ദാർശനികമായ രചനയുമാണ്. കാലത്തിനനുസരിച്ച് നിങ്ങളുടെ എഴുത്തിലുണ്ടായ ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

ഏതൊരു എഴുത്തുകാരന്റെയും ആദ്യകാല രചനകളിൽ ഒരു തുടക്കക്കാരന്റെ അത്ഭുതവും അന്വേഷണത്വരയും പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള ആവേശവും സ്വാഭാവികമായും ഉണ്ടാകും. എന്റെ എഴുത്തുയാത്രയും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല. പുരാണങ്ങളിലും മതങ്ങളിലും ചരിത്രത്തിലും പാരമ്പര്യങ്ങളിലും ആഴ്ന്നിറങ്ങി ഞാൻ നടത്തിയ വായനകളുടെയും അന്വേഷണങ്ങളുടെയും അടയാളങ്ങൾ എന്റെ ആദ്യകാല കഥാസമാഹാരങ്ങളായ ‘അൽ റഹ’, ‘അദ്ദവാജിൽ’, ‘മൗത്ത് അസ്റാഹീലി’ എന്നിവയിൽ കാണാം. ആ രചനകൾക്ക് വായനക്കാരിൽനിന്നും നിരൂപകരിൽനിന്നും ലഭിച്ച സ്നേഹവും സ്വീകാര്യതയും എന്റെ എഴുത്തുയാത്രക്ക് വലിയ പ്രചോദനമായി. പിന്നീട് കഥ, നാടകം, യാത്രാവിവരണം തുടങ്ങി വിവിധ സാഹിത്യരൂപങ്ങളിലായി നിരവധി പുസ്തകങ്ങൾ എഴുതാൻ എനിക്ക് സാധിച്ചു.

വർഷങ്ങൾക്കിപ്പുറം, 2025ൽ പുറത്തിറങ്ങിയ ‘അൽ നിബാഹുൽ അഖീർ’ എന്ന പുസ്തകത്തിലെത്തുമ്പോഴേക്കും എന്റെ അനുഭവങ്ങളുടെ ലോകം ഏറെ മാറിയിരുന്നു. യാത്രകളും തൊഴിലും ജീവിതാനുഭവങ്ങളും മറ്റു സംസ്കാരങ്ങളുമായുള്ള നിരന്തര സമ്പർക്കവും എന്നെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അതിനനുസരിച്ച് എന്റെ എഴുത്തിലും ഒരു പക്വത രൂപപ്പെട്ടു.

മുമ്പത്തേക്കാൾ ആഴത്തിലുള്ള ഒരു ദാർശനിക കാഴ്ചപ്പാടിലൂടെ മനുഷ്യനെയും അവൻ ജീവിക്കുന്ന ഇടങ്ങളെയും നോക്കിക്കാണാനാണ് ഈ പുസ്തകത്തിൽ ഞാൻ ശ്രമിച്ചത്. വ്യത്യസ്തമായ സാഹിത്യരൂപങ്ങളെയും കാലക്രമങ്ങളെയും പരസ്പരം ഇഴചേർത്തുകൊണ്ട്, പ്രാദേശിക ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, മനുഷ്യന്റെ നിലനിൽപിനായുള്ള പോരാട്ടങ്ങളെയും അവന്റെ നിരന്തരമായ ആകുലതകളെയും ഒരു വലിയ ചോദ്യചിഹ്നമായി വായനക്കാരന്റെ മുന്നിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകം.

സാഹിത്യത്തിലേക്കുള്ള തുടക്കം എങ്ങനെയായിരുന്നു? എപ്പോഴാണ് നിങ്ങളിലെ എഴുത്തുകാരൻ ഉണരുന്നത്?

ചെറുപ്പത്തിൽ വീട്ടിൽ വലിയ പുസ്തകശേഖരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, സ്കൂൾ ലൈബ്രറിയിലെ വായനയാണ് എന്നെ വളർത്തിയത്. കിട്ടുന്ന പോക്കറ്റ് മണി കൊണ്ട് മാസികകളും പുസ്തകങ്ങളും വാങ്ങുമായിരുന്നു. പിതാവ് ഖുർആനും നാടോടിക്കഥകളും വായിച്ചുതരുമായിരുന്നു. മാതാവ് കഥകളുടെ ഒരു വലിയ നിധിയായിരുന്നു. മാതാവിന്‍റെ കഥപറച്ചിലും പിതാവിന്‍റെ വായനയുമാണ് എന്നിലെ ഭാവനയെ ഉണർത്തിയത്. സ്കൂളിൽ ഉപന്യാസങ്ങൾ എഴുതിക്കൊണ്ടാണ് തുടക്കം. പിന്നീട് സ്കൂൾ റേഡിയോയിലും പ്രാദേശിക പത്രങ്ങളിലും എഴുതിത്തുടങ്ങി. സർവകലാശാല പഠനകാലത്ത് കെമിക്കൽ എൻജിനീയറിങ് പഠിക്കുമ്പോഴും ഞാൻ വായനയും എഴുത്തും നിർത്തിയില്ല. പഠനശേഷം പ്രമുഖ പത്രങ്ങളിൽ കഥകൾ അച്ചടിച്ചുവന്നതോടെയാണ് എഴുത്ത് എന്റെ ജീവിതവഴിയായി മാറിയത്.

മരണവും മനുഷ്യന്റെ നിലനിൽപുമായി ബന്ധപ്പെട്ട ആശങ്കകളും താങ്കളുടെ എഴുത്തുകളിലെ പ്രധാന പ്രമേയങ്ങളാണ്. രാഷ്ട്രീയപരമായ ഏത് സാഹചര്യമാണ് നിങ്ങളുടെ കഥാപാത്രങ്ങളെ ഇത്തരം ഒരു നിസ്സഹായാവസ്ഥയിലേക്ക് തള്ളിവിടുന്നത്?

എന്റെ കഥാപാത്രങ്ങൾ നമ്മൾ ജീവിക്കുന്ന ഈ പരുക്കൻ യാഥാർഥ്യത്തിന്റെ ഏറ്റവും സത്യസന്ധമായ പ്രതിഫലനങ്ങളാണ്. അക്രമങ്ങളും യുദ്ധങ്ങളും തകർച്ചകളും ദിനംപ്രതി നടക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ശക്തിയുള്ളവൻ ഭരിക്കുകയും നീതി നിഷേധിക്കപ്പെടുകയും ചോരപ്പുഴകൾ ഒഴുകുകയും ചെയ്യുന്ന ഈ കാലത്ത്, എന്റെ കഥാപാത്രങ്ങൾ കേവലം നിസ്സഹായരായി കീഴടങ്ങുകയല്ല ചെയ്യുന്നത്. എന്റെ ചില കഥാപാത്രങ്ങൾ പുരാണങ്ങളിൽനിന്നോ ചരിത്രത്തിൽ നിന്നോ എടുത്തതാണെങ്കിൽ പോലും അവർ സംസാരിക്കുന്നത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയവും പ്രതീകങ്ങളുമാണ്. അവർ അടിച്ചമർത്തപ്പെട്ടവരാണെങ്കിലും നിസ്സഹായരല്ല, മറിച്ച് തങ്ങൾക്ക് മേൽ അടിച്ചേൽപിച്ച കൂട്ടിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുകയും അതിനായി സമരം ചെയ്യുകയും ചെയ്യുന്നവരാണ്. കാട്ടുനീതിയും അനീതിയും വാഴുന്ന ഈ ലോകത്ത് മനുഷ്യത്വത്തിന് വേണ്ടി ഉറക്കെ ശബ്ദമുയർത്താനും മുന്നറിയിപ്പുകൾ നൽകാനുമാണ് എന്റെ കഥാപാത്രങ്ങളിലൂടെ ഞാൻ ശ്രമിക്കുന്നത്.

കെമിക്കൽ എൻജിനീയറിങ് പഠിച്ചൊരാൾ എന്ന നിലയിലുള്ള ശാസ്ത്രീയമായ കൃത്യതയും സാഹിത്യകാരന്റെ ഭാവനയും തമ്മിൽ താങ്കളുടെ എഴുത്തിൽ എങ്ങനെയാണ് കൂട്ടിമുട്ടുന്നത്?

എൻജിനീയറിങ് എനിക്ക് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും കൃത്യതയോടെയും യാഥാർഥ്യബോധത്തോടെയും മനസ്സിലാക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ, എഴുതാൻ ഇരിക്കുമ്പോൾ ഞാൻ എൻജിനീയറുടെ വേഷം പൂർണമായും അഴിച്ചുവെച്ച് ഒരു സാഹിത്യകാരന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കിക്കാണും. കാരണം എൻജിനീയറേക്കാൾ ഒരു എഴുത്തുകാരന്റെ ഭാവനക്കും സ്വാതന്ത്ര്യത്തിനുമാണ് അവിടെ സ്ഥാനം നൽകേണ്ടത്. എങ്കിലും ശാസ്ത്രീയമായ ആ കൃത്യത എന്റെ കഥകളുടെ നിർമിതിയിലും ഭാഷാ തെരഞ്ഞെടുപ്പിലും പരോക്ഷമായി സ്വാധീനിക്കാറുണ്ട്. എനിക്ക് ഭാഷ വളരെ പവിത്രമാണ്. കവിതയുടേതുപോലുള്ള നല്ലൊരു താളം അതിനുണ്ട്. എങ്കിലും വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും നാടകീയമായ കഥാസന്ദർഭങ്ങൾ ഉണ്ടാക്കുന്നതിലും എൻജിനീയറുടെ സൂക്ഷ്മതയും എഴുത്തുകാരന്റെ വികാരങ്ങളും ഭാവനയും തമ്മിലുള്ള ഒരു കൃത്യമായ തുലനാവസ്ഥ ഞാൻ എപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്.

 

താങ്കളുടെ കഥകൾ പിന്നീട് മോണോഡ്രാമ രൂപത്തിലേക്ക് മാറ്റിയിട്ടുണ്ടല്ലോ. ഒരു കഥയെ നാടക വേദിയിലേക്ക് എത്തിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ഡിജിറ്റൽ ലോകത്തിന്‍റെ കടന്നുവരവ് നാടകങ്ങൾക്ക് വെല്ലുവിളിയാകുമോ?

ഒരു കഥ എഴുതിക്കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങൾ പലപ്പോഴും എന്റെ ഉള്ളിൽത്തന്നെ തങ്ങിനിൽക്കാറുണ്ട്. അവർക്ക് ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്നു തോന്നുന്ന നിമിഷങ്ങളിലാണ് ആ കഥയെ നാടകമാക്കി മാറ്റുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നത്. കഥയിൽ എഴുത്തുകാരനും വായനക്കാരനും പുസ്തകവുമാണ് പ്രധാനമായും നിലനിൽക്കുന്നത്. എന്നാൽ, നാടകത്തിലേക്ക് എത്തുമ്പോൾ അത് നേരിട്ടുള്ള ഒരു സംവാദമായി മാറുന്നു –കഥാപാത്രങ്ങളും നടനും വേദിയും പ്രേക്ഷകരും തമ്മിലുള്ള സജീവമായ സംവാദം. ഈ നേരിട്ടുള്ള ബന്ധമാണ് നാടകത്തെ എന്നെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരു സാഹിത്യാനുഭവമാക്കുന്നത്.

ആദ്യകാലത്ത് ഒന്നിലധികം കഥാപാത്രങ്ങളുള്ള നാടകങ്ങളാണ് ഞാൻ എഴുതിയിരുന്നത്. ‘മീഷ അൽ ഹുബ്ഷയ്ക്ക്’ എന്ന കഥയാണ് ‘ദിലാലുൽ ഖുറാ’ എന്ന പേരിൽ ഞാൻ നാടകമാക്കിയത്. പിന്നീട് ‘അൽ ഖറാബീഷ് അവ്വലൻ’ എന്ന കഥ ‘ഇശിയാത്തു ഹുല്മ്’ എന്ന നാടകമായി രൂപാന്തരപ്പെട്ടു. അതിനുശേഷമാണ് ഒരു കഥാപാത്രം മാത്രം സംസാരിക്കുന്ന ‘ആദം വഹീദൻ’, ‘മർസിയ്യത്തുൽ വതരിൽ ഖാമിസ്’ തുടങ്ങിയ ഏകാംഗ നാടകങ്ങളിലേക്ക് ഞാൻ കടന്നത്.

സാഹിത്യരൂപങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നത് എന്റെ എഴുത്തിന്റെ സ്വാഭാവികമായ ഭാഗമാണ്. ഒരു കഥയിലെ ആശയത്തെയും സംഘർഷത്തെയും നാടകീയമായ രൂപത്തിലേക്ക് മാറ്റുമ്പോൾ, അത് വായനക്കാരിലേക്ക് എത്തുന്നതിനെക്കാൾ വേഗത്തിലും നേരിട്ടും നാടകപ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. വേദിയിലെ ജീവനുള്ള മനുഷ്യസാന്നിധ്യം ആശയത്തിന് മറ്റൊരു തീവ്രത നൽകുന്നു.

നാടകങ്ങൾ എഴുതുമ്പോൾ സെൻസർഷിപ്പിനെയോ വിമർശകരെയോ ഡിജിറ്റൽ മാധ്യമങ്ങളുടെ വേഗതയെയോ ഞാൻ ഭയപ്പെടാറില്ല. നാടകം എല്ലാ കാലങ്ങളെയും അതിജീവിച്ച ഒന്നാംകിട കലയാണ്. റേഡിയോയും സിനിമയും ടെലിവിഷനും പിന്നീട് പുതിയ സാങ്കേതികവിദ്യകളും കടന്നുവന്നപ്പോഴും നാടകത്തിന് അതിന്റെ ശക്തി നഷ്ടപ്പെട്ടിട്ടില്ല. മറിച്ച്, ഓരോ കാലത്തെയും വെല്ലുവിളികളെ അതിജീവിച്ച് അത് കൂടുതൽ കരുത്തോടെ നിലകൊണ്ടു.

പുതിയ സാങ്കേതികവിദ്യകൾ നാടകത്തെ ഇല്ലാതാക്കുകയല്ല ചെയ്യുന്നത്; മറിച്ച് അതിന് പുതിയ സാധ്യതകളും പുതിയ സൗന്ദര്യവും തുറന്നുകൊടുക്കുകയാണ്. വേദിയിൽ നേരിട്ടു സംഭവിക്കുന്ന ഒരു ജീവസ്സുള്ള അനുഭവത്തെയും പ്രേക്ഷകനും കലാകാരനും തമ്മിൽ രൂപപ്പെടുന്ന വൈകാരിക ബന്ധത്തെയും പൂർണമായി പകരംവെക്കാൻ ഒരു ഡിജിറ്റൽ സ്ക്രീനിനും കഴിയില്ല.

ചിന്തിക്കുകയും ചോദ്യംചെയ്യുകയും മാറ്റങ്ങളെ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വലിയ പ്രേക്ഷകസമൂഹം ഇന്നും നാടകത്തിനുണ്ട്. അതുകൊണ്ടുതന്നെ ഡിജിറ്റൽ യുഗം നാടകത്തിന്റെ അവസാനമല്ല. പുതിയ ആശയങ്ങളും സാങ്കേതിക സാധ്യതകളും അതിലേക്ക് ചേർത്തുകൊണ്ട് നാടകത്തെ കൂടുതൽ സമകാലികവും ദൃശ്യസമ്പന്നവും അനുഭവതീവ്രവുമായ ഒരു കലയാക്കി മാറ്റാനുള്ള പുതിയ വാതിലുകളാണ് ഈ കാലം തുറന്നിടുന്നത്.

അറബ് ലോകത്തെയും പ്രത്യേകിച്ച് ജോർഡനിലെയും നാടകരംഗത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

അറബ് ലോകത്ത് നാടകം വെറുമൊരു വിനോദമല്ല. മറിച്ച് സ്വാതന്ത്ര്യം, നീതി, വ്യക്തിത്വം തുടങ്ങിയ സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്യാനുള്ള വേദിയാണ്. ‘യാക്കൂബ് സന്നൂ’, ‘അഹമ്മദ് ഷൗഖി’, ‘തൗഫീഖ് അൽ ഹകീം’, ‘സഅദുള്ള വനൂസ്’, ‘യൂസഫ് ഇദ്രീസ്’ തുടങ്ങിയ പ്രതിഭകളും ‘ദുറൈദ് ലഹാം’ പോലുള്ള ജനപ്രിയ കലാകാരന്മാരും അറബ് നാടകവേദിയെ സമ്പന്നമാക്കിയിട്ടുണ്ട്. ജോർഡനിലും ഇന്ന് നാടകരംഗം വളരെ പുരോഗമനപരമായ പാതയിലാണ്. നാടകകൃത്തുക്കളും സംവിധായകരും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നാടകം സാംസ്കാരിക ഓർമകളെ കാത്തുസൂക്ഷിക്കുന്ന ഒരു വലിയ മാധ്യമമായി ഇവിടെ നിലനിൽക്കുന്നു.

 

ജോർഡൻ രാജാവ് അബ്ദുള്ള രണ്ടാമനോടൊപ്പം മുഫ്‌ലിഹ് അൽ അദ്‌വാൻ

നിങ്ങളുടെ കൃതികൾ പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, ഡൽഹി സർവകലാശാലയിലടക്കം ഗവേഷണ വിഷയമാവുകയും ചെയ്തിട്ടുണ്ടല്ലോ. ഒരു പ്രാദേശിക പശ്ചാത്തലത്തിൽ എഴുതപ്പെട്ട കൃതി മറ്റ് സംസ്കാരങ്ങളിലേക്ക് വിവർത്തനം ചെയ്യപ്പെടുമ്പോൾ അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ നിലനിൽക്കുമോ? എന്താണ് അഭിപ്രായം?

വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് വിവർത്തനം വളരെ അത്യാവശ്യമാണ്. വിവർത്തകന്റെ കഴിവിനെയും സാഹിത്യബോധത്തെയും ഭാഷാപരിജ്ഞാനത്തെയും ആശ്രയിച്ചായിരിക്കും ഒരു മൂലകൃതിയുടെ ആത്മാവ് എത്രത്തോളം നിലനിൽക്കുമെന്ന് തീരുമാനിക്കപ്പെടുന്നത്. ഒരു നല്ല വിവർത്തകനിൽ ഒരു എഴുത്തുകാരൻകൂടി ഉണ്ടായിരിക്കും.നമ്മൾ പുഷ്കിനെയും ടോൾസ്റ്റോയിയെയും ദസ്തയേവ്സ്കിയെയും റഷ്യനിൽ നിന്നും, ഷേക്സ്പിയറെ ഇംഗ്ലീഷിൽ നിന്നും, ടാഗോറിനെ ഹിന്ദിയിൽ നിന്നും വിവർത്തനങ്ങളിലൂടെ വായിച്ച് ആസ്വദിച്ചവരാണ്. വിവർത്തനം ചെയ്യുമ്പോൾ അൽപം മാറ്റ് കുറഞ്ഞേക്കാമെങ്കിലും, കഥ പറയുന്ന സാർവലൗകികമായ വികാരങ്ങളും ആശയങ്ങളും വിവർത്തനത്തിലൂടെയും പുതിയ വായനക്കാരനിലേക്ക് കൃത്യമായി എത്തും.

പാശ്ചാത്യ വായനക്കാർ അറബ് സാഹിത്യത്തെ എപ്പോഴും യുദ്ധങ്ങളുടെയും അഭയാർഥി ജീവിതങ്ങളുടെയും കണ്ണാടിയിലൂടെ മാത്രമാണ് കാണാൻ ശ്രമിക്കുന്നത് എന്നൊരു വിമർശനമുണ്ടല്ലോ. ഇതിനെ എങ്ങനെ മറികടക്കാം?

പാശ്ചാത്യലോകം എപ്പോഴും അറബ് സാഹിത്യത്തെ ഒരു പ്രത്യേക കണ്ണടയിലൂടെയാണ് കണ്ടിട്ടുള്ളത്. പണ്ട് അത് ‘ആയിരത്തൊന്ന് രാവുകളി’ലെ ലൈംഗികതയോ വിചിത്ര അനുഭവങ്ങളോ അന്തപ്പുര കാഴ്ചകളോ മാത്രമായിരുന്നുവെങ്കിൽ, ഇന്ന് അത് യുദ്ധവും അഭയാർഥികളും ഭീകരവാദവുമാണ്. പാശ്ചാത്യ അധിനിവേശം തന്നെ ഉണ്ടാക്കിയ പ്രശ്നങ്ങളെയാണ് അവർ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നത്. അറബ് ലോകത്തെ പ്രണയവും സാമൂഹിക ജീവിതവും ചരിത്രവുമെല്ലാം അവർ ബോധപൂർവം അവഗണിക്കുന്നു. തങ്ങളാണ് ലോകത്തിന്റെ യജമാനന്മാർ എന്ന അഹങ്കാരമാണ് ഇതിന് കാരണം. ജനാധിപത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും സംസാരിക്കുന്ന പാശ്ചാത്യരുടെ ഇരട്ടത്താപ്പാണിത്. എന്നാൽ ഈ മുൻവിധികളെ മറികടന്ന് ഞങ്ങളുടെ യഥാർഥ ജീവിതവും തനത് സംസ്കാരവും ലോകത്തിന് മുന്നിൽ എത്തിക്കാൻ ഞങ്ങൾ എഴുതിക്കൊണ്ടേയിരിക്കും.

ജോർഡനിലെ ഗ്രാമങ്ങളുടെ ചരിത്രവും ഓർമകളും തേടിയുള്ള ‘ബൗഹുൽ ഖുറാ’, ‘അമ്മാനുൽ ഖുറാ’ എന്നീ രചനകൾ ഗ്രാമീണ സംസ്കാരത്തെ സംരക്ഷിക്കാനുള്ള ഒരു പ്രതിരോധമാണോ?

തീർച്ചയായും. ആഗോളവത്കരണവും നഗരവത്കരണവും നമ്മുടെ ഗ്രാമങ്ങളുടെ നന്മയെയും തനിമയെയും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എനിക്ക് ഗ്രാമങ്ങളെന്നാൽ വിശുദ്ധിയും പരിശുദ്ധിയുമാണ്. ജോർഡനിലെ 350ഓളം ഗ്രാമങ്ങൾ ഞാൻ നേരിട്ട് സന്ദർശിച്ചു. അവിടത്തെ മനുഷ്യരുടെ വാമൊഴി കഥകളും ചരിത്രവും മാറ്റങ്ങളും ചിത്രങ്ങളും ശേഖരിച്ചു. അതിനുശേഷം തലസ്ഥാനമായ അമ്മാനിലെ ഗ്രാമങ്ങളുടെ ഓർമകളും എഴുതാൻ ശ്രമിച്ചു. നഗരവത്കരണം മൂലം നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്കാരത്തെയും ചരിത്രത്തെയും അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വരുംതലമുറക്കായി സംരക്ഷിക്കാനുള്ള എന്റെ ശ്രമമാണിത്.

 

ജമാൽ അബു ഹംദാൻ സ്മാരക നാടകരചന പുരസ്‌കാരം ജോർഡൻ സാംസ്കാരിക മന്ത്രി മുസ്തഫ അൽ റവാഷ്ദയിൽ നിന്നും മുഫ്‌ലിഹ് അൽ അദ്‌വാൻ ഏറ്റുവാങ്ങുന്നു

എഴുത്തിനൊപ്പം ഫോട്ടോഗ്രഫിയിലും നിങ്ങൾ സജീവമാണല്ലോ. ചിത്രങ്ങൾ നൽകുന്ന അനുഭവവും വാക്കുകൾ നൽകുന്ന അനുഭവവും തമ്മിൽ എങ്ങനെയാണ് വേർതിരിക്കുന്നത്?

ഞാനൊരു യാത്രികനാണ്, പുതിയ ഇടങ്ങളെയും മനുഷ്യരെയും സ്നേഹിക്കുന്നയാളാണ്. കാഴ്ചകളെ കണ്ണുകൊണ്ടുമാത്രമല്ല, ഹൃദയംകൊണ്ടുകൂടിയാണ് ഞാൻ നോക്കാറുള്ളത്. ചില ചിത്രങ്ങൾ എടുക്കുമ്പോൾ അതിനുള്ളിൽ നിന്ന് വലിയ കഥകളോ കവിതകളോ ഉണരും. അതിനെ ഞാൻ ‘ചിത്രത്തിലെ കൊത്തുപണികൾ’ എന്ന് വിളിക്കാറുണ്ട്. എന്റെ ഫോട്ടോകൾ വെറും നിശ്ചലദൃശ്യങ്ങളല്ല. അവ സംസാരിക്കുന്ന, ജീവനുള്ള വസ്തുക്കളാണ്. വാക്കുകൾക്ക് പറയാൻ കഴിയാത്തത് ചിത്രങ്ങളും, ചിത്രങ്ങൾക്ക് കാട്ടാനാവാത്തത് വാക്കുകളും വായനക്കാരനിലേക്ക് എത്തിക്കുന്നു.

1990 മുതൽ നിങ്ങൾ ‘അൽ റഅയ്’ പത്രത്തിൽ എഴുതുന്നുണ്ട്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഈ ഡിജിറ്റൽ യുഗത്തിൽ മാധ്യമപ്രവർത്തനത്തിനും വായനക്കും വന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു?

സാങ്കേതികവിദ്യ മാറിയപ്പോൾ പത്രങ്ങളും ഡിജിറ്റൽ രൂപത്തിലേക്ക് മാറി. പത്രങ്ങൾ സ്വന്തമായി വെബ്സൈറ്റുകളും ഓൺലൈൻ പതിപ്പുകളും തുടങ്ങി. ഇന്ന് ആളുകൾക്ക് വേഗത്തിൽ വായിച്ചുതീർക്കാവുന്ന വർത്തമാനങ്ങളോടും ചെറിയ കഥകളോടുമാണ് താൽപര്യം. ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയങ്ങൾ പറയുന്ന കഥകൾക്ക് ഈ ഡിജിറ്റൽ കാലത്ത് വലിയ സ്വീകാര്യതയുണ്ട്. മാധ്യമങ്ങളുടെ രൂപം മാറിയെങ്കിലും, നല്ല കഥകളെയും ലേഖനങ്ങളെയും തേടിയെത്തുന്ന വായനക്കാർ ഇന്നും അച്ചടിമാധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ഒരുപോലെ നിലനിൽക്കുന്നുണ്ട്. ലോകത്ത് ദുരിതങ്ങളും യുദ്ധങ്ങളും അനീതികളും വർധിച്ചുവരുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. മുതലാളിത്തവും വംശീയതയും കൂടുതൽ ശക്തിയാകുമ്പോൾ സത്യം തുറന്നുപറയുന്ന മാധ്യമപ്രവർത്തനത്തിന്റെ ആവശ്യകത പണ്ടത്തേക്കാൾ കൂടുതലാണ്.ഡിജിറ്റൽ മാധ്യമങ്ങളെ പോസിറ്റിവായി ഉപയോഗിച്ച് അധികാര വർഗത്തിന്റെ അഴിമതികളെയും ഏകാധിപത്യത്തെയും തുറന്നുകാട്ടാൻ സാധിക്കും. ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കും സത്യം ലോകത്തിന് മുന്നിൽ അറിയിക്കാൻ വലിയ ശക്തിയുണ്ട്.

ഫലസ്തീൻ യാത്രയെക്കുറിച്ചുള്ള ‘സമാഉൽ ഫീനിക്സ്’ എന്ന പുസ്തകം കേവലമൊരു യാത്രാവിവരണത്തിനപ്പുറം അധിനിവേശത്തെ വിമർശിക്കുന്ന ഒന്നാണല്ലോ?

ലോകാരംഭം മുതൽ നീതിയും അനീതിയും തമ്മിലുള്ള പോരാട്ടം മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ ഫലസ്തീനിൽ ഇന്ന് നടക്കുന്നത് എല്ലാ അതിരുകളും ലംഘിച്ച വംശഹത്യയാണ്. അവിടെ നിഷ്പക്ഷനായി നിൽക്കുക എന്നത്, ഒരർഥത്തിൽ, അനീതിക്ക് കൂട്ടുനിൽക്കുക തന്നെയാണ്. അടിച്ചമർത്തപ്പെടുന്ന ജനതക്കുവേണ്ടി ശബ്ദമുയർത്തേണ്ടത് ഓരോ എഴുത്തുകാരന്റെയും ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

വാക്ക് വലിയൊരു ആയുധമാണ്. സത്യം ലോകത്തോട് ഉറക്കെ പറയാനും മനുഷ്യത്വത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കാനും എഴുത്തിന് കഴിയും. അധികാരവും അതിക്രമവും തീർക്കുന്ന നിശ്ശബ്ദതകളെ ഭേദിക്കാനും വംശഹത്യ നടത്തുന്നവരുടെ മുഖംമൂടി അഴിച്ചുകാട്ടാനും അക്ഷരങ്ങൾക്ക് ശക്തിയുണ്ട്. അതുകൊണ്ടുതന്നെ ഫലസ്തീൻ പ്രശ്നം ഒരു രാഷ്ട്രീയ വിഷയമെന്നതിലുപരി, എഴുത്തുകാരന്റെ മാനവിക നിലപാടിനെ നിർണയിക്കുന്ന ഒരു വലിയ ചോദ്യമായാണ് ഞാൻ കാണുന്നത്.

ഒരുപാട് തടസ്സങ്ങൾ മറികടന്നാണ് ഞാൻ ഫലസ്തീനിലേക്ക് പോയത്. അഞ്ചു ദിവസം മാത്രം നീണ്ടുനിന്ന ഒരു ചെറിയ യാത്രയായിരുന്നു അത്. എന്നാൽ, ആ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞാൻ കണ്ടത് ഇസ്രായേൽ അധിനിവേശത്തിന്റെ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയുടെ അളവറ്റ വേദനകളായിരുന്നു.

നാബ്ലുസ്, റാമല്ല, അരീഹ, ഹെബ്രോൺ, ബെത്ലഹേം തുടങ്ങിയ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അധിനിവേശത്തിന്റെ നിരവധി മുഖങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞു. അതിർത്തി മതിലുകളും ചെക്ക്‌പോയന്റുകളിലെ നിയന്ത്രണങ്ങളും ക്രൂരതകളും ഭൂമി പിടിച്ചെടുക്കലും –ഒരു ജനതയുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം അസ്വസ്ഥവും അനിശ്ചിതവുമാക്കി മാറ്റിയിരിക്കുന്നുവെന്ന് അവിടെനിന്നാണ് ഞാൻ നേരിട്ട് മനസ്സിലാക്കിയത്.

 

മുഫ്‌ലിഹ് അൽ അദ്‌വാൻ

എന്നാൽ, അതിനേക്കാൾ എന്നെ അത്ഭുതപ്പെടുത്തിയത് ഫലസ്തീൻ ജനതയുടെ അതിജീവനശേഷിയും പോരാട്ടവീര്യവുമായിരുന്നു. ദുരിതങ്ങൾക്കിടയിലും സ്വന്തം മണ്ണിനോടും ചരിത്രത്തോടും ജീവിതത്തോടുമുള്ള അവരുടെ ബന്ധം അതിശക്തമായി നിലനിൽക്കുന്നു. അധിനിവേശം അവരുടെ ജീവിതത്തെ മുറിവേൽപിച്ചിട്ടുണ്ടെങ്കിലും, അവരുടെ പ്രതീക്ഷയെയും പ്രതിരോധത്തെയും പൂർണമായി തകർക്കാൻ അതിന് കഴിഞ്ഞിട്ടില്ല.

ഫലസ്തീനിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ ഞാൻ പിന്നീട് പത്രങ്ങളിൽ തുടർച്ചയായി എഴുതി. ആ കുറിപ്പുകൾ പിന്നീട് ‘സമാഉൽ ഫീനിക്സ്: എന്റെ ഫലസ്തീൻ യാത്ര’ എന്ന പുസ്തകമായി രൂപപ്പെട്ടു. എന്നാൽ, അതൊരു സാധാരണ യാത്രാവിവരണമല്ല. ഒരു ജനതയുടെ വേദന രേഖപ്പെടുത്തുന്നതിനൊപ്പം, അധിനിവേശത്തിന്റെ യാഥാർഥ്യങ്ങളെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയും അതിനെതിരെ പ്രതിരോധത്തിന്റെ ശബ്ദം ഉയർത്തുകയുമാണ് ഈ കൃതിയുടെ ലക്ഷ്യം.

Tags:    
News Summary - Jordanian Writer On Literature Resistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.